പാക്കിസ്ഥാനെതിരെയുള്ള യുഎസ് നീക്കം ഫലം കാണുമോ?

പാക്കിസ്ഥാനെതിരെയുള്ള യുഎസ് നീക്കം ഫലം കാണുമോ?

പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം യുഎസ് തീരുമാനിച്ചത് ഗുണം ചെയ്യുമോയെന്നത് കണ്ടറിയേണ്ടതുണ്ട്. പാക്കിസ്ഥാനെ ചൈനയുടെ കയ്യിലേക്ക് പൂര്‍ണമായും എറിഞ്ഞുകൊടുക്കുന്നതിന് വഴിവെക്കുമോ അതെന്നതാണ് ആശങ്ക. പുതിയ നേതൃത്വം ഭരണമേറ്റതോടെ പാക്കിസ്ഥാന്റെ നയപരിപാടികളില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാമെന്ന വിലയിരുത്തലുകള്‍ അമേരിക്ക കണക്കിലെടുക്കുമോ?

ഭീകരത കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന ദുഷ്‌പ്പേര് കാലങ്ങളായി പാക്കിസ്ഥാന് കല്‍പ്പിച്ചുനല്‍കുന്നുണ്ട് പലരും. ഭീകരതയെ അമര്‍ച്ച ചെയ്യുന്ന നടപടികള്‍ എടുക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞാണ് അവര്‍ക്ക് നല്‍കാനിരുന്ന 2130.15 കോടി രൂപയുടെ സാമ്പത്തിക സഹായം റദ്ദാക്കുന്നതായി കഴിഞ്ഞ ദിവസം യുഎസ് പ്രഖ്യാപിച്ചത്.

പാക്കിസ്ഥാന്റെ പല പ്രവൃത്തികളിലും അമേരിക്കയ്ക്ക് തീരെ തൃപ്തിയില്ല. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് അവരുടെ ചെയ്തികളെന്ന് യുഎസിലെ ട്രംപ് ഭരണകൂടം കരുതുന്നു. പ്രസിഡന്റ് പദത്തില്‍ ഡൊണാള്‍ഡ് ട്രംപ് എത്തിയ ശേഷം അമേരിക്ക കടുത്ത തീരുമാനങ്ങളാണ് പാക്കിസ്ഥാന്‍ വിഷയത്തില്‍ കൈക്കൊള്ളുന്നത്.

അമേരിക്കയുടെ സൗത്ത് ഏഷ്യ സ്ട്രാറ്റജിയോട് ചേര്‍ന്ന് പോകുന്നതല്ല പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ട്രംപ് സര്‍ക്കാരിന്റെ പ്രധാന പരാതി.

പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം നിലവില്‍ വന്നെങ്കിലും പ്രകടമായ വ്യത്യാസം നയങ്ങളില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതുകൊണ്ടുതന്നെ പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം റദ്ദാക്കിയ തീരുമാനത്തെ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ ഇന്നലെയും ന്യായീകരിക്കുകയാണ് ചെയ്തത്. തങ്ങള്‍ ആഗ്രഹിച്ച രീതിയിലുള്ള പുരോഗതി ഭീകരതയെ നേരിടുന്ന കാര്യത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്നാണ് പോംപിയോ വ്യക്തമാക്കിയത്.

നേരത്തെ യുഎസിന്റെ അഫ്ഗാനിസ്ഥാന്‍ നയത്തെ ഏറെ വിമര്‍ശിച്ചിട്ടുള്ള നേതാവാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്രംപിന്റെ സ്ഥിരതയില്ലാത്ത തീരുമാനങ്ങള്‍ പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ ഇനി എന്ത് മാറ്റങ്ങള്‍ വരുത്തുമെന്ന് കണ്ടറിയേണ്ടതുണ്ട്.

അതേസമയം പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതോടൊപ്പം ഇന്ത്യയുമായുള്ള ബന്ധം പരമാവധി ശക്തമാക്കാനും യുഎസ് ശ്രമിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ട്രംപിന്റെ വ്യാപാര യുദ്ധം കാരണം തിരിച്ചടി നേരിട്ട ചൈന ഇന്‍ഡോ-പസിഫിക് മേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്താനുള്ള ശ്രമത്തിലാണ്. തന്ത്രപ്രധാനമായ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തല്‍ക്കാലം മാറ്റിവെച്ച് ഇന്ത്യയുമായുള്ള ബന്ധം വീണ്ടും മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ് ചൈന. പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നതിനെ യുഎസ് ഇപ്പോള്‍ കാര്യമായി എടുക്കുന്നില്ല. ചൈനയുടെ സ്വാധീന ശക്തി കുറയ്ക്കുക കൂടി ലക്ഷ്യമിട്ട് ഇന്ത്യയുമായുള്ള ബന്ധം അമേരിക്കയ്ക്ക് ഗുണകരമാക്കി മാറ്റാനാണ് ട്രംപിന്റെ ശ്രമം.

വ്യാപാരയുദ്ധത്തോട് മുഖം തിരിച്ചുനില്‍ക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ച് പോരുന്നത്. സ്വതന്ത്ര വ്യാപാരത്തിനുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഫാസിസത്തിന്റെ ബെല്‍റ്റുമായി ലോകത്തെ വരിഞ്ഞുകെട്ടാന്‍ ശ്രമിക്കുന്ന ചൈനയോടും ട്രംപിന്റെ അനിശ്ചിതത്വം നിറഞ്ഞ നയപരിപാടികളോടും ഒരു ‘ബാലന്‍സിംഗ് ആക്റ്റ്’ സ്വകീരിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

Comments

comments

Categories: Editorial, Slider
Tags: Pakisthan