ഫേസ്ബുക്ക് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ഫേസ്ബുക്ക് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

സ്ഥാപനത്തിന്റെ ഏഷ്യയിലെ ആദ്യ ഡാറ്റാ സെന്ററാണിത്

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന ഡാറ്റാ സെന്ററിനായി ഫേസ്ബുക്ക് ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. 2022 ല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ദിഷ്ട സെന്റര്‍ ഏഷ്യയിലെ തന്നെ ഫേസ്ബുക്കിന്റെ ആദ്യത്തെ ഡാറ്റാ സെന്ററാണെന്ന് ഫേസ്ബുക്ക് ഇന്‍ഫ്രാസ്‌ടെക്ചര്‍ ഡാറ്റാ സെന്റര്‍ വിഭാഗം വൈസ് പ്രസിഡന്റ് തോമസ് ഫര്‍ലോംഗ് അറിയിച്ചു.

സിംഗപ്പൂരിന്റെ പശ്ചിമഭാഗത്ത് സിംഗപ്പൂരിലെ ഗൂഗിളിന്റെ ഡാറ്റാ സെന്ററിനടുത്താണ് ഫേസ്ബുക്ക് ഡാറ്റാ സെന്ററും വിഭാവനം ചെയ്തിരിക്കുന്നത്. 170,000 സ്‌ക്വയര്‍ ഫീറ്റില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സെന്റര്‍ നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പൂര്‍ണമായും പുനരുപയോഗ ഊര്‍ജത്തിലാകും സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ജല ഉപയോഗവും ഊര്‍ജ ഉപയോഗവും കുറക്കാന്‍ കഴിയുന്ന സ്‌റ്റേറ്റ്‌പോയ്ന്റ് ലിക്വിഡ് കൂളിംഗ് സംവിധാനം പ്രയോജനപ്പെടുത്തുന്ന സ്ഥാപനത്തിന്റെ ആദ്യ യൂണിറ്റും ഇതാകും. സിംഗപ്പൂരിലെ കാലാവസ്ഥക്കനുസരിച്ച് 20 ശതമാനം വരെ ജല ഉപയോഗം കുറയ്ക്കാനാകുമെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്.

രാജ്യത്തെ മികച്ച അടിസ്ഥാനസൗകര്യങ്ങളും കഴിവുറ്റ ജീവനക്കാരുടെ ലഭ്യതയും മികച്ച ബിസിനസ് പങ്കാൡകളുടെ സാന്നിധ്യവുമാണ് ഡാറ്റാ സെന്ററിനായി സിംഗപ്പൂരിനെ തെരഞ്ഞെടുക്കാന്‍ ഫേസ്ബുക്കിന് പ്രേരണയായതെന്ന് തോമസ് ഫര്‍ലോംഗ് പറഞ്ഞു. യുഎസ്, അയര്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ ഫേസ്ബുക്കിന് ഡാറ്റാ സെന്ററുകളുണ്ട്. കൂടാതെ ഡെന്‍മാര്‍ക്കില്‍ സമാനമായ സെന്ററിന്റെ നിര്‍മാണം പുരോഗമിക്കുന്നുമുണ്ട്.

Comments

comments

Categories: Tech
Tags: Facebook