ഗംഗാ നദിയെ പരിരക്ഷിക്കാന്‍ സായുധ സേന വന്നേക്കും

ഗംഗാ നദിയെ പരിരക്ഷിക്കാന്‍ സായുധ സേന വന്നേക്കും

ഗംഗയെ മലിനമാക്കിയാല്‍ അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും; ദേശീയ ഗംഗാ കൗണ്‍സിലും ദേശീയ ഗംഗാ പുനരുദ്ധാരണ അതോറിറ്റിയും രൂപീകരിക്കണം

ന്യൂഡെല്‍ഹി: പുണ്യ നദിയായ ഗംഗയുടെ ശുദ്ധീകരണത്തിനും പുനരുത്ഥാരണത്തിനുമായുള്ള ശ്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടികള്‍ നിര്‍ദേശിക്കുന്ന കരട് ബില്ലിന് കേന്ദ്ര ജല വിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് രംഗത്തെത്തി. ഇന്ത്യയുടെ ദേശീയ നദിയായ ഗംഗയെ സംരക്ഷിക്കുന്നതിന് സായുധ സേനയെ നിയോഗിക്കണമെന്നാണ് പ്രധാന നിര്‍ദേശം. ആംഡ് ഗംഗാ പ്രൊട്ടക്ഷന്‍ കോര്‍പ്‌സ് എന്ന സായുധ സേനക്ക് 2,500 കിലോമീറ്ററിലധികം നീളമുള്ള ഗംഗാ നദിയെ മലിനപ്പെടുത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുന്നതിനുമുള്ള അധികാരം നല്‍കണം. നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, നദിയുടെയും പോഷകനദികളുടെയും സമീപത്ത് നിന്ന് വ്യവസായ-വാണിജ്യ ഉപഭോഗത്തിനായി ഭൂഗര്‍ഭ ജലമെടുക്കല്‍, വാണിജ്യാവശ്യത്തിനായുള്ള മത്സ്യബന്ധനം- മത്സ്യകൃഷി, നദിയിലേക്കുള്ള മലിനജലം ഒഴുക്കല്‍ എന്നിവ നിര്‍ബന്ധമായും നിരോധിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും കരട് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു.

രാജ്യത്തെ പരിസ്ഥിതി നിയമം ഗംഗാ നദിയുടെ സംരക്ഷണത്തിന് അപര്യാപ്തമാണെന്ന അഭിപ്രായം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിരിക്കുന്നത്. നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ദേശീയ ഗംഗാ കൗണ്‍സിലും ദേശീയ ഗംഗാ പുനരുദ്ധാരണ അതോറിറ്റിയും രൂപീകരിക്കാനാണ് നിര്‍ദേശം. ഇവ സ്ഥിരം സമിതികളായി പ്രവര്‍ത്തിക്കും.

നദിയെ മലിനപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ ശുപാര്‍ശ ചെയ്യുന്ന ഗംഗാ ദേശീയ നദീ ബില്‍ 2017, കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് ഗിരിധര്‍ മാളവ്യ അധ്യക്ഷനായ സമിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. നദിയുടെ നിലനില്‍പ്പിന് ആഘാതം ഏല്‍പ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നൂറു കോടി രൂപ വരെ പിഴയും ഏഴ് വര്‍ഷം വരെ തടവും ശിക്ഷയായി നല്‍കാനാണ് ഈ ബില്‍ ശുപാര്‍ശ ചെയ്തിരുന്നത്. മറ്റൊരു നാലംഗസമിതി ഈ ബില്‍ പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് പുതിയ കരട് തയാറാക്കിയിരിക്കുന്നത്. നേരത്തേ ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗാനദിയെ ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ വ്യക്തിയുടെ അവകാശാധികാരങ്ങള്‍ ഗംഗാനദിക്ക് ലഭ്യമായി. കരട് ബില്ല് കേന്ദ്ര സര്‍ക്കാരിലെ എല്ലാ മന്ത്രാലയങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Ganga river

Related Articles