എട്ട് ലക്ഷം കോടി കടക്കുന്ന രണ്ടാമത്തെ കമ്പനിയായി ടിസിഎസ്

എട്ട് ലക്ഷം കോടി കടക്കുന്ന രണ്ടാമത്തെ കമ്പനിയായി ടിസിഎസ്

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനിയാണ് നിലവില്‍ ടിസിഎസ്

മുംബൈ: വിപണിമൂല്യത്തില്‍ എട്ട് ലക്ഷം കോടി രൂപയിലെത്തിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ കമ്പനിയായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്( ടിസിഎസ്). ഇന്നലെ ഓഹരി വ്യാപാരത്തില്‍ ഏറ്റവും മികച്ച നേട്ടമാണ് ടിസിഎസ് കൈവരിച്ചത്. ബിഎസ്ഇയിലെ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ടിസിഎസിന്റെ വിപണി മൂല്യം( മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍) 8,01,550.50 കോടി രൂപയായിരുന്നു. ടിസിഎസിന്റെ ഓഹരിവില രണ്ട് ശതമാനത്തിലധികം വര്‍ധിച്ച് 2,097 രൂപയായി. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. വ്യാപാരം അവസാനിക്കുമ്പോഴേക്കും ഇത് 2100 എന്ന നിലയിലേക്ക് വീണ്ടും ഉയര്‍ന്നു.
നേരത്തെ, ഓഗസ്റ്റ് 23 ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്്( ആര്‍ഐഎല്‍) വിപണിമൂല്യത്തില്‍ എട്ട് ലക്ഷം കോടി മറികടന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന സ്ഥാനവും ടിസിഎസ് റിലയന്‍സില്‍ നിന്ന് ഇതിനകം തിരിച്ചുപിടിച്ചിട്ടുണ്ട്. 787,450.89 രൂപയാണ് നിലവില്‍ ആര്‍ഐഎലിന്റെ വിപണി മൂല്യം.
ഓഹരി വ്യാപാരം അവസാനിച്ചപ്പോള്‍ വിപണിമൂല്യം ഏഴ് ലക്ഷം കോടി കടന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടം ടിസിഎസ് കൈവരിച്ചത് ജൂണ്‍ 15 നായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനു ശേഷം വിപണിമൂല്യം ആറ് ലക്ഷം കോടി രൂപയിലെത്തിക്കുന്ന കമ്പനിയെന്ന നേട്ടം ഈ വര്‍ഷം ആദ്യം ടിസിഎസ് സ്വന്തമാക്കിയിരുന്നു. ഏപ്രിലില്‍ 100 ബില്യണ്‍ ഡോളര്‍ വിപണിമൂല്യം നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മാറാന്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിസിഎസിനായി.

Comments

comments

Categories: Business & Economy
Tags: TCS