പാഴ്‌വസ്തുക്കളില്‍ നിന്നും റോബോട്ട്

പാഴ്‌വസ്തുക്കളില്‍ നിന്നും റോബോട്ട്

സിനിമയിലെ റോബോട്ടുകളെ സ്വന്തം കഴിവിലൂടെ നിര്‍മിച്ചാണ് മണിപ്പൂര്‍ സ്വദേശിയായ തിയാം നന്ദലാല്‍ സിംഗ് ശ്രദ്ധേയനാകുന്നത്. വീട്ടുജോലികളില്‍ സഹായിക്കുന്ന റോബോട്ടിനെയാണ് ഈ പതിനെട്ടുകാരന്‍ പാഴ്‌വസ്തുക്കളിലൂടെ സൃഷ്ടിച്ചിരിക്കുന്നത്

 

അഭ്രപാളിയില്‍ നിറയുന്ന റോബോട്ടിക് കഥാപാത്രങ്ങളെ ആരാധിച്ചു തുടങ്ങിയ ബാലന്‍ പിന്നീട് റോബോട്ട് നിര്‍മാതാവായ കഥയാണ് ഇപ്പോള്‍ മണിപ്പൂരിലെ സംസാരവിഷയം. പ്ലസ്ടു വിദ്യാര്‍ത്ഥിയായ തിയാം നന്ദലാല്‍ സിംഗാണ് പാഴ്‌വസ്തുക്കളില്‍ നിന്നും റോബോട്ട് നിര്‍മിച്ച് സ്‌കൂളിലെ താരമായിരിക്കുന്നത്. അതും വീട്ടുജോലികളില്‍ സഹായിക്കുന്ന റോബോട്ടിനെയാണ് ഈ കൗമാരക്കാരന്‍ നിര്‍മിച്ചു പ്രദര്‍ശനത്തിനായി എത്തിയത്.

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ ജോണ്‍സ്റ്റണ്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നന്ദലാല്‍. JON 17 എന്നു പേരിട്ടിരിക്കുന്ന റോബോര്‍ട്ടിന്റെ സൃഷ്ടിയിലൂടെയാണ് നന്ദലാല്‍ ഇന്ന് നിരവധി സയന്‍ എക്‌സിബിഷനുകളില്‍ താരമായി മാറുന്നത്.

ചെറുപ്പം മുതല്‍ ആരാധന റോബോട്ടുകളോട്

ടെലിവിഷനില്‍ വിവിധ പരിപാടികളില്‍ കണ്ടിരുന്ന റോബോട്ടുകളായിരുന്നു നന്ദലാലിന്റെ കളിക്കൂട്ടുകാര്‍. കളിപ്പാട്ടങ്ങള്‍ വാങ്ങിയാലും റോബോട്ടിക് കഥാപാത്രങ്ങള്‍ ചോദിച്ചു വാങ്ങുന്നതായിരുന്നു പതിവ്. തുടര്‍ന്ന് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും കളിപ്പാട്ടങ്ങളും കൈയില്‍ കിട്ടിയാല്‍ അവ അഴിച്ചു പണിഞ്ഞ് പഠിക്കാനും തുടങ്ങി. പഠനം കഴിഞ്ഞാല്‍ വീണ്ടും പഴയതുപോലെ കൂട്ടിച്ചേര്‍ക്കാനും നന്ദലാല്‍ ബഹുമിടുക്കനായിരുന്നു. തുടര്‍ന്ന് വീട്ടില്‍ തന്നെ ടിവിയും റേഡിയോയും എമര്‍ജന്‍സി ലാംപുകളും റിപ്പയര്‍ ചെയ്യാന്‍ ആരംഭിച്ചു. ഒരിടത്തു നിന്നും ഔദ്യോഗിക പരിശീലനം നേടാതെയാണ് നന്ദലാല്‍ ഈ മേഖലകളിലെല്ലാം വിദഗ്ധനായത്. പ്രദേശവാസികള്‍ക്കും ഈ വിദ്യാര്‍ത്ഥിയുടെ കഴിവിനെ കുറിച്ച് ഏറെ മതിപ്പു തന്നെ. അതിനാല്‍ നന്ദലാലിനെ നന്നായി അറിയാവുന്നവര്‍ക്ക് റോബോട്ട് നിര്‍മിച്ചു എന്ന വാര്‍ത്ത പോലും അത്രത്തോളം ആശ്ചര്യമുണ്ടാക്കിയിരുന്നില്ല. റോബോട്ടുകള്‍ക്കും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കുമൊപ്പം സദാ സമയം ചെലവഴിച്ച പയ്യനില്‍ നിന്നും ഇതില്‍ കൂടുതലും അവര്‍ പ്രതീക്ഷിച്ചിരുന്നു.

