നാല് ഡര്‍ട്ട് ബൈക്കുകളുമായി സുസുകി

നാല് ഡര്‍ട്ട് ബൈക്കുകളുമായി സുസുകി

കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകളായി ഇറക്കുമതി ചെയ്യും

ന്യൂഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി ഇന്ത്യന്‍ വിപണിയില്‍ നാല് ഡര്‍ട്ട് ബൈക്കുകള്‍ അവതരിപ്പിക്കും. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റുകളായി (സിബിയു) ഇന്ത്യയിലേക്ക് ഈ ബൈക്കുകള്‍ ഇറക്കുമതി ചെയ്യും. നാല് മോഡലുകളിലൊന്നായ ആര്‍എം-ഇസഡ്250 ചില ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞു. മറ്റ് മോഡലുകള്‍ പിറകെ വരും. രണ്ടും കല്‍പ്പിച്ചാണ് ഇന്ത്യയിലെ ഡര്‍ട്ട് ബൈക്ക് സെഗ്‌മെന്റിലേക്ക് സുസുകി വലതുകാല്‍ വെയ്ക്കുന്നത്.

ഡിആര്‍-ഇസഡ്50, ആര്‍എം-ഇസഡ്250, ആര്‍എം-ഇസഡ്450, ആര്‍എംഎക്‌സ്450ഇസഡ് എന്നീ നാല് ഡര്‍ട്ട് ബൈക്കുകളാണ് സുസുകി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഡിആര്‍-ഇസഡ്50 തുടക്കക്കാരെ ഉദ്ദേശിച്ചുള്ളതാണ്. 2.65 ലക്ഷം രൂപയായിരിക്കും ഈ മിനി ഡര്‍ട്ട് ബൈക്കിന് വില. ആര്‍എം-ഇസഡ്250 ബൈക്കിന് 7.20 ലക്ഷം രൂപയും ആര്‍എം-ഇസഡ്450 മോഡലിന് 8.40 ലക്ഷം രൂപയും ആര്‍എംഎക്‌സ്450ഇസഡ് ബൈക്കിന് 8.75 ലക്ഷം രൂപയും വില വരും. എല്ലാം ഇന്ത്യ എക്‌സ് ഷോറൂം വില.

49 സിസി, 4 സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഡിആര്‍-ഇസഡ്50 മോട്ടോര്‍സൈക്കിളിന് സുസുകി നല്‍കിയിരിക്കുന്നത്. 54 കിലോഗ്രാം മാത്രമാണ് കെര്‍ബ് വെയ്റ്റ്. സീറ്റിന്റെ ഉയരം 560 മില്ലി മീറ്റര്‍. ഫുള്‍ സൈസ് ഡര്‍ട്ട് ബൈക്കാണ് സുസുകി ആര്‍എം-ഇസഡ്250. 250 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ബൈക്കിന് കരുത്തേകും. ജാപ്പനീസ് കമ്പനിയായ കെവൈബിയുടെ അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷന്‍ മുന്നിലും പിന്നിലും നല്‍കിയിരിക്കുന്നു. 106 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. സീറ്റ് ഉയരം 955 എംഎം. 449 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സുസുകി ആര്‍എം-ഇസഡ്450 ബൈക്കിന് കരുത്തേകുന്നത്. 112 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. സീറ്റ് ഉയരം 960 എംഎം. ആര്‍എംഎക്‌സ്450ഇസഡ് ഇതേ എന്‍ജിന്‍ ഉപയോഗിക്കുന്നു. എന്നാല്‍ എന്‍ഡ്യൂറോ റൈഡിംഗിനായി ഹെഡ്‌ലൈറ്റ് നല്‍കി.

നാല് ഡര്‍ട്ട് ബൈക്കുകളും റോഡ് ലീഗല്‍ അല്ല. പൊതു നിരത്തുകളിലൂടെ ഓടിക്കാന്‍ കഴിയില്ല. ബൈക്കുകള്‍ക്ക് ഹെഡ്‌ലൈറ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയ്ല്‍ ലൈറ്റ് എന്നിവ നല്‍കിയിട്ടില്ല. റോഡില്‍ ഉപയോഗിക്കാവുന്ന ടയറുകളല്ല നല്‍കിയിരിക്കുന്നത്. വളരെ ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളുകള്‍ നിയന്ത്രിത സാഹചര്യങ്ങളിലും മത്സരങ്ങള്‍ക്കും ഉപയോഗിക്കാനുള്ളതാണ്. കാവസാക്കി കെഎക്‌സ്, കെഎല്‍എക്‌സ് കാറ്റഗറി മോട്ടോര്‍സൈക്കിളുകളുമായാണ് സുസുകി ഡര്‍ട്ട് ബൈക്കുകള്‍ മത്സരിക്കേണ്ടത്.

Comments

comments

Categories: Auto