പ്യൂണില്‍ നിന്നും സ്‌കൂള്‍ പ്രിന്‍സിപ്പലായ അധ്യാപകന്‍

പ്യൂണില്‍ നിന്നും സ്‌കൂള്‍ പ്രിന്‍സിപ്പലായ അധ്യാപകന്‍

പാവപ്പെട്ട ഒരു ആദിവാസി കുടുംബത്തില്‍ നിന്നും ഏറെ വെല്ലുവിളികള്‍ മറികടന്നാണ് സതീഷ് ഗാവലി അധ്യാപകനാകുന്നത്. പഠനച്ചെലവ് താങ്ങാനാകാതെ സ്‌കൂള്‍ പഠനം മുടങ്ങുന്ന അവസ്ഥയില്‍ നിന്നും സ്വപ്രയത്‌നത്തില്‍ രണ്ട് ബിരുദാനന്തര ബിരുദം വരെ കരസ്ഥമാക്കി കുട്ടികള്‍ക്ക് മികച്ച മാതൃകാ അധ്യാപകനാകാനും അദ്ദേഹത്തിന് കഴിഞ്ഞു

 

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതി ഒരു സമൂഹത്തെയാകെ മാറ്റത്തിലേക്ക് നയിക്കുന്ന അധ്യാപകര്‍ നമുക്കിടയിലുണ്ട്. പൂനെ സ്വദേശി സതീഷ് ഗാവലി ഈ വിഷയത്തിന് മികച്ച ഉദാഹരണമാണ്. പൂനെയിലെ ഇന്ദാപുര്‍ ഗ്രാമത്തിലെ ഒരു പാവപ്പെട്ട ആദിവാസി കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്. വിദ്യ അഭ്യസിച്ചതുകൊണ്ടു മാത്രം നഗരത്തിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്ന പദവിയിലേക്കുയര്‍ന്ന കഥയാണ് അദ്ദേഹത്തിന് പറയാനുള്ളത്.

അക്കാഡമിക് മികവ് ഒന്നുകൊണ്ടുമാത്രം കൈപിടിച്ചുയര്‍ന്ന ജീവിതമാണ് തന്റേതെന്ന് വിശ്വസിക്കുന്ന ഈ അധ്യാപകന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ആദിവാസി സമൂഹത്തിനെയൊന്നാകെ അറിയിക്കാനും കുട്ടികള്‍ക്ക് മികച്ച മാതൃകയാകാനും കഴിഞ്ഞിരിക്കുന്നു. പഠനച്ചെലവ് താങ്ങാനാകാതെ സ്‌കൂള്‍ പഠനം മുടങ്ങുമെന്ന അവസ്ഥയില്‍ നിന്നും സ്വന്തം പ്രയത്‌നത്തില്‍ രണ്ട് ബിരുദാനന്തര ബിരുദം വരെ കരസ്ഥമാക്കിയാണ് അദ്ദേഹം അധ്യാപക ലോകത്ത് വിരാജിക്കുന്നത്.

പഠനം മുടങ്ങുമെന്ന് ഭയപ്പെട്ട കുട്ടിക്കാലം

സതീഷിന്റെ കുട്ടിക്കാലത്ത് കുടുംബത്തിലോ ആദിവാസ സമൂഹത്തിലോ അധികമാരും വിദ്യഭ്യാസത്തിന് അത്ര പ്രധാന്യം നല്‍കിയിരുന്നില്ല. അച്ഛനും കുടുംബത്തിലാരും തന്നെ പഠിച്ചിട്ടില്ല. പോലീസുകാരനായ ഒരു അമ്മാവന്‍ മാത്രമാണ് ആ കുടുംബത്തില്‍ സ്‌കൂളില്‍ പോയിട്ടുള്ളത്. ” എനിക്ക് സ്‌കൂളില്‍ പോകാനും പഠിക്കാനുമൊന്നും ചെറുപ്പത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മാവനാണ് വിദ്യാഭ്യാസം നേടാനുള്ള പാഷന്‍ എന്നിലുണ്ടാക്കിയത്,” സതീഷ് പറയുന്നു. അമ്മാവന്റെ ഗ്രാമത്തില്‍ നാലാം ക്ലാസ് വരെ പഠിച്ച സതീഷ് പിന്നീട് സ്വദേശത്ത് ഏഴാം ക്ലാസ് വരെ പൂര്‍ത്തിയാക്കി. തുടര്‍ പഠനത്തിനുള്ള സ്‌കൂള്‍ ദൂരസ്ഥലത്ത് ആയതിനാല്‍ പിന്നീട് ഹോസ്റ്റലിലേക്ക് താമസം മാറ്റേണ്ടി വന്നു. അക്കാലത്ത് താമസം മുതല്‍ ഭക്ഷണം, ടൂത്ത്‌പേസ്റ്റ്, സോപ്പ്, എണ്ണ എന്നിവയെല്ലാം ഉള്‍പ്പെടെ പത്തു രൂപയായിരുന്നു ഹോസ്റ്റല്‍ ഫീസെന്നും സതീഷ് ഓര്‍മിക്കുന്നു. പത്തു രൂപ ആ കാലത്ത് വലിയ സംഖ്യ ആയിരുന്നതിനാല്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്കും താന്‍ എത്തിയതായി അദ്ദേഹം പറയുന്നു. സ്‌കൂള്‍ അവധിക്കാലത്ത് പാടത്തും പറമ്പിലും കൃഷിയില്‍ സഹായിച്ചു കിട്ടുന്ന തുകയും ബന്ധുവിനോട് കടം വാങ്ങിയ തുകയുമായി സതീഷ് സ്‌കൂള്‍ പഠനം മുടങ്ങാതെ കൊണ്ടുപോകുകയായിരുന്നു. ആ നിശ്ചയദാര്‍ഢ്യമാണ് സതീഷിനെ വിജയത്തിലേക്ക് നയിച്ചത്.

