ജപ്പാനില്‍ നിന്നും ഇന്ത്യ 18 ബുള്ളറ്റ് ട്രെയ്‌നുകള്‍ വാങ്ങും; ചെലവ് 7,000 കോടി

ജപ്പാനില്‍ നിന്നും ഇന്ത്യ 18 ബുള്ളറ്റ് ട്രെയ്‌നുകള്‍ വാങ്ങും; ചെലവ് 7,000 കോടി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ട്രെയ്‌നുകളാണ് സാമുറായുടെ നാട്ടില്‍ നിന്നെത്തുക

ന്യൂഡെല്‍ഹി: ഇന്ത്യ ജപ്പാനില്‍ നിന്നും 18 ബുള്ളറ്റ് ട്രെയ്‌നുകള്‍ വാങ്ങും. 7,000 കോടി രൂപയാണ് ഇതിനായുള്ള മൊത്തം ചെലവ് കണക്കാക്കിയിട്ടുള്ളത്. ജപ്പാനില്‍ നിന്നും വാങ്ങാനുദ്ദേശിക്കുന്ന 18 ട്രെയ്ന്‍ സെറ്റുകള്‍ക്ക് ഓരോന്നിനും 18 കോച്ചുകള്‍ വീതമാണ് ഉണ്ടാകുകയെന്നും മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളവയായിരിക്കും ഇവയെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

അതിവേഗ ബുള്ളറ്റ് ട്രെയ്‌നുകള്‍ സംഭരിക്കുന്നതിനായുള്ള ടെന്‍ഡര്‍ ഇന്ത്യ ഉടന്‍ ക്ഷണിക്കുമെന്നാണ് വിവരം. ജാപ്പനീസ് മാനുഫാക്ച്ചറര്‍മാര്‍ ടെന്‍ഡറിനായി അപേക്ഷ സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജപ്പാന്‍ റെയ്ല്‍വേസിന്റെ ഡിസൈനിലായിരിക്കും ഇന്ത്യയുടെ ബുള്ളറ്റ് ട്രെയ്‌നുകള്‍ രൂപകല്‍പ്പന ചെയ്യുക. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ബുള്ളറ്റ് ട്രെയ്‌നുകൡല്‍ മുന്‍നിരയിലാണ് ജപ്പാനിലേത്. അവിടെ നിന്നും കൊണ്ടുവരുന്ന ബുള്ളറ്റ് ട്രെയ്‌നുകളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനവും ഉണ്ടാകും.

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് വരുന്നത്. 2022 അവസാനത്തോടെ ബുള്ളറ്റ് ട്രെയ്ന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാന്റെ സാമ്പത്തിക സഹായത്തോടെയാണ് 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യയുടെ അതിവേഗ ബുള്ളറ്റ് ട്രെയ്ന്‍ ഇടനാഴി വികസിപ്പിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ഇന്ത്യന്‍ റെയ്ല്‍വേ പ്രതീക്ഷിക്കുന്നത്.

ഏകദേശം 18,000 യാത്രികര്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയ്ന്‍ സര്‍വീസ് ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്. 12 സ്റ്റേഷനുകളാണ് ഈ റൂട്ടിലുണ്ടാകുക. ട്രെയ്‌നിലെ ഇക്കോണമി ക്ലാസ് യാത്രാ നിരക്ക് 3,000 രൂപയില്‍ താഴെയായിരിക്കും. വിമാനങ്ങളിലേതിനു സമാനമായ ഫസ്റ്റ് ക്ലാസ് സൗകര്യവും ബുള്ളറ്റ് ട്രെയ്‌നിലുണ്ടാകും.

പദ്ധതി നടത്തിപ്പിനായി ജാപ്പനീസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് ഇതിനകം ധനസഹായം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിക്ക് 50 വര്‍ഷത്തേക്കായി 0.1 ശതമാനം വാര്‍ഷിക പലിശനിരക്കില്‍ 80,000 കോടി രൂപയുടെ വായ്പയാണ് ജാപ്പനീസ് ഏജന്‍സി വാഗ്ദാനം ചെയ്തിട്ടുള്ളത്. വായ്പയ്ക്ക് 15 വര്‍ഷത്തെ മൊറട്ടോറിയവും ജപ്പാന്‍ ഏജന്‍സി അനുവദിച്ചിട്ടുണ്ട്. അതായത് വായ്പ ലഭിച്ചതിനുശേഷം 15 വര്‍ഷം കഴിഞ്ഞ് കുടിശ്ശിക അടച്ചുതുടങ്ങിയാല്‍ മതി.

ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കൊപ്പം തന്നെ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയ്ന്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ തുടങ്ങും. കാവാസാക്കി, ഹിറ്റാച്ചി തുടങ്ങിയ ജാപ്പനീസ് ട്രെയ്ന്‍ ടെക്‌നോളജി കമ്പനികള്‍ ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയ്ന്‍ അസംബ്ലിംഗ് യൂണിറ്റ് ആരംഭിച്ചേക്കുമെന്നാണ് സൂചന. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കുകീഴില്‍ ബുള്ളറ്റ് ട്രെയ്ന്‍ അസംബ്ലിംഗ് യൂണിറ്റ് വികസിപ്പിക്കുന്നതിന് കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മോദിയുടെ സ്വപ്‌ന പദ്ധതി

  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയ്ന്‍ 2022ല്‍ സര്‍വീസ് തുടങ്ങിയേക്കും
  • മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് അതിവേഗ തീവണ്ടി വരുന്നത്
  • 18,000 യാത്രികരെയാണ് ബുള്ളറ്റ് ട്രെയ്ന്‍ പ്രതീക്ഷിക്കുന്നത്
  • 18 ട്രെയ്‌നുകള്‍ വാങ്ങുന്നതോടൊപ്പം തന്നെ ഇന്ത്യയില്‍ ആഭ്യന്തര ഉല്‍പ്പാദനം സാധ്യമാക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറ്റവും ജപ്പാനുമായുള്ള കരാറിന്റെ ഭാഗമാണ്
  • 18 ഇ5 സീരിസിലുള്ള ഷിന്‍കാന്‍സെന്‍ ട്രെയ്‌നുകളാകും ഇന്ത്യ വാങ്ങിക്കുക
  • ഇന്ത്യയില്‍ ട്രെയ്ന്‍ അസംബ്ലിംഗ് പ്ലാന്റ് തുടങ്ങാനും പദ്ധതി
  • 88,000 കോടി രൂപയുടെ വായ്പയാണ് ഉദാരമായ രീതിയില്‍ ജപ്പാന്‍ ഇന്ത്യക്ക് നല്‍കുന്നത്. .1 % മാത്രമാണ് പലിശ. 15 വര്‍ഷത്തിന് ശേഷം മതി തിരിച്ചടവ്

Comments

comments

Categories: FK News
Tags: bullet train