സാമ്പത്തിക പ്രതിസന്ധികൾ ബിനാലെയെ ബാധിക്കില്ല

സാമ്പത്തിക പ്രതിസന്ധികൾ ബിനാലെയെ ബാധിക്കില്ല

ലോക കലാഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതിന് അവസരമൊരുക്കിയ കൊച്ചി മുസിരിസ് ബിനാലെ വിജയകരമായ മൂന്ന് പതിപ്പുകള്‍ പിന്നിട്ട് നാലാം പതിപ്പിനായി ഒരുങ്ങുന്നു. 2018 ഡിസംബര്‍ 12 ന് തുടക്കം കുറിക്കുന്ന, 108 ദിവസം നീണ്ട് നില്‍ക്കുന്ന കലാമാമാങ്കത്തിന് ഇക്കുറി 32 ലോകരാജ്യങ്ങളില്‍ നിന്നായി 96 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. 2012 ല്‍ ആദ്യമായി ബിനാലെ സംഘടിപ്പിച്ചപ്പോള്‍ നാല് ലക്ഷം സന്ദര്‍ശകരാണ് ബിനാലെ വേദിയില്‍ എത്തിയത്, 2014 ല്‍ അത് അഞ്ചു ലക്ഷമായും 2016 ല്‍ ആറര ലക്ഷമായും വര്‍ധിച്ചു. ഇക്കുറി പ്രളയം ബിനാലെയുടെ മോഡിക്ക് അല്‍പം ക്ഷീണമേല്‍പ്പിക്കുന്നുണ്ട് എങ്കിലും മുന്‍പതിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സന്ദര്‍ശകരെ ബിനാലെ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കോര്‍പറേറ്റുകളുടെയും പൂര്‍ണമായ പിന്തുണയോട് കൂടി പ്രവര്‍ത്തനം പുരോഗമിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ  നാലാം പതിപ്പിന്റെ വിശേഷങ്ങള്‍ ഫ്യൂച്ചര്‍ കേരളയോട് പങ്കു വയ്ക്കുകയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും സെക്രട്ടറി റിയാസ് കോമുവും

രാജ്യത്തിന്റെ യശസ്സുയര്‍ത്തും കൊച്ചി മുസരിസ് ബിനാലെ കേരളത്തിന്റെ ആര്‍ട്ട്, ടൂറിസം വിഭാഗത്തില്‍ ഒരു ബ്രാന്‍ഡ് നെയിം ആയി കൊച്ചി മുസരിസ് ബിനാലെ മാറിക്കഴിഞ്ഞു. എങ്ങനെയാണ് ഇത്തരത്തില്‍ ഒരാശയത്തിലേക്ക് നിങ്ങള്‍ എത്തിച്ചേരുന്നത്?

