അരാംകോ ഐപിഒ തീര്‍ച്ചയായും നടക്കുമെന്ന് സൗദി സ്റ്റോക്ക് മാര്‍ക്കറ്റ് മേധാവി

അരാംകോ ഐപിഒ തീര്‍ച്ചയായും നടക്കുമെന്ന് സൗദി സ്റ്റോക്ക് മാര്‍ക്കറ്റ് മേധാവി

അധികം വൈകാതെ തന്നെ അരാംകോ തങ്ങളുടെ ഓഹരിവില്‍പ്പന നടത്തുമെന്ന കാര്യത്തില്‍ തനിക്ക് ഒരു സംശയവുമില്ലെന്ന് സൗദി സ്റ്റോക്ക് മാര്‍ക്കറ്റ് സിഇഒ ഖാലിദ് അബ്ദുള്ള അല്‍ ഹസ്സന്‍

റിയാദ്: സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) നടക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരുവിധ സംശയവുമില്ലെന്ന് സൗദി ഓഹരി വിപണിയുടെ മേധാവി ഖാലിദ് അബ്ദുള്ള അല്‍ ഹസ്സന്‍.

സൗദി അരാംകോയുടെ ഐപിഒ ഉണ്ടായേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സൗദി സ്റ്റോക്ക് മാര്‍ക്കറ്റ് സിഇഒയുടെ പ്രസ്താവന.

സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി 2016ലാണ് അരാംകോയുടെ ഐപിഒ പ്രഖ്യാപിച്ചത്. എന്നാല്‍ ഐപിഒയുടെ തിയതി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് അരാംകോയുടെ ഐപിഒ നടക്കുമോയെന്ന ആശങ്കകള്‍ വരെ പലരും പങ്കുവെച്ചു.

പെട്രോകെമിക്കല്‍ കമ്പനിയായ സബിക്കിനെ ഏറ്റെടുക്കാന്‍ സൗദി അരാംകോ തീരുമാനിച്ചതോടെ ഐപിഒയ്ക്കുള്ള സാധ്യതകള്‍ മങ്ങിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സൗദിയുടെ ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കിയത് സൗദി അരാംകോ ഐപിഒ നടക്കുമെന്ന് തന്നെയാണ്. സര്‍ക്കാര്‍ ഐപിഒ റദ്ദാക്കിയിട്ടില്ലെന്നും അനുയോജ്യമായ സമയത്ത് ഓഹരി വില്‍പ്പന നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരാംകോയുടെ അഞ്ച് ശതമാനം ഓഹരി വിറ്റ് 100 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് സൗദിയുടെ നീക്കം. ഏകദേശം രണ്ട് ട്രില്ല്യണ്‍ ഡോളറിന്റെ മൂല്യം കൈവരിക്കാന്‍ ഓഹരി വില്‍പ്പനയിലൂടെ അരാംകോയ്ക്ക് സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

സൗദിയുടെ ആഭ്യന്തര ഓഹരി വിപണിയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും ഖാലിദ് അബ്ദുള്ള അല്‍ ഹസ്സന്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia
Tags: Aramco