കോംകാസയില്‍ ഒന്നിച്ച് ഇന്ത്യയും യുഎസും; പ്രതിരോധ സഹകരണം ശക്തമാകും

കോംകാസയില്‍ ഒന്നിച്ച് ഇന്ത്യയും യുഎസും; പ്രതിരോധ സഹകരണം ശക്തമാകും

അമേരിക്കയുടെ പക്കലുള്ള നിര്‍ണായക സാങ്കേതിക വിദ്യകളും ആയുധങ്ങളും ഇന്ത്യക്ക് കൈമാറുന്നതിന് വഴിയൊരുങ്ങി; ഭീകരവാദത്തിനെതിരെ യോജിച്ച് നീങ്ങാനും 2019 ല്‍ സംയുക്ത സൈനികാഭ്യാസം നടത്താനും ധാരണ

ന്യൂഡെല്‍ഹി: ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണം എക്കാലത്തെയും ശക്തമായ നിലയിലേക്കെത്തിച്ച് കോംകാസ കരാറില്‍ (കമ്യൂണിക്കേഷന്‍, കോപാക്റ്റബിലിറ്റി, സെക്യൂരിറ്റി എഗ്രിമെന്റ്) ഇരു രാജ്യങ്ങളും ഒപ്പിച്ചു. ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്തോ-യുഎസ് ടു പ്ലസ് ടു ഉച്ചകോടിയിലാണ് അന്താരാഷ്ട്ര ആഭ്യന്തര രംഗത്ത് നിര്‍ണായക മാറ്റങ്ങളുണ്ടാക്കാവുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഉച്ചകോടിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തു. അമേരിക്കയെ പ്രതിനിധീകരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരാണ് പങ്കെടുത്തത്. ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

അമേരിക്കയുടെ പക്കലുള്ള നിര്‍ണായക സാങ്കേതിക വിദ്യകളും ആയുധങ്ങളും ഇന്ത്യക്ക് കൈമാറുന്നതിന് വഴിയൊരുക്കുന്നതാണ് കോംകാസ കരാര്‍. 2016 ല്‍ ഇന്ത്യക്ക് പ്രധാന പ്രതിരോധ പങ്കാളിയെന്ന പദവി നല്‍കിയതിന് ശേഷം അമേരിക്ക ഏര്‍പ്പെടുന്ന ഏറ്റവും സുപ്രധാനമായ കരാറാണിത്. ഉന്നത സൈനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനുള്ള തടസങ്ങള്‍ നീക്കുന്ന മൂന്ന് അടിസ്ഥാന കരാറുകളില്‍ രണ്ടാമത്തേതാണ് കോംകാസ. ആദ്യത്തെ കരാറായ ലെമോവയില്‍ (ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ്) 2016 ല്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടിരുന്നു. അന്തിമ കരാറായ ബേക്കയുടെ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപ്പറേഷന്‍ എഗ്രിമെന്റ് ഫോര്‍ ജിയോ-സ്‌പേഷ്യല്‍ കോഓപ്പറേഷന്‍) ചര്‍ച്ചകള്‍ ഇനി ആരംഭിക്കേണ്ടതുണ്ട്.

അമേരിക്കയില്‍ നിന്ന് വാങ്ങിയ മുന്തിയ സൈനിക സാമഗ്രികളുടെ അതിസുരക്ഷാ ആശയവിനിമയ ഉപകരണങ്ങളിലേക്കുള്ള താക്കോലാണ് കോംകാസ കരാറിലൂടെ കൈവരിക. ഹെര്‍ക്കുലീസ് സി-130 ജെ വിമാനം, സി-17 ഗ്ലോബമമാസ്റ്റര്‍ വിമാനം, പി-8ഐ യുദ്ധവിമാനം, അപാചെ, ചിനൂക്ക് ഹെലികോപ്റ്ററുകള്‍ എന്നിവയുടെ അതിസുരക്ഷാ സാങ്കേതിക വിദ്യകളാണ് ഇന്ത്യക്ക് ലഭിക്കുക. ആശയ വിനിമയത്തിനായുള്ള അതിസുരക്ഷാ സംവിധാനങ്ങളുടെ നിയമ തടസമാണ് കോംകാസ കരാര്‍ നീക്കുക. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാവുമെന്നാണ് ഇതിന്റെ മേന്‍മ. ‘അമേരിക്കയില്‍ നിന്ന് നൂതനമായ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കാന്‍ കരാര്‍ ഒപ്പിട്ടതിലൂടെ ഇന്ത്യക്ക് സാധ്യമാകും,’ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.

പത്ത് വര്‍ഷമായി നിര്‍ജീവമായിരുന്ന കോംകാസ കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ ആശയവിനിമയത്തിലാണ് ജീവന്‍ വെച്ചത്. യുഎസില്‍ നിന്ന് ലഭിക്കുന്ന സാങ്കേതിക വിദ്യകള്‍ ഇന്ത്യ കൈമാറ്റം ചെയ്‌തേക്കുമോയെന്ന ആശങ്കയാണ് കരാറിന് വിഘാതമായി നിന്നിരുന്നത്. ഇത്തരത്തില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാവില്ലെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ അമേരിക്ക തയാറായത്. അതേ സമയം റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണത്തെ കോംകാസ കരാര്‍ ദോഷകരമായി ബാധിച്ചേക്കുമെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ ട്രയംഫ് എസ്-400 സംവിധാനം വാങ്ങാനുള്ള കരാറിനടക്കം അംഗീകാരം ലഭിക്കാന്‍ കരാര്‍ സഹായിക്കുമെന്ന് മറ്റൊരു വിഭാഗം പ്രതിരോധ വിഗഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭീകരവാദത്തിനെതിരെ യോജിച്ച് നീങ്ങാനും 2019 ല്‍ സംയുക്ത സൈനികാഭ്യാസം നടത്താനും ഇന്ത്യയും യുഎസും ടു പ്ലസ് ടു ചര്‍ച്ചയില്‍ ധാരണയിലെത്തി. ഭീകരവാദത്തിന് സംരക്ഷണം ഒരുക്കുന്ന പാകിസ്ഥാനെ പേരെടുത്ത് കുറ്റപ്പെടുത്താനും നേതാക്കള്‍ മറന്നില്ല. വ്യാപാര, നയതന്ത്ര മേഖലകളിലും സഹകരണം ഊഷ്മളമാക്കും.

Comments

comments

Categories: Current Affairs
Tags: India- Us