പുതിയ എര്‍ട്ടിഗ വരുന്നു ; എംപിവി സെഗ്‌മെന്റില്‍ ഉത്സവം കെങ്കേമമാകും

പുതിയ എര്‍ട്ടിഗ വരുന്നു ; എംപിവി സെഗ്‌മെന്റില്‍ ഉത്സവം കെങ്കേമമാകും

ഈ ഉത്സവ സീസണില്‍ ഇന്ത്യയിലെ എംപിവി സെഗ്‌മെന്റില്‍ തലയെടുപ്പുള്ള കൊമ്പന്‍മാരാണ് അണിനിരക്കുന്നത്

ന്യൂഡെല്‍ഹി : ന്യൂ-ജെന്‍ മാരുതി സുസുകി എര്‍ട്ടിഗ ഒക്‌റ്റോബര്‍ അവസാന വാരം ഇന്ത്യന്‍ വിപണിയിലെത്തും. ഉത്സവ സീസണ്‍ പ്രമാണിച്ച് വിജയദശമിക്കും ദീപാവലിക്കും ഇടയിലായിരിക്കും ലോഞ്ച്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മാരുതി സുസുകി എര്‍ട്ടിഗ. പ്രതിമാസം ശരാശരി 4,500 ലധികം യൂണിറ്റ് എര്‍ട്ടിഗയാണ് വിറ്റുപോകുന്നത്. ആറ് വര്‍ഷം മുമ്പ് 2012 ലാണ് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചതെങ്കിലും വില്‍പ്പനകണക്കുകളില്‍ മാരുതി സുസുകി എര്‍ട്ടിഗ ഇപ്പോഴും ശക്തനാണ്.

എന്നിരുന്നാലും മാരുതി സുസുകി എര്‍ട്ടിഗ ഒരു അപ്‌ഡേറ്റ് ആഗ്രഹിച്ചിരുന്നു. പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ വിപണിയിലെത്തിയതോടെ, പ്രത്യേകിച്ച് ഈയിടെ മഹീന്ദ്ര മറാസോ വന്നതോടെ, എര്‍ട്ടിഗ ഇങ്ങനെപോയാല്‍ പോരെന്ന് മാരുതി സുസുകി തീരുമാനിച്ചു. രണ്ടാം തലമുറ എര്‍ട്ടിഗയാണ് ഇനി വരുന്നത്. എര്‍ട്ടിഗ രണ്ടാമന്‍ ആഗോളതലത്തില്‍ നേരത്തെ അനാവരണം ചെയ്തിരുന്നു.

പുതിയ എര്‍ട്ടിഗ ഒരു നെക്‌സ ഉല്‍പ്പന്നമായിരിക്കില്ല. മാരുതി സുസുകിയുടെ അരീന ഡീലര്‍ഷിപ്പുകളിലൂടെയായിരിക്കും വില്‍പ്പന. പുതിയ എര്‍ട്ടിഗ വരുന്നതോടെ നിലവിലെ വേര്‍ഷന്‍ വഴിമാറിക്കൊടുക്കും. എന്നാല്‍ ഇന്ത്യയിലെ ഫഌറ്റ് വിപണികള്‍ ലക്ഷ്യമാക്കി നിലവിലെ തലമുറ മോഡല്‍ നിര്‍മ്മിക്കുന്നത് തുടരും. കാര്‍ റെന്റല്‍ കമ്പനികളും ടാക്‌സികാബ് കമ്പനികളും മറ്റും ഇപ്പോഴത്തെ എര്‍ട്ടിഗ വാങ്ങുന്നത് തുടരുമെന്നാണ് മാരുതി സുസുകി പ്രതീക്ഷിക്കുന്നത്. എന്നാല്‍ എര്‍ട്ടിഗയുടെ പേരിന്റെ കൂടെ ടൂര്‍ എന്നുകൂടി ചേര്‍ത്തായിരിക്കും വിപണിയില്‍ എത്തിക്കുന്നത്. ചില ഡീലര്‍മാര്‍ അനൗദ്യോഗികമായി പുതിയ എര്‍ട്ടിഗയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

നിലവിലെ തലമുറ മോഡലിനേക്കാള്‍ വലുതായിരിക്കും പുതിയ മാരുതി സുസുകി എര്‍ട്ടിഗ. പിന്നിലെ രണ്ട് നിരകളിലും കൂടുതല്‍ സ്ഥലസൗകര്യം ഉണ്ടായിരിക്കും. പരിഷ്‌കരിച്ച സിയാസ് ഉപയോഗിക്കുന്ന പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പുതിയ എര്‍ട്ടിഗയില്‍ നല്‍കും. വിശ്വസ്തനായ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തല്‍ക്കാലം തുടര്‍ന്നും നല്‍കും. എന്നാല്‍ ഈ മോട്ടോര്‍ പിന്നീട് പരിഷ്‌കരിക്കുമെന്ന് പ്രതീക്ഷിക്കാം. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എര്‍ട്ടിഗ ലഭിക്കും. ടോപ് സ്‌പെക് വേരിയന്റുകള്‍ മിക്കവാറും മാന്