റോബോട്ടിന് സവിശേഷതകള്‍ ഏറെ

ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി റോബോട്ട് നിര്‍മിച്ചു എന്നതിലുപരി JON17 ന് ഒട്ടനവധി സവിശേഷതകള്‍ വേറെയുമുണ്ട്. റോബോട്ട് നിര്‍മാണത്തിന് ഉപയോഗിച്ച ഓരോ വസ്തുക്കളും പഴയ എമര്‍ജന്‍സി ലാംപ്, ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍, ഡിവിഡി ഡ്രൈവുകള്‍, സിറിഞ്ച്, സ്പീക്കര്‍ ഫ്രെയിം, ഐവി ഫഌയിഡ് ട്യൂബുകള്‍ എന്നിവയില്‍ നിന്നും തെരഞ്ഞെടുത്തവയാണ്.

ഒരു ഇംഗ്ലീഷ് സിനിമ കണ്ടതോടെയാണ് പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് റോബോട്ട് നിര്‍മിക്കാനുള്ള ആശയം നന്ദലാലിന് ലഭിച്ചത്. ആദ്യമായി നിര്‍മിച്ച റോബോട്ടിന്റെ മാതൃകയ്ക്ക് പാഴാക്കപ്പെട്ട എമര്‍ജന്‍സി ലാംപുകളാണ് കൈകളായി നല്‍കിയത്. പഴയ ബൈനോക്കുലര്‍ കളിപ്പാട്ടങ്ങളിലൊന്ന് റോബോട്ടിന്റെ തലയായും ഉപയോഗശൂന്യമായ സ്പീക്കര്‍ ഫ്രെയിമിനു മുകളില്‍ ഒഴിഞ്ഞ കുപ്പി ഘടിപ്പിച്ച് ശരീര ഭാഗവും നിര്‍മിച്ചു. റോബോട്ടിന്റെ യാന്ത്രിക ചലനങ്ങള്‍ക്കായി ഡിവിഡി ഡ്രൈവുകളും, വെള്ളം നിറച്ച സിറിഞ്ചുകളും ഐവി ഫഌയിഡ് ട്യൂബുകളുമാണ് ഉപയോഗിച്ചത്. മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കും സഞ്ചരിപ്പിക്കാവുന്ന ഈ സംവിധാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും റിമോട്ട് കണ്‍ട്രോളിലായിരുന്നു. ചില വസ്തുക്കള്‍ എടുക്കാനും കൈകളില്‍ പിടിക്കാനും തന്റെ ആദ്യ റോബോട്ടിക് മാതൃകയ്ക്ക് സാധിച്ചിരുന്നുവെന്നും നന്ദലാല്‍ പറയുന്നു.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ആദ്യ മാതൃക

