8.2% വളര്‍ച്ച; ക്രെഡിറ്റ് മോദി സര്‍ക്കാരിനെന്ന് സിഐഐ

8.2% വളര്‍ച്ച; ക്രെഡിറ്റ് മോദി സര്‍ക്കാരിനെന്ന് സിഐഐ

ജിഎസ്ടിയും എഫ്ഡിഐ നയം ഉദാരമാക്കിയതും സാമ്പത്തിക രംഗത്ത് ചലനങ്ങളുണ്ടാക്കിയതായി വ്യവസായികളുടെ സംഘടന

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യ നേടിയ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). ജിഎസ്ടി(ചരക്കുസേവനനികുതി)യും നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നയം ഉദാരമാക്കിയതും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നടപടികള്‍ ഇന്ത്യയുടെ സാമ്പത്തിക ഉത്തേജനത്തിന് വഴിയൊരുക്കിയതായാണ് സിഐഐയുടെ വിലയിരുത്തല്‍.

സ്വകാര്യ നിക്ഷേപവും സര്‍ക്കാര്‍ ചെലവിടലും വര്‍ധിക്കുന്നത് നടപ്പു സാമ്പത്തിക വര്‍ഷം 7.3 മുതല്‍ 7.7 ശതമാനം വരെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച നേടുന്നതിന് ഇന്ത്യക്ക് സഹായകമാകും. മികച്ച കാലവര്‍ഷവും ശക്തമായ ആഭ്യന്തര ആവശ്യകതയും ഉയര്‍ന്ന ജിഡിപി വളര്‍ച്ചയ്ക്ക് പ്രോത്സാഹനമാകുമെന്നും സിഐഐ പ്രസിഡന്റ് രാകേഷ് ഭാരതി മിത്തല്‍ പറഞ്ഞു.

രാജ്യത്ത് മികച്ച നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപഭോക്തൃ ആവശ്യകതയിലുണ്ടായ വര്‍ധന മികച്ച തലത്തില്‍ ഉല്‍പ്പാദന ശേഷി ഉപയോഗപ്പെടുത്തുന്നതിലേക്ക് കമ്പനികളെ നയിച്ചിട്ടുണ്ട്. ഇത് വ്യവസായ മേഖലയെ ഉയര്‍ന്ന വളര്‍ച്ചയിലേക്ക് നയിച്ചതായും മാനുഫാക്ച്ചറിംഗ് മേഖലയുടെ വളര്‍ച്ചയില്‍ പ്രതിഫലിച്ചതായും രാകേഷ് ഭാരതി മിത്തല്‍ അഭിപ്രായപ്പെട്ടു. ജൂണ്‍ പാദത്തില്‍ 13 ശതമാനമെന്ന അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഉല്‍പ്പാദന മേഖല രേഖപ്പെടുത്തിയത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില ബാഹ്യ വെല്ലുവളികള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കടുപ്പിക്കുന്നതുമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളെന്ന് സിഐഐ പറയുന്നു. എന്നാല്‍, ആന്തരികമായി ഇന്ത്യയുടെ സാമ്പത്തിക സൂചകങ്ങള്‍ കരുത്തുറ്റതാണെന്നും ബാഹ്യ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ഉറപ്പിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടെന്നും മിത്തല്‍ പറഞ്ഞു.

രാജ്യത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കിടയില്‍ സിഐഐ സംഘടിപ്പിച്ച സര്‍വേയുടെ ഫലവും മോദിണോമിക്‌സില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള ശുഭാപ്തിവിശ്വാസം വ്യക്തമാക്കുന്നതായിരുന്നു. ഈ വര്‍ഷം കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്നും അധിക നിക്ഷേപം നടത്തുമെന്നും സിഇഒമാര്‍ പറഞ്ഞതായും സിഐഐ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ശക്തമായ വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച മിതമായ തലത്തിലായിരിക്കുമെന്നാണ് ഡിബിഎസിന്റെ റിപ്പോര്‍ട്ട്. വരും പാദങ്ങളില്‍ എട്ട് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുമോ എന്ന കാര്യം സംശയമാണെന്നും ഡിബിഎസ് തങ്ങളുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഡിബിഎസിന്റെ നിഗമനം.

Comments

comments

Categories: Business & Economy