ഏതൊരു രാജ്യത്തും കലയ്ക്ക് അതിന്റേതായ ഒരു സ്ഥാനമുണ്ട്. നമ്മുടെ രാജ്യവും അതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. വിദേശരാജ്യങ്ങളില്‍ നടക്കുന്ന ബിനാലെകള്‍ പിന്തുര്‍ന്നതിന്റെ വെളിച്ചത്തിലാണ് എന്തുകൊണ്ട് ഇവിടെയും അത്തരത്തില്‍ ഒന്ന് സംഘടിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയുണ്ടായത്. അത്തരത്തില്‍ വിദേശീയരായ കലാകാരന്മാര്‍ക്ക് വരാനും കലാസൃഷ്ടികള്‍ പങ്കുവയ്ക്കുവാനും ഉചിതമായ സ്ഥലം എന്ന നിലക്കാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ തെരെഞ്ഞെടുത്തത്. ഒരു കള്‍ച്ചറല്‍ ഫെസ്റ്റ് എന്ന നിലയ്ക്കാണ് ഞങ്ങള്‍ക്ക് കൊച്ചി ബിനാലെയെ തുടക്കം മുതല്‍ സമീപിച്ചത്. ആര്‍ട്ട് എഡ്യൂക്കേഷനുമായി ബന്ധപ്പെടുത്തിയാണ് 2012 മുതല്‍ ബിനാലെയെ കണ്ടിട്ടുള്ളത്. മറ്റു രാജ്യങ്ങളില്‍ നടക്കുന്ന ബിനാലെകളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കണം കൊച്ചിയിലേത് എന്നതിനാലാണ് ഇത്തരത്തില്‍ ഒരു സമീപനം സ്വീകരിച്ചത്.ബിനാലെയോട് അനുബന്ധിച്ച് നടക്കുന്ന സ്റ്റുഡന്റസ് ബിനാലെ അതിനൊരുദാഹരണമാണ്. ആര്‍ട്ട് എഡ്യുക്കേഷന്‍ എന്ന ആശയത്തില്‍ അധിഷ്ഠിതമായി തന്നെയാണ് ബിനാലെ ആവിഷ്‌കരിച്ചത്. അതോടൊപ്പം വിവിധ സംസ്‌കാരങ്ങളുടെ സമ്മേളനത്തിനും വേദിയൊരുക്കുന്നു. ഏറെ ക്ലേശങ്ങള്‍ അനുഭവിച്ചാണ് ആദ്യത്തെ ബിനാലെ 2012 ല്‍ ജനങ്ങളിലേക്ക് എത്തിച്ചത്. എന്നാല്‍ വിചാരിച്ചതിലും മനോഹരമായി ജനങ്ങള്‍ ഈ ആശയത്തെ സ്വീകരിച്ചു. അതിനാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഫണ്ടിങ്ങിനും കലാകാരന്മാരുടെ പ്രാതിനിത്യത്തിനും ഒന്നും തന്നെ ക്ഷാമം നേരിട്ടില്ല. ഇപ്പോള്‍ നാലാമത്തെ ബിനാലെ മുന്‍വര്‍ഷങ്ങളില്‍ നിന്നും കൂടുതല്‍ മികവുറ്റതാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കൊച്ചി മുസരിസ് ബിനാലെയുടെ പിന്നണി പ്രവര്‍ത്തകര്‍.

ലോകത്തെ ഒന്നടങ്കം കൊച്ചിയുടെ മണ്ണിലേക്ക് ആകര്‍ഷിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ ?

2012 ല്‍ ആദ്യ പതിപ്പിന് തുടക്കം കുറിച്ച ശേഷം കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എന്ന സമിതിയാണ് ബിനാലെയുടെ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആദ്യ പതിപ്പില്‍ ഞാന്‍ ക്യൂറേറ്റ് ചെയ്തത് പോലെ ഇക്കുറി കലാകാരിയായ അനിത ദുബെ ബിനാലെ ക്യൂറേറ്റ് ചെയ്യും.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ കലാകാരന്മാരെ ബിനാലെ വേദിയിലേക്ക് എത്തിക്കേണ്ട ചുമതല ക്യൂറേറ്റര്‍ക്കാണ്. ബിനാലെ ഫൗണ്ടേഷന് കീഴിലെ ട്രസ്റ്റില്‍ 13 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ബിനാലെ പൂര്‍ണമായും ആശയവത്കരിച്ച്, സംഘടിപ്പിച്ച്, നടപ്പിലാക്കുന്നതിന്റെ പൂര്‍ണ ചുമതല കലാകാരന്മാര്‍ മാത്രം അംഗങ്ങളായ ഈ ട്രസ്റ്റിനായിരിക്കും. മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ശമ്പള വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരും ബിനാലെയുടെ പിന്നണിയില്‍ ഉണ്ട്.

കേരളത്തില്‍ ഇത്രയേറെ സ്ഥലങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കൊച്ചിയെ ബിനാലെ നഗരമായി തെരെഞ്ഞെടുത്തത് ?

