4ജി ലഭ്യതയില്‍ കൊല്‍ക്കത്ത ഒന്നാമത്

4ജി ലഭ്യതയില്‍ കൊല്‍ക്കത്ത ഒന്നാമത്

ന്യൂഡെല്‍ഹി: രാജ്യത്തെ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യതയില്‍ കൊല്‍ക്കത്തയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നഗരമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായ വയര്‍ലെസ് കവറേജ് മാപ്പിംഗ് കമ്പനിയായ ഓപ്പണ്‍സിഗ്നലിന്റെ 4ജി ലഭ്യത റിപ്പോര്‍ട്ടനുസരിച്ച് 90.7 ശതമാനത്തിലധികമാണ് കൊല്‍ക്കത്തയുടെ 4ജി ലഭ്യത സ്‌കോര്‍. പഞ്ചാബ് (89.8 %), ബീഹാര്‍ (89.2 %), മധ്യപ്രദേശ് (89.1 %), ഒഡീഷ (89 %) തുടങ്ങി രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളെ പിന്നിലാക്കിയാണ് കൊല്‍ക്കത്ത ഈ നേട്ടം കൈവരിച്ചത്.

2012 മുതല്‍ മാത്രമാണ് 4ജി രാജ്യത്തേക്കു വന്നതെങ്കിലും ഇന്ത്യയിലെ ഇന്റര്‍നെറ്റ് ലഭ്യത വര്‍ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍ സൂക്ഷിപ്പിക്കുന്നതെന്നും വടക്കു കിഴക്കന്‍ സര്‍ക്കിളുകളിലാണ് 4 ജി ലഭ്യത കൂടുതലെന്നും റിപ്പോര്‍ട്ട് വിലയിരുത്തി. രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളെ കഴിഞ്ഞ മേയ് മാസം മുതല്‍ 90 ദിവസം നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഓപ്പണ്‍സിഗ്നല്‍ ഏപ്രില്‍ മാസം നടത്തിയ സര്‍വേയില്‍ ബെംഗളൂരു, ഡെല്‍ഹി, മുംബൈ തുടങ്ങിയ പ്രമുഖ നഗരങ്ങളെ പിന്നിലാക്കികൊണ്ട് പട്‌ന 4 ജി ലഭ്യതയില്‍ മുന്നിലെത്തുകയുണ്ടായി. ഇവിടെ എല്‍ടിഇ കണക്ഷന്‍ ഏകദേശം പൂര്‍ണസമയവും ലഭ്യമാകുന്നുണ്ട്. ഇന്ത്യയിലെ 20 വലിയ നഗരങ്ങളില്‍ മുംബൈ 15 ഉം ഡെല്‍ഹി 17 ാം സ്ഥാനവുമാണ് നേടിയത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഡെല്‍ഹി മുംബൈ നഗരങ്ങള്‍ നില മെച്ചപ്പെടുത്തികൊണ്ട് യഥാക്രമം 12,13 സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പ്രമുഖ സ്‌പെക്ട്രം ലേലം ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഇത് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ 4ജി ലഭ്യതയുടെ തോത് ഉയര്‍ത്താന്‍ സഹായകമാകുമെന്ന് ഓപ്പണ്‍സിഗ്നല്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ 4ജി ലഭ്യത വര്‍ധിപ്പിക്കുന്നതില്‍ റിലയന്‍സ് ജിയോ വലിയ ഒരു പങ്കു വഹിച്ചട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ജിയോയ്ക്ക് ഇന്ത്യയില്‍ ആകെ 238 ദശലക്ഷം 4ജി ഉപഭോക്താക്കളാണുള്ളത് ഇതില്‍ 83 ശതമാനവും ഗ്രാമീണ മേഖലയില്‍ നിന്നാണെന്നാണ് വിപണി നിരീക്ഷണ സ്ഥാപനമായ സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020 ആകുന്നതോടെ ഇന്ത്യയിലെ 4ജി സ്ബ്‌ക്രൈബര്‍മാരുടെ എണ്ണം 432 ദശലക്ഷത്തില്‍ എത്തുമെന്നും 35 ശതമാനം 4ജി സബ്‌സ്‌ക്രൈബര്‍മാരും 4 ജി സൗകര്യമുള്ള ഫീച്ചര്‍ഫോണാകും അന്ന് ഉപയോഗിക്കുകയെന്നുമാണ് സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ അനുമാനം.

Comments

comments

Categories: Current Affairs
Tags: 4G