യാത്രയുടെ സൗന്ദര്യം പങ്കിട്ട് നല്‍കി ‘ട്രെക്ക്‌ടെല്ലര്‍’

യാത്രയുടെ സൗന്ദര്യം പങ്കിട്ട് നല്‍കി ‘ട്രെക്ക്‌ടെല്ലര്‍’

യാത്ര ഒരു മികച്ച അനുഭവമാക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ട്രെക്ക്‌ടെല്ലര്‍ സമാന സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്. യാത്രാനുഭവങ്ങളും ദൃശ്യങ്ങളും മികച്ച യാത്രാ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന സംരംഭത്തിന് രണ്ടു വര്‍ഷം കൊണ്ടുതന്നെ 50,000 ല്‍ പരം ഉപഭോക്താക്കളെ നേടാനും കഴിഞ്ഞിരിക്കുന്നു

പുതിയ കാഴ്ചകളുടെ സൗന്ദര്യം പകര്‍ന്നു നല്‍കുന്ന സംരംഭമാണ് ട്രെക്ക്‌ടെല്ലര്‍. യാത്രാനുഭവങ്ങളും ദൃശ്യങ്ങളും പുതിയ സ്ഥലങ്ങളെ സംബന്ധിക്കുന്ന അറിവുകളും അതു സംബന്ധമായ ബ്ലോഗുകളും പങ്കുവെക്കുന്ന ഈ പ്ലാറ്റ്‌ഫോമിനെ യാത്ര ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും ഉത്തമ ഗൈഡ് എന്നു വിശേഷിപ്പിക്കാം. അമ്പതിനായിരത്തില്‍ പരം യാത്രാ സ്‌നേഹികളെ കൂട്ടിയിണക്കിയുള്ള ഒരു ബൃഹത് ശൃംഖലയായി മാറിയിരിക്കുകയാണ് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ യാത്രാ സംരംഭം.

യാത്രാ സ്‌നേഹികളായ നിഷാന്ത് സിദ്ദു, ഗുര്‍മീത് സിംഗ് എന്നിവര്‍ ചേര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ട ട്രെക്ക്‌ടെല്ലര്‍ യാത്ര ചെയ്യുന്നവരെയും യാത്രയ്ക്ക് പദ്ധതിയിടുന്നവരുടേയും രീതികളെ തന്നെ മാറ്റിമറിക്കും. ഒരു യാത്ര എങ്ങനെ എവിടെയൊക്കെ പ്ലാന്‍ ചെയ്യണമെന്ന് ഈ സൈറ്റിലൂടെ കണ്ണോടിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ.

ട്രെക്ക്‌ടെല്ലറിന്റെ തുടക്കം

യാത്രയോടുള്ള ഇഷ്ടം കൊണ്ടും നിരവധി യാത്രകള്‍ ചെയ്ത അനുഭവ സമ്പത്തും കൈമുതലാക്കിയാണ് നിഷാന്തും ഗുര്‍മീതും ട്രെക്ക്‌ടെല്ലറിന് തുടക്കമിടുന്നത്. ഏകദേശം 25ഓളം രാജ്യങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചിട്ടുണ്ട്. യാത്രയുടെ അനുഭവം മറ്റുള്ളവര്‍ക്കായി പങ്കിടുമ്പോള്‍ അവരെ ഗൈഡ് ചെയ്യുമ്പോള്‍, സംശയനിവാരണങ്ങള്‍ നടത്തുമ്പോള്‍ യാത്രയുടെ സുഖം ഇരട്ടിക്കുമെന്ന് സംരംഭകര്‍ ഇരുവരും തുറന്നു സമ്മതിക്കുന്നുണ്ട്. ട്രെക്ക്‌ടെല്ലറിലൂടെ യാത്രാനുഭവങ്ങള്‍ വായിക്കാനും പങ്കിടാനും വെബ്‌സൈറ്റില്‍ പ്രൊഫൈല്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ബ്ലോഗുകള്‍, ചിത്രങ്ങള്‍, യാത്രാക്കുറിപ്പുകള്‍, ഇന്‍ഫോഗ്രാഫിക്‌സ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന പ്ലാറ്റ്‌ഫോമില്‍ പ്രാദേശിക സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കു വെക്കാനുള്ള അവസരം നല്‍കുന്നുണ്ട്. പ്രധാനമായും വാരാന്ത്യങ്ങളിലും ഉല്‍സവ സീസണുകളിലുമാണ് കൂടുതല്‍ പോസ്റ്റുകള്‍ ട്രെക്ക്‌ടെല്ലര്‍ വഴി ഷെയര്‍ ചെയ്യപ്പെടുന്നതെന്നാണ് സംരംഭകരുടെ അഭിപ്രായം.

സൗജന്യ യാത്രാ ഷെയറിംഗ് പ്ലാറ്റ്‌ഫോം

ട്രെക്ക്‌ടെല്ലര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യ സേവനം നല്‍കുന്ന പ്ലാറ്റ്‌ഫോമാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 2 ദശലക്ഷം ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന സംരംഭം വരും നാളുകളില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നതടക്കം വിമാന ടിക്കറ്റ് എടുക്കാനും, ഹോംസ്‌റ്റേ സൗകര്യം ലഭ്യമാക്കാനും പദ്ധതിയിടുന്നുണ്ട്. 2 ലക്ഷം ഡോളര്‍ നിക്ഷേപത്തില്‍ തുടങ്ങിയ ഈ സംരംഭം ഇതുവരെ യാതൊരു കമ്പനികളില്‍ നിന്നും നിക്ഷേപ സമാഹരണം നടത്തിയിട്ടില്ലെന്നും നിഷാന്ത്് പറയുന്നു. അടുത്ത 18-24 മാസങ്ങള്‍ക്കുള്ളില്‍ ലാഭത്തിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്ന കമ്പനി അധികം വൈകാതെ നിക്ഷേപ സമാഹരണം നടത്താന്‍ ആലോചിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥിരതയാര്‍ന്ന ടീം