ഏറെ ആലോചിച്ച ശേഷമാണ് കൊച്ചിയെ ബിനാലെയുടെ വേദിയായി തെരെഞ്ഞെടുത്തത്. നമ്മുടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഓരോ ജില്ലകളിലും ഏതെങ്കിലും വിധത്തില്‍പെട്ട ഫെസ്റ്റിവലുകള്‍ ഉണ്ടായിരിക്കും. ഉദാഹരണമായി തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നു, കോട്ടയത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുന്നു. അങ്ങനെ നോക്കിയപ്പോള്‍ കള്‍ച്ചര്‍, ആര്‍ട്ട് എന്നിവയുമായി ബന്ധപ്പെട്ട ഒരു ഫെസ്റ്റിവലിന് ഏറ്റവും യോജിച്ച സ്ഥലം കൊച്ചി ആണ് എന്ന് തോന്നി. കാരണം, ബിനാലെക്കായി കണ്ടെത്തിയ ഫോര്‍ട്ട്‌കൊച്ചി എന്ന പ്രദേശം വിവിധ സംസ്‌കാരങ്ങളുടെ സംഗമ കേന്ദ്രമാണ്. കേവലം നാലര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ 42 വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ഇവിടെ താമസിക്കുന്നത്. ലോകത്തിന്റെ പലഭാഗത്തും വലിയ പീഡനങ്ങള്‍ നേരിടേണ്ടി വന്ന ജൂതകുടുംബങ്ങള്‍ ഇവിടെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെയാണ് ജീവിക്കുന്നത്. വളരെ ഉദാത്തമായ സാംസ്‌കാരിക പൈതൃകമാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്. ഒപ്പം മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തിലും കൊച്ചി മുന്നിട്ട് നില്‍ക്കുന്നു. ഈ ഘടകങ്ങള്‍ തന്നെയാണ് കൊച്ചിയെ ബിനാലെയുടെ വേദിയായി തെരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും.

വിജയകരമായ മൂന്ന് പതിപ്പുകള്‍ പിന്നിട്ട്, കൊച്ചി മുസിരിസ്
ബിനാലെ നാലാം പതിപ്പിലേക്ക് കടക്കുകയാണ്. ഇത്തവണത്തെ ബിനാലെ ഏതെല്ലാം രീതിയിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?

2012 ല്‍ തുടക്കം കുറിച്ച ശേഷം ബിനാലെക്ക് ലഭിക്കുന്ന പ്രതികരണം ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്.ആദ്യവര്‍ഷം 87 കലാകാരന്മാരും നാല് ലക്ഷം സന്ദര്‍ശകരുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2016 ല്‍ നടന്ന ബിനാലെയില്‍ 94 കലാകാരന്മാരും 5 ലക്ഷം സന്ദര്‍ശകരും ഉണ്ടായി. 2016 കലാകാരന്മാരുടെ എണ്ണം 97 ലേക്കും സന്ദര്‍ശകരുടെ എണ്ണം ആറര ലക്ഷത്തിലേക്കും വര്‍ധിച്ചു. നിലവില്‍ ബിനാലെയുടെ നാലാം പതിപ്പിലേക്കായി 37 ലോകരാജ്യങ്ങളില്‍ നിന്നായി 96 കലാകാരന്മാരെയാണ് കണ്ടെത്തിയിരിക്കുന്നത്. എണ്ണം ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ട്. അനിത ദുബെ ആണ് ഇത്തവണത്തെ ബിനാലെയുടെ ക്യൂറേറ്റര്‍. ആദ്യമായാണ് ഇവിടെ ഒരു വനിതാ ക്യൂറേറ്റര്‍ വരുന്നത് എന്ന ഒരത്യേകതയും ഇത്തവണത്തെ ബിനാലെക്ക് ഉണ്ട്. 2017 മാര്‍ച്ചില്‍ പദവി ഏറ്റെടുത്ത അനിത കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി മികവുറ്റ കലാകാരന്മാരെ തേടിയുള്ള യാത്രയിലാണ്. ഈ സമയപരിധിക്കുള്ളില്‍ 32 പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചാണ് കലാകാരന്മാരെ അനിത തെരഞ്ഞെടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ മുന്‍വര്‍ഷങ്ങളിലെ തീമില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ഇത്തവണത്തെ ബിനാലെയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക.പ്രളയം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ആശയങ്ങള്‍ കലാസൃഷ്ടികളില്‍ ഉള്‍ച്ചേര്‍ക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

സംസ്ഥാനത്തുണ്ടായ പ്രളയം ബിനാലെയുടെ നാലാം പതിപ്പിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ ?

