ചുഴലിക്കാറ്റിനും, വെള്ളപ്പൊക്കത്തിനും ശേഷം ജപ്പാനില്‍ ഭൂകമ്പം

ചുഴലിക്കാറ്റിനും, വെള്ളപ്പൊക്കത്തിനും ശേഷം ജപ്പാനില്‍ ഭൂകമ്പം

ടോക്യോ: രണ്ട് ദിവസം മുന്‍പ് നാശം വിതച്ച ചുഴലിക്കാറ്റിനു ശേഷം മറ്റൊരു പ്രകൃതി ദുരന്തം ജപ്പാനെ വീണ്ടും തകര്‍ത്തിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കെയ്‌ഡോയില്‍, റിക്ടര്‍ സ്‌കെയ്‌ലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നു ഏഴ് പേര്‍ കൊല്ലപ്പെട്ടതായും 150-ലേറെ പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ട്. നിരവധി സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. ഇതേത്തുടര്‍ന്നു കുറേയേറെ വീടുകള്‍ മണ്ണിനടിയിലായി. അസ്തുമ എന്ന പ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രദേശത്തുള്ള വീടുകളെല്ലാം തൂത്തെറിയപ്പെട്ട നിലയിലാണ്. പ്രദേശത്തെ ഫ്‌ളൈറ്റ് സര്‍വീസുകളും പൊതുഗതാഗതവും സ്തംഭിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് ദശലക്ഷം വീടുകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. മുഖ്യ പവര്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. തൊമാരി ആണവ പ്ലാന്റില്‍നിന്നുമുള്ള വൈദ്യുതി വിതരണം നിറുത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പം ഒരു മിനിറ്റു മാത്രം നേരമാണ് നീണ്ടുനിന്നതെങ്കിലും അതിന്റെ ആഘാതം വളരെ വലുതായിരുന്നു. ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ നിരത്തുകളെല്ലാം തകര്‍ന്നിരിക്കുകയാണ്. ഏകദേശം 4,000 സൈനികാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുകയാണ്. വേണ്ടിവന്നാല്‍ സൈനികാംഗങ്ങളുടെ എണ്ണ്ം 25,000 ആയി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഹെലികോപ്റ്റര്‍ ഡസന്‍ കണക്കിന് പേരെ എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. വരും ദിവസങ്ങളില്‍ തുടര്‍ ചലനങ്ങളുണ്ടാവുമെന്നു ജപ്പാന്റെ കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Slider, World
Tags: Japan