വെബ് ഉളളടക്കം, വീഡിയോ എഡിറ്റിംഗ്, സോഫ്റ്റ്‌വെയര്‍ ഡിസൈനിംഗ്, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ് എന്നിവയ്ക്കായി മികച്ച 15 അംഗ സംഘമാണ് ട്രെക്ക്‌ടെല്ലറിന്റെ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. ” തൊഴിലാളി സൗഹൃദ അന്തരീക്ഷം കാത്തു സൂക്ഷിക്കുന്ന, സ്ഥാപനത്തിന് ഇണങ്ങുന്ന ജോലിക്കാരെ കണ്ടെത്താനാണ് ഞങ്ങള്‍ക്ക് താല്‍പ്പര്യം. തൊഴിലിടങ്ങളില്‍ ഒരു കുടുംബം എന്ന പോലെ പ്രവര്‍ത്തിക്കുന്നത് ഓരോ ജോലിക്കാരില്‍ നിന്നും ഏറ്റവും മികച്ചവ ലഭിക്കാന്‍ സാഹചര്യമൊരുക്കും,” ഗുര്‍മീത് പറയുന്നു.

യാത്രാനുഭവം പങ്കിടുന്നതിനൊപ്പം സമ്പാദ്യവും

യാത്ര ഒരു മികച്ച അനുഭവമാക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ സംരംഭം മറ്റ് യാത്രാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പരിപൂര്‍ണമായും വ്യത്യസ്തമാകുന്നത്. വെറും രണ്ടു വര്‍ഷം കൊണ്ടുതന്നെ 50,000 ല്‍ പരം ഉപഭോക്താക്കള്‍ സജീവമായ ഈ ഓണ്‍ലൈന്‍ സംരംഭത്തില്‍ വിവിധ രാജ്യങ്ങളിലെ കാഴ്ചകള്‍ക്കും വിശേഷങ്ങള്‍ക്കും പുറമെ യാത്രക്കാര്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഓരോ യാത്രക്കാരുടെയും അഭിരുചികള്‍ കണ്ടറിഞ്ഞുള്ള വിവിധ വിഭാഗങ്ങളാണ് ട്രെക്ക്‌ടെല്ലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബീച്ചുകള്‍, ക്രൂയിസിംഗ്, ആത്മീയ-മതപരമായ സ്ഥലങ്ങള്‍, ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍, കലാ കായികം, ട്രെക്കിംഗ്, ലക്ഷ്വറി ലൈഫ്‌സ്റ്റൈല്‍, ഷോപ്പിംഗ്, സ്‌പേസ് ട്രാവല്‍, റോഡ് ട്രിപ്പുകള്‍, പ്രധാന ആകര്‍ഷക സ്ഥലങ്ങള്‍, പാരമ്പര്യം-സംസ്‌കാരം, ഉല്‍സവങ്ങളും പ്രമുഖ പരിപാടികളും, അഡ്വെഞ്ചര്‍ സ്‌പോട്ട്, സ്പാ സൗകര്യങ്ങള്‍, വനം മറ്റു പ്രകൃതി രമണീയമായ സ്ഥലങ്ങള്‍, എല്‍ജിബിറ്റി ടൂറിസം, സെക്‌സ് ടൂറിസം, മികച്ച ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗക്കാര്‍ക്കും ഇണങ്ങിയ വിവരങ്ങള്‍ ട്രെക്ക്‌ടെല്ലറില്‍ നിന്നും വിശദമായി അറിയാനാകും. ഇതിനൊടൊപ്പം വിവിധ രാജ്യങ്ങളും സ്ഥലങ്ങളും സന്ദര്‍ശിക്കേണ്ട സീസണുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

യാത്രാനുഭവങ്ങള്‍ വിവരിച്ചു കൊണ്ടുള്ള ചിത്രങ്ങളും പോസ്റ്റുകളും ട്രെക്ക്‌ടെല്ലറില്‍ പങ്കുവെക്കുന്നത് വഴി അടുത്ത യാത്രയ്ക്കുള്ള നിക്ഷേപം കണ്ടെത്താനും ഈ പ്ലാറ്റ്‌ഫോമിലൂടെ കഴിയും. ഓരോ യാത്രക്കാരും പങ്കുവെക്കുന്ന ലിങ്കുകള്‍ മറ്റുള്ളവര്‍ ക്ലിക്ക് ചെയ്ത് വെബ് പേജ് തുറന്നാല്‍ ഓരോ ക്ലിക്കിനും 20 താങ്ക്‌സ് വീതം ലഭിക്കും. 500 താങ്ക്‌സ് കൂട്ടിച്ചേര്‍ത്താല്‍ താങ്ക്‌സ് ബാങ്കില്‍ നിന്നും റെഡീം ചെയ്യാനുള്ള അവസരമാണ് ലഭിക്കുക. ഇതുപോലെ തന്നെ ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലൂടെയും റെഡീം ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവിടെ 1000 താങ്ക്‌സ് കരസ്ഥമാക്കിയാല്‍ ജാക്ക്‌പോട്ട് സമ്മാനത്തിനാണ് അര്‍ഹരാകുക. അതുപോലെ പോസ്റ്റുകളില്‍ ലഭിക്കുന്ന കമന്റുകള്‍ അടിസ്ഥാനമാക്കിമാക്കിയും ഈ സംരംഭം യാത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്.

Comments

comments

Categories: FK Special, Slider