ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൊമേഴ്‌സ്യല്‍ പെര്‍മിറ്റുകള്‍ ഒഴിവാക്കും

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൊമേഴ്‌സ്യല്‍ പെര്‍മിറ്റുകള്‍ ഒഴിവാക്കും

ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ക്കും പെര്‍മിറ്റുകള്‍ വേണ്ടെന്നുവെയ്ക്കുമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ക്കും എഥനോള്‍, മെഥനോള്‍, ജൈവ ഇന്ധനം, സിഎന്‍ജി എന്നീ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ക്കും എല്ലാവിധ പെര്‍മിറ്റുകളും ഉടന്‍ ഒഴിവാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കുവേണ്ട പെര്‍മിറ്റുകളാണ് വേണ്ടെന്നുവെയ്ക്കുന്നത്.

നഗര ഗതാഗതത്തില്‍ കൊമേഴ്‌സ്യല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ വാഹനങ്ങള്‍ക്കും ബദല്‍ ഇന്ധന വാഹനങ്ങള്‍ക്കുമാണ് കൊമേഴ്‌സ്യല്‍ പെര്‍മിറ്റുകള്‍ ഒഴിവാക്കുന്നത്. 58 ാമത് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ്) കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി.

കോണ്‍ട്രാക്റ്റ് കാര്യേജ് ബസ് പെര്‍മിറ്റ്, സ്റ്റേജ് കാരിയര്‍ പെര്‍മിറ്റ്, ഗുഡ്‌സ് കാരിയര്‍ പെര്‍മിറ്റ്, മാക്‌സി കാബ് പെര്‍മിറ്റ്, റേഡിയോ ടാക്‌സി പെര്‍മിറ്റ്, ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്നിവയാണ് ഒഴിവാക്കുന്നത്. ഇത്തരം പെര്‍മിറ്റുകള്‍ നേടിയെടുക്കുന്നതിനും പുതുക്കുന്നതിനും സമയച്ചെലവും പണച്ചെലവും ധാരാളമാണ്.

പെര്‍മിറ്റുകള്‍ വേണ്ടെന്നുവെയ്ക്കുന്നതോടെ കൊമേഴ്‌സ്യല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബദല്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ക്കും സര്‍വീസ് നടത്തുന്നത് കുറേക്കൂടി എളുപ്പമാകും. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

പുതിയ തീരുമാനത്തോടെ ഇലക്ട്രിക് വാഹനങ്ങളും ബദല്‍ ഇന്ധന വാഹനങ്ങളും വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അതുവഴി അന്തരീക്ഷ വായു മലിനീകരണം കുറയ്ക്കാമെന്നാണ് പ്രതീക്ഷ.

ഫെയിം ഇന്ത്യ (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ അന്തിമരൂപം നല്‍കിയിരുന്നു. രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷത്തേക്കായി 5,500 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങള്‍ക്കും സബ്‌സിഡി നല്‍കും.

Comments

comments

Categories: Auto
Tags: e vehicles