പഠനത്തിനൊപ്പം പ്യൂണ്‍ ജോലി

പതിനൊന്നാം ക്ലാസില്‍ എത്തിയപ്പോഴേക്കും വീണ്ടും പഠനച്ചെലവ് പ്രതിസന്ധി സൃഷ്ടിച്ചു. അപ്പോള്‍ തുണയായത് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പാണ്. 450 രൂപയായിരുന്നു സ്‌കോളര്‍ഷിപ്പ് തുക. 100 രൂപ പോലും കാണാത്ത സതീഷിന് 450 രൂപ വലിയ തുകയായിരുന്നു. ഭാഗ്യവശാല്‍ ആ സമയത്ത് ഹൈസ്‌കൂളില്‍ ഒരു പ്യൂണിന്റെ ജോലിയും അദ്ദേഹത്തിന് ലഭിച്ചു. പ്രതിമാസം 900 രൂപ ശമ്പളം ലഭിച്ചതോടെ പഠനത്തിനായി വന്ന കടങ്ങളൊക്കെയും തിരികെ വീട്ടാനും കഴിഞ്ഞു.

22ാം വയസില്‍ വിവാഹിതനായ സതീഷ് ദിവസവും 80 കിലോമീറ്റര്‍ യാത്ര ചെയ്താണ് ജോലിക്ക് പോയിരുന്നത്. ഇതിനൊപ്പം തന്നെ ഉപരി പഠനം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. ബിരുദത്തിനൊപ്പം രണ്ട് ബിരുദാനന്തര ബിരുദം കൂടി കരസ്ഥമാക്കിയതോടെ അധ്യാപകനായും തുടര്‍ന്ന് 2003ല്‍ സ്‌കൂളിലെ പ്രിന്‍സിപ്പലായും പ്രൊമോഷന്‍ ലഭിച്ചു. അക്കാഡമിക് പാടവവും അധ്യാപക ജീവിതത്തിലെ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ മാതൃക അധ്യാപകനുള്ള 2016-17 ലെ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. പ്രിന്‍സിപ്പലായ ശേഷം സ്‌കൂളിന്റെ മുഖഛായ തന്നെ സതീഷ് മാറ്റി മറിച്ചു. ആധുനിക ഹൈസ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ന്ന സ്‌കൂളില്‍ ഇന്ന് ശനിയാഴ്ചകളില്‍ 5,6,7 ക്ലാസുകാര്‍ക്ക് പുസ്തകമില്ലാത്ത പ്രവൃത്തിദിനമാണ്. അധ്യാപകര്‍ നയിക്കുന്ന ആരോഗ്യപരമായ ചര്‍ച്ചകള്‍ക്കും കുട്ടികളുമായി സംവദിക്കാനും മാറ്റിവെച്ചിരിക്കുകയാണ് ആ ദിനം. കുട്ടികള്‍ക്ക് ആവശ്യമായ ഒട്ടനവധി പഠന സൗകര്യങ്ങളും ഇവിടെ ഒരുക്കുകയുണ്ടായി. എല്ലാ വര്‍ഷവും പാവപ്പെട്ട 20 കുട്ടികള്‍ക്ക് പുസ്തകങ്ങളും മറ്റ് സ്റ്റേഷനറി സാധനങ്ങളും വാങ്ങി നല്‍കുന്നതിനു പുറമെ അവരുടെ പിക്‌നിക് പരിപാടികള്‍ക്കുള്ള നിക്ഷേപവും സ്‌കൂള്‍ കണ്ടെത്തുന്നുണ്ട്. ” കുട്ടികളില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കുന്നതിനൊപ്പം അവരുടെ കഴിവിലുള്ള ആത്മവിശ്വാസം വളര്‍ത്തുക കൂടിയാണ് ഓരോ അധ്യാപകനും ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ അവരെ ഉത്തമ പൗരന്‍മാരാക്കി മാറ്റാന്‍ കഴിയൂ. പഠനത്തിനൊപ്പം തന്നെ അവരിലെ മറ്റു കഴിവുകളെ പ്രോല്‍സാഹിപ്പിക്കുകയും വേണം,” സതീഷ് പറയുന്നു.

അധ്യാപകരെ കോര്‍ത്തിണക്കി സ്‌കൂളില്‍ ഒരു ആയുര്‍വേദ പൂന്തോട്ടം ഒരുക്കുകയും കുട്ടികളില്‍ പരിസ്ഥിതി സൗഹാര്‍ദത വര്‍ധിപ്പിക്കുന്നതിനായി പേപ്പര്‍ ബാഗുകള്‍ നിര്‍മിച്ച് സമീപത്തുള്ള അമ്പലങ്ങളിലും മറ്റും വിതരണം ചെയ്യാന്‍ അദ്ദേഹം മുന്‍കൈയെടുക്കുന്നു. സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും കുട്ടികളെയും പങ്കെടുപ്പിച്ചാണ് ഈ അധ്യാപകന്റെ യാത്ര.

Comments

comments

Categories: FK Special, Slider