35 ശതമാനം വരുമാനം നേടാനൊരുങ്ങി സോണി ഇന്ത്യ

35 ശതമാനം വരുമാനം നേടാനൊരുങ്ങി സോണി ഇന്ത്യ

കൊല്‍ക്കത്ത: ഇന്ത്യയിലെ പ്രീമിയം ഉല്‍പ്പന്ന വിഭാഗം ശക്തമാക്കാനൊരുങ്ങുകയാണ് മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സോണി ഇന്ത്യ. നിലവില്‍ ടെലിവിഷന്‍, സൗണ്ട്, ഡിജിറ്റല്‍ ഇമേജിംഗ് തുടങ്ങിയ കമ്പനിയുടെ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്ന വിഭാഗം മൊത്ത വരുമാനത്തിലേക്ക് 20 മുതല്‍ 25 ശതമാനം വരെയാണ് സംഭാവന ചെയ്യുന്നതെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ ബിസിനസില്‍ നിന്ന് കമ്പനിയുടെ ആകെ വരുമാനത്തിന്റെ 30-35 ശതമാനം നേടാനാണ് പദ്ധതിയെന്നും സോണി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ നയ്യാര്‍ അറിയിച്ചു. പശ്ചിമ ബംഗാളിലെ ദുര്‍ഗ പൂജ ഉത്സവത്തിനോടനുബന്ധിച്ച നടന്ന സോണിയുടെ ഉല്‍പ്പന്നാവതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രീമിയം വിഭാഗത്തില്‍ നിക്ഷേപം നടത്തുന്നത് തുടരും. സാമ്പത്തിക പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് പ്രീമിയം ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കിലുള്ള വിഭാഗമാക്കും – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു വര്‍ഷം മുമ്പ് ടെലിവിഷന്‍ വിഭാഗത്തില്‍ വിറ്റഴിക്കപ്പെടുന്ന 55 ഇഞ്ച് മുതല്‍ മുകളില്‍ വലുപ്പമുള്ള പ്രീമിയം ഉല്‍പ്പന്നങ്ങളുടെ മൂല്യം പരിഗണിച്ചാല്‍ 5-6 ശതമാനമായിരുന്നു സോണി ഇന്ത്യയുടെ വിപണി വിഹിതം. എന്നാല്‍ ഇപ്പോള്‍ മൂല്യാടിസ്ഥാനത്തിലുള്ള സംഭാവന 26 ശതമാനത്തിലെത്തിയിട്ടുണ്ട്. അതായത് ഈ വിഭാഗത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ സോണി ഇന്ത്യന്‍ വിപണിയില്‍ നേടുന്ന ആകെ വില്‍പ്പനയില്‍ 60 ശതമാനമാണ് ടെലിവിഷന്‍ വിഭാഗത്തിന്റെ സംഭാവന. ഓഡിയോ, ഡിജിറ്റല്‍ ഇമേജിംഗ് ഉല്‍പ്പന്ന വിഭാഗങ്ങളുടെ വില്‍പ്പന വിഹിതം 15 ശതമാനം വീതവും മറ്റ് ഉല്‍പ്പന്നങ്ങള്‍ പത്ത് ശതമാനവുമാണ്.

പശ്ചിമബംഗാളിലെ ഉല്‍സവകാലത്ത് 300 കോടി രൂപയുടെ വില്‍പ്പനയും സംസ്ഥാനത്ത് ടെലിവിഷന്‍ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 27 ശതമാനത്തിന്റെ വളര്‍ച്ചയുമാണ് സോണി ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഉല്‍പ്പന്നത്തിന്റെ വില്‍പ്പന മൂല്യം നോക്കിയാല്‍ പശ്ചിമബംഗാള്‍ ടെലിവിഷന്‍ വിപണിയില്‍ 30 ശതമാനം പങ്കാളിത്തമാണ് സോണിക്കുള്ളത്.

Comments

comments

Categories: Business & Economy
Tags: Sony India