നന്ദലാലിന്റെ ചെറു സൃഷ്ടി സ്‌കൂളിലെ കെമിസ്ട്രി അധ്യാപകന്റെ ശ്രദ്ധയില്‍ പെട്ടെതോടെയാണ് റോബോട്ടിന്റെ വിശേഷങ്ങള്‍ പുറം ലോകം അറിയുന്നത്. റോബോട്ടിന്റെ വീഡിയോ പകര്‍ത്തിയ അധ്യാപകന്‍ അതു ഫേസ്ബുക്കിലും വാട്‌സാപ്പിലും പോസ്റ്റ് ചെയ്തു. അതോടെ ജോണ്‍17 റോബോട്ട് തരംഗമായി മാറി. സമൂഹ മാധ്യമങ്ങളില്‍ വൈറലായ റോബോട്ട് ഒടുവില്‍ മണിപ്പൂരിലെ സംസ്ഥാന വിദ്യാഭ്യാസ ഡയറക്റ്ററുടെ ശ്രദ്ധയില്‍ പെട്ടെതോടെ നന്ദലാല്‍ താരമായി മാറുകയായിരുന്നു. വിദ്യാഭ്യാസ ഡയറക്റ്ററുടെ താല്‍പ്പര്യ പ്രകാരം ശരിയായ രീതിയില്‍ റോബോട്ട് നിര്‍മിക്കാനാവശ്യമായ ഫണ്ട് നന്ദലാലിന് കൈമാറുകയും ചെയ്തു. തന്റെ ചെറിയ ഉദ്യമത്തിലൂടെ വിദ്യാഭ്യാസ ഡയറക്റ്ററുടെ ശ്രദ്ധ ക്ഷണിക്കാനായത് ആ കൊച്ച് ശാസ്ത്രജ്ഞന് ഏറെ പ്രചോദനം നല്‍കി. തുടര്‍ന്ന് വെറും 15-20 ദിവസത്തിനുള്ളില്‍ റോബോട്ടിന്റെ പരിഷ്‌കരിച്ച പതിപ്പ് തയാറാക്കുകയും ചെയ്തു.

നന്ദലാലിന്റെ സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനായ ജെയ്ചന്ദ് ഒയിനാമാണ് റോബോട്ടിന് പേര് നിര്‍ദേശിച്ചത്. ജോണ്‍സ്റ്റണ്‍ സ്‌കൂളിന്റെ പേരിലെ അക്ഷരങ്ങളും നന്ദലാലിന്റെ പേരിലെ ആദ്യാക്ഷരവും കണ്ടെത്തിയ വര്‍ഷവും കൂടിയായപ്പോള്‍ റോബോട്ടിന് JON 17 എന്ന പേരും വീണു. സ്‌കൂള്‍ അധികൃതരില്‍ നിന്നും മതിയായ പിന്തുണ ലഭിച്ചതോടെ സംസ്ഥാനത്തെ നിരവധി എക്‌സിബിഷനുകളിലും റോബോട്ട് തരംഗമായി. നിരവധി സമ്മാനങ്ങളും നന്ദലാലിനെ തേടിയെത്തിത്തുടങ്ങി. മണിപ്പൂരിലെ സംസ്ഥാനതല എക്‌സിബിഷനിലും കൊല്‍ക്കത്തയില്‍ നടന്ന ഈസ്റ്റേണ്‍ ഇന്ത്യാ സയന്‍സ് ഫെയറിലും ശ്രദ്ധിക്കപ്പെട്ടതോടെ പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയതിന് ജെയ്ചന്ദ് ഒയിനാമിന് മികച്ച ഗൈഡ് അധ്യാപകനുള്ള അവാര്‍ഡും ലഭിച്ചു. ഇന്ന് മണിപ്പൂര്‍ കടന്ന് രാജ്യാന്തര തലത്തില്‍ പ്രശസ്തനായ നന്ദലാലിന് അടുത്തിടെ മണിപ്പൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചിരിക്കുകയാണ്. മണിപ്പൂര്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധിയായാണ് നന്ദലാല്‍ ഇവിടെ പങ്കെടുക്കുക.

റോബോട്ടിനോടും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളോടുമുള്ള പാഷന് പുറമെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ് ഈ പതിനെട്ടുകാരന്‍. പ്രാദേശിക ക്ലബിനൊപ്പം വിവിധ ടൂര്‍ണമെന്റുകളിലും നന്ദലാല്‍ കളിക്കാറുണ്ട്. അച്ഛനും അമ്മയും അഞ്ചു സഹോദരങ്ങളും ഉള്‍പ്പെടുന്നതാണ് കുടുംബം.

Comments

comments

Categories: FK News
Tags: robot