‘ബിനാലെയുടെ നാലാം പതിപ്പിനെ കാത്തിരിക്കുന്നത് സാമ്പത്തിക വെല്ലുവിളികള്‍’

‘ബിനാലെയുടെ നാലാം പതിപ്പിനെ കാത്തിരിക്കുന്നത് സാമ്പത്തിക വെല്ലുവിളികള്‍’

സംസ്ഥാന സര്‍ക്കാര്‍ ബിനാലെയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ വര്‍ഷത്തെയും പോലെ പ്രഖ്യാപിച്ച 3 കോടി രൂപ പ്രളയക്കെടുതിയെ തുടര്‍ന്ന് ഇക്കുറി ലഭ്യമാകാന്‍ ഇടയില്ലന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിനായി പ്രധാനവേദി ഫോര്‍ട്ട്‌കൊച്ചിയും പരിസരങ്ങളും ഒരുങ്ങിത്തുടങ്ങി. ആദ്യവര്‍ഷം 32 ലോകരാജ്യങ്ങളില്‍ നിന്നായി 87 കലാകാരന്‍മാര്‍ പങ്കെടുത്ത ബിനാലെയുടെ നാലാം പതിപ്പിനായി ക്യൂറേറ്റര്‍ അനിത ദുബെ കണ്ടെത്തിയിരിക്കുന്നത് 96 കലാകാരന്മാരെയാണ്. എന്നാല്‍ അവിചാരിതമായി വന്നെത്തിയ പ്രളയം ബിനാലെയുടെ നാലാം പതിപ്പിന് നിരവധി സാമ്പത്തിക വെല്ലുവിളികള്‍ സൃഷ്ടിച്ചിരിക്കുകയാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറയുന്നു.

കേരളത്തിന്റെ ആര്‍ട്, ടൂറിസം വികസനത്തില്‍ നിര്‍ണായക പങ്കാണ് കഴിഞ്ഞ സീസണുകളില്‍ കൊച്ചി മുസിരിസ് ബിനാലെ വഹിച്ചത്. 108 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ കലാമാമാങ്കത്തിനായി വലിയ തുകയാണ് ചെലവാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ ബിനാലെയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ വര്‍ഷത്തെയും പോലെ പ്രഖ്യാപിച്ച 3 കോടി രൂപ ഇക്കുറി ലഭ്യമാകാന്‍ ഇടയില്ല. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ട അവസ്ഥയില്‍ ആയതിനാലാണ് ഇത്-ബോസ് കൃഷ്ണമാചാരി ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥ മനസിലാക്കി സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ബിനാലെ സംഘാടകര്‍ ആഗ്രഹിക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുകയും ബിനാലെക്കായി ഫണ്ട് കണ്ടെത്തുന്നതിനുള്ള മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ബാധിച്ചതിനാല്‍ കോര്‍പ്പറേറ്റ് രംഗത്ത് നിന്നുള്ള സ്‌പോണ്‍സര്‍മാരും ഫണ്ടിനായി ബുദ്ധിമുട്ടുകയാണ്. എന്നാല്‍ പ്രതിസന്ധികളെ തന്മയത്വത്തോടെ നേരിടുന്നുവെന്നും ഏത് വിധേനെയും കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പ് ഗംഭീരമാക്കുമെന്നും അദ്ദേഹം.

2012ല്‍ ആദ്യമായി ബിനാലെ സംഘടിപ്പിച്ചത് എങ്ങനെയാണോ അതുപോലെ തന്നെ പലമേഖലകളില്‍ നിന്നും പരിപാടിയുടെ നടത്തിപ്പിനായി പണം കണ്ടെത്തും. നിലവില്‍ ടാറ്റ ട്രസ്റ്റ്, ലുലു ഗ്രൂപ്പ്, അദീബ് ഷെഫീന ഫൗണ്ടേഷന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ബിനാലെക്ക് ലഭിച്ച പിന്തുണയ്ക്കും സാമ്പത്തിക സഹായത്തിനും ഏറെ നന്ദിയുണ്ട്. ഇപ്പോള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണ്. അതു കണ്ടറിഞ്ഞു തന്നെയാണ് ബിനാലെ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs
Tags: Biennale