പുതിയ ഫീച്ചറുകളുമായി യുബര്‍

പുതിയ ഫീച്ചറുകളുമായി യുബര്‍

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബര്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. സവാരിക്കിടെ അപകട സാധ്യത കാണപ്പെട്ടാല്‍ യാത്രക്കാര്‍ക്ക് ഉടനടി സഹായം ആവശ്യപ്പെടാന്‍ കഴിയുന്ന ‘റൈഡ് ചെക്കാ’ണ് ഒരു ഫീച്ചര്‍. ജിപിഎസും ഡ്രൈവറിന്റെ സ്മാര്‍ട്ട്‌ഫോണിലെ സെന്‍സറുകളും ഉപയോഗിച്ചാണ് വാഹനാപകട സാധ്യത കണ്ടെത്തുന്നത്.

റൈഡ് ചെക്ക് സൗകര്യം ഓണ്‍ ചെയ്യുന്നതോടെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഇതില്‍ 911 അസിസ്റ്റന്റ്‌സ് ഉള്‍പ്പെടെയുള്ള സേവനങ്ങളുള്ള യുബറിന്റെ സേഫ്റ്റി ടൂള്‍കിറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെന്നും കമ്പനിയുടെ സുരക്ഷാ സംഘം ഫോണ്‍ വഴി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് എല്ലാവരും സുരക്ഷിതരാണോയെന്ന് അന്വേഷിക്കുമെന്നും യുബര്‍ സിഇഒ ഖോസ്രോഷാഹി അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യാത്രക്കാര്‍ക്കായി സേഫ്റ്റി ടൂള്‍കിറ്റും ആപ്പിനുള്ളില്‍ എമര്‍ജന്‍സി ബട്ടണും യുബര്‍ അവതരിപ്പിക്കുന്നത്. ഇന്ന് ഇന്ത്യ, കാനഡ, യുഎസ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ സൗകര്യങ്ങള്‍ ലഭ്യമാണ്.

കൂട്ടിയിടി പോലുള്ള വാഹന അപകടങ്ങള്‍ കൂടാതെ യാത്രക്കിടയിലെ ക്രമക്കേടുകളും റൈഡ് ചെക്ക് പരിശോധിക്കും. ഉദാഹരണത്തിന് യാത്രക്കിടയില്‍ അപ്രതീക്ഷിതമായി വാഹനം നിര്‍ത്തുകയാണെങ്കില്‍ യാത്രക്കാരനും ഡ്രൈവര്‍ക്കും റൈഡ് ചെക്ക് മുന്നറിപ്പ് നല്‍കുകയും എല്ലാം ശരിയായിട്ടാണോ മുന്നോട്ടുപോകുന്നതെന്ന് ആരായുകയും ചെയ്യും.

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി യുബറിന്റെ ഡ്രൈവര്‍ ആപ്പില്‍ വിലാസത്തിനു പകരം സവാരി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ജനറല്‍ ഏരിയ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതു കൂടാതെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന രണ്ട് സ്‌റ്റെപ്പുള്ള വേരിഫിക്കേഷന്‍ പ്രക്രിയ അവര്‍ എക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോഴെല്ലാം ഉപയോഗിക്കാന്‍ ഭാവിയില്‍ സൗകര്യമുണ്ടാകും. ഇതിനു കീഴില്‍ ഉപഭോക്താവിന് എക്കൗണ്ട് സെറ്റിംഗ്‌സില്‍ മാറ്റം വരുത്തികൊണ്ട് ടെസ്റ്റ് മെസേജ്, ഗൂഗിള്‍ ഓതന്റിക്കേറ്റര്‍, ഡുവോ പോലുള്ള മൂന്നാം കക്ഷി ഓതന്റിഫിക്കേഷന്‍ ആപ്പുകളുപയോഗിച്ച് ഓതന്റിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

യുബര്‍ ആപ്പുമായി തടസങ്ങളില്ലാതെ സംവദിക്കുന്നതിനായി ഡ്രൈവര്‍മാര്‍ക്കും ഡെലിവറി ജീവനക്കാര്‍ക്കുമായി വോയിസ് അധിഷ്ഠിത കമാന്‍ഡുകള്‍ ഉടനെ തന്നെ ആരംഭിക്കാനും യുബര്‍ പദ്ധതിയിടുന്നുണ്ട്. യുബര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ സ്വന്തം ശബ്ദത്തില്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താനും ട്രിപ്പിനുള്ള ബുക്കിംഗുകള്‍ സ്വീകരിക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

Comments

comments

Categories: FK News
Tags: Uber

Related Articles