യുഎഫ്‌സിയിലെ 10% ഓഹരി ഫ്ലഷ് എന്റര്‍ടെയ്ന്‍മെന്റ് വിറ്റു

യുഎഫ്‌സിയിലെ 10% ഓഹരി ഫ്ലഷ് എന്റര്‍ടെയ്ന്‍മെന്റ് വിറ്റു

യുഎഫ്‌സി പ്രസിഡന്റ് ഡാന വൈറ്റ് അടുത്തിടെ അവകാശപ്പെട്ടത് തങ്ങളുടെ സ്ഥാപനത്തിന് 7 ബില്ല്യണ്‍ ഡോളര്‍ മൂല്യമുണ്ടെന്നാണ്

അബുദാബി: അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പി(യുഎഫ്‌സി)ലെ തങ്ങളുടെ 10 ശതമാനം ഓഹരി അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്ലഷ് എന്റര്‍ടെയ്ന്‍മെന്റ് വിറ്റു. എത്ര തുകയുടെ ഇടപാടാണ് നടന്നതെന്ന് വ്യക്തമല്ല. ആഗോള മാര്‍ഷ്യല്‍ ആര്‍ട്‌സ് ബിസിനസ് രംഗത്തെ വമ്പന്‍ കമ്പനിയാണ് യുഎഫ്‌സി. ആയോധന കലാ സംരംഭത്തിലുള്ള തങ്ങളുടെ ഓഹരി വിറ്റ കാര്യം ഫ്ലഷ്  എന്റര്‍ടെയ്ന്‍മെന്റ് സിഇഒ ജോണ്‍ ലിക്രിഷ് സ്ഥിരീകരിച്ചിട്ടുണ്ട്.

2010ലാണ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സംരംഭത്തില്‍ ഫ്ലഷ് എന്റര്‍ടെയ്ന്‍മെന്റ് ഓഹരിയെടുത്തത്. ഓഹരി വിറ്റൊഴിയുന്നതിന് അനുയോജ്യമായ സമയം ഇതാണെന്ന് ലിക്രിഷ് വ്യക്തമാക്കി.

ടലാന്റ് ഏജന്‍സിയായ ഡബ്ല്യുഎംഇ/ഐഎംജി നേതൃത്വം നല്‍കുന്ന ഒരു സംഘം നിക്ഷേപകര്‍ക്ക് 2016ല്‍ നാല് ബില്ല്യണ്‍ ഡോളറിനാണ് യുഎഫ്‌സി വിറ്റത്. ആ സമയത്ത് തങ്ങളുടെ ഓഹരികള്‍ ഫ്ലഷ് കൈവശം വെച്ചിരുന്നു. ഫ്ലഷ് ഓഹരിയെടുത്ത സമയത്തുള്ള മൂല്യത്തെ അപേക്ഷിച്ച് വിറ്റൊഴിഞ്ഞ സമയത്ത് അവര്‍ക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

യുഎഫ്‌സി പ്രസിഡന്റ് ഡാന വൈറ്റ് അടുത്തിടെ അവകാശപ്പെട്ടത് തങ്ങളുടെ സ്ഥാപനത്തിന് 7 ബില്ല്യണ്‍ ഡോളര്‍ മൂല്യമുണ്ടെന്നാണ്. ഇഎസ്പിഎന്നുമായി അടുത്തിടെ 1.5 ബില്ല്യണ്‍ ഡോളറിന്റെ കരാറില്‍ യുഎഫ്‌സി ഒപ്പുവെച്ചിരുന്നു. അതിന് ശേഷം കമ്പനിയുടെ മൂല്യത്തില്‍ വമ്പന്‍ കുതിപ്പുണ്ടായി.

ടിക്കറ്റ്മാസ്റ്റര്‍, ഫിഫ ക്ലബ് വേള്‍ഡ് കപ്പ്, വേള്‍ഡ് പ്രൊഫഷണല്‍ ജിയു ജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പ് തുടങ്ങി നിരവധി ബ്രാന്‍ഡഡ് ഇവന്റുകളുമായി ഫ്ലഷ്  എന്റര്‍ടെയ്ന്‍മെന്റ്‌സ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം പങ്കാളിത്തങ്ങള്‍ വെല്ലുവിളി കൂടിയായിരുന്നുവെന്ന് ലിക്രിഷ് സൂചിപ്പിച്ചു.

പൂര്‍ണമായും അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ലഷ് എന്റര്‍ടെയ്ന്‍മെന്റ്. 307 പ്രധാനപ്പെട്ട ഇവന്റുകളില്‍ കമ്പനി ഭാഗമായിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: UFC