റീട്ടെയ്ല്‍ രംഗത്തേക്കുള്ള വിദേശനിക്ഷേപം കൂടുന്നു

റീട്ടെയ്ല്‍ രംഗത്തേക്കുള്ള വിദേശനിക്ഷേപം കൂടുന്നു

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധയൂന്നിയതും ഉപഭോക്താക്കളുടെ വാങ്ങല്‍ ശീലങ്ങളില്‍ ഡിജിറ്റല്‍ സ്വാധീനം വര്‍ധിച്ചതുമെല്ലാം റീട്ടെയ്ല്‍ രംഗത്തിന് ഗുണകരമായി

ന്യൂഡെല്‍ഹി: രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍, ഡിജിറ്റല്‍ സ്വാധീനത്തെ തുടര്‍ന്നുണ്ടായ ഉപഭോക്തൃശൈലികളിലെ മാറ്റങ്ങള്‍, നവീകരിച്ച റീട്ടെയ്ല്‍ പദ്ധതികള്‍ തുടങ്ങിയവ ചില്ലറ, മൊത്ത വ്യാപാര രംഗത്ത് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിക്ഷേപിക്കാതെ പുറത്തിരുന്നവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും അവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും സര്‍ക്കാരിന്റെ ബിസിനസ് സൗഹൃദ നയങ്ങള്‍ സഹായിച്ചതായി ഡിലോയ്റ്റ് ആന്‍ഡ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ നേരിട്ടുള്ള വിദേശനിക്ഷേപ(എഫ്ഡിഐ)വുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

റീട്ടെയ്ല്‍ സിഎഫ്ഒ ഉച്ചകോടിയില്‍ വെച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ( ആര്‍ബിഐ)യുടെ കണക്കുകള്‍ പ്രാകാരം ചില്ലറ, മൊത്ത വ്യാപാര രംഗത്തേക്കുള്ള 2017-18 വര്‍ഷത്തെ നേരിട്ടുള്ള വിദേശനിക്ഷേപം 2016-17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇരട്ടിയായി. (2.7 ബില്യണ്‍ ഡോളറില്‍ നിന്നും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 4.4 ബില്യണ്‍ ഡോളറായാണ് എഫ്ഡിഐ ഉയര്‍ന്നത്. രാജ്യത്തേക്കുള്ള എഫ്ഡിഐ ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയ്ക്ക് അനുകൂലമായ സാമ്പത്തിക പരിസ്ഥിതിയും സര്‍ക്കാറിന്റെ ബിസിനസ് സൗഹൃദ നയങ്ങളും ഇതിനെ വളരെയധികം സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യുണൈറ്റഡ് നാഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് പുറത്തിറക്കിയ വേള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം 20 ശതമാനം ആഗോള എക്‌സിക്യൂട്ടിവുകളും അഭിപ്രായപ്പെടുന്നത് ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച നിക്ഷേപക ലക്ഷ്യസ്ഥാനമാണെന്നാണ്. യുഎസും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും മികച്ച നിക്ഷേപക കേന്ദ്രമായി ഇന്ത്യയെ ആണ് ആ റിപ്പോര്‍ട്ട് അടയാളപ്പെടുത്തുന്നത്

Comments

comments

Categories: Business & Economy
Tags: Retail