പുതിയ വാര്‍ഷിക നികുതി റിട്ടേണ്‍ സംവിധാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ഷിക നികുതി റിട്ടേണ്‍ സംവിധാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു

2017-18 വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി( ജിഎസ്ടി) റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പുതിയ വാര്‍ഷിക സംവിധാനം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു.
സാധാരണ നികുതിദായകര്‍ ജിഎസ്ടിആര്‍-9 എന്ന റിട്ടേണ്‍ ഫോമിലും കംപോസിഷന്‍ നികുതിദായകര്‍(കംപോസിഷന്‍ ടാക്‌സ്‌പെയേഴ്‌സ്) ജിഎസ്ടിആര്‍-9എ എന്ന ഫോമിലുമാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. 2017-18 വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്.

ജിഎസ്ടി പ്രാബല്യത്തിലായതുമുതല്‍ വാര്‍ഷിക റിട്ടേണ്‍ കൂടാതെ പ്രതിമാസവും ത്രൈമാസവും നികുതി ദായകര്‍ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കാരണം വാര്‍ഷിക ഫോര്‍മാറ്റ് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

ദീര്‍ഘകാലമായി കാത്തിരുന്ന വാര്‍ഷിക റിട്ടേണ്‍ ഫോര്‍മാറ്റ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത മുന്‍ കരട് നികുതി റിട്ടേണ്‍ രീതിയെ അപേക്ഷിച്ച് ഇത് വളരെ ലളിതമാണ്-പിഡബ്ല്യുസിയുടെ പാര്‍ട്ണര്‍ അനിത രസ്‌തോഗി പറഞ്ഞു.

2017-18 കാലയളവിലെ വ്യാപാര സ്ഥാപനങ്ങളുടെ പര്‍ചെയ്‌സുകള്‍, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്( ഐടിസി) നേട്ടങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഏകീകരിച്ച് പുതിയ ഫോര്‍മാറ്റില്‍ നല്‍കേണ്ടതാണ്. ജൂലൈ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവാണ് ആദ്യ വാര്‍ഷിക ഫയലിംഗില്‍ കണക്കാക്കുക. ഫയലിംഗിലെ സങ്കീര്‍ണതകളെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമ്മറി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സംരംഭകര്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. മാത്രമല്ല പ്രശ്‌നപരിഹാരത്തിനായി ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്വത്തില്‍ സമിതിയും രൂപീകരിച്ചിരുന്നു.
പുതിയ റിട്ടേണ്‍ ഫോര്‍മാറ്റ് അവതരിപ്പിക്കുന്നതിനായി പ്രശസ്ത ടെക്‌നോക്രാറ്റ് നന്ദന്‍ നിലേക്കനിയുടെ സഹായവും തേടിയിരുന്നു.

മേയ് നാലിന് നടന്ന 27ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ജിഎസ്ടി റിട്ടേണ്‍ രൂപകല്‍പ്പനയ്ക്കുള്ള അടിസ്ഥാന തത്വങ്ങള്‍ അംഗീകരിച്ചത്. ജൂലൈ 21 ന് പുതിയ റിട്ടേണ്‍ ഫോര്‍മാറ്റ് കൗണ്‍സില്‍ അംഗീകരിച്ചു. സാധാരണ നികുതിദായകരുടെ വാര്‍ഷിക റിട്ടേണ്‍ ഫോമിനെ 16 പട്ടികയിലായി ആറായി തരംതിരിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: GST