തീര്‍ച്ചയായും. പ്രധാനമായും പ്രളയം നിമിത്തം നമുക്ക് ധാരാളം സാമ്പത്തിക പിന്തുണ നഷ്ടപെടുന്നുണ്ട്. ഉദാരണമായി പറഞ്ഞാല്‍ കേരള സര്‍ക്കാരില്‍ നിന്നും എല്ലാ ബിനാലെയ്ക്കും ലഭിച്ച രീതിയിലുള്ള ഒരു സാമ്പത്തിക പിന്തുണ ഇക്കുറി ലഭിക്കാന്‍ ഇടയില്ല. ഫണ്ടുകള്‍ പലതും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതിനാലാണ് ഇത്. എന്നാല്‍ അതൊരു വലിയ പ്രസാധനമായി ഞങ്ങള്‍ കാണുന്നില്ല.ആദ്യ ബിനാലെ ഞങ്ങള്‍ സംഘടിപ്പിച്ചത് ഇത്തരത്തിലുള്ള ഫണ്ടിംഗുകള്‍ ഒന്നും ഇല്ലാതെയായിരുന്നു. ബന്ധങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന പ്രവര്‍ത്തന ശൈലി. അതിനാല്‍ ഫണ്ടുകള്‍ കണ്ടെത്തുന്നതിനായി മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കും. സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നിനാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിച്ചിരുന്നത്. അതിനാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നു. കഴിയുന്ന രീതിയില്‍ പുനരധിവാസ പദ്ധതികളുടെ ഭാഗമാവുകയും ചെയ്യുന്നുണ്ട്.

കോര്‍പ്പറേറ്റുകളില്‍ നിന്നും ലഭിക്കുന്ന പിന്തുണ?

കോര്‍പ്പറേറ്റുകളില്‍ നിന്നും കലയുടെ ഉന്നമനത്തെ മുന്‍നിര്‍ത്തി മികച്ച പിന്തുണയാണ് ബിനാലെക്ക് ലഭിക്കുന്നത്. ടാറ്റ ട്രസ്റ്റ് തുടക്കം മുതല്‍ പിന്തുണയ്ക്കുന്നുണ്ട്. രണ്ടാം പതിപ്പില്‍ അവര്‍ നല്‍കിയതിന്റെ ഇരട്ടി തുകയാണ് ബിനാലെയുടെ മൂന്നാം പതിപ്പിനായി നല്‍കിയത്. അത് പോലെ ലുലു ഗ്രൂപ്പ്, അദീപ് ഷെഫീന ഫൗണ്ടേഷന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളും സംഘടനകളും ഇക്കുറി മികച്ച സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്.

കേരളത്തിന്റെ ടൂറിസം രംഗത്ത് ബിനാലെ ചെലുത്തുന്ന സ്വാധീനം ?

കേരളത്തിന്റെ ടൂറിസം രംഗത്തെ പരോക്ഷമായാണ് ബിനാലെ പിന്തുണയ്ക്കുന്നത്. ബിനാലെയോട് അനുബന്ധിച്ച് കേരളത്തില്‍ എത്തുന്ന സന്ദര്‍ശകരില്‍ ഏറിയ പങ്കും വിദേശികളാണ്. ഇവര്‍ കലയോടൊപ്പം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ സൗന്ദര്യം കൂടി ആസ്വദിച്ചാണ് മടങ്ങുന്നത്.ഇതിന്റെ ഫലം ലഭിക്കുന്നത് സര്‍ക്കാരിന് തന്നെയാണ്. ബിനാലെ കാലയളവില്‍ വിനോദസഞ്ചാരരംഗത്തിന് ഒരു മുന്നേറ്റം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇക്കുറി പ്രളയത്തെ തുടര്‍ന്ന്, വിനോദസഞ്ചാര രംഗം ആകെ തളര്‍ന്ന അവസ്ഥയിലാണ്. എന്നാല്‍ ബിനാലെയോട് കൂടി ടൂറിസം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കും എന്നാണ് കരുതുന്നത്.

Comments

comments

Categories: FK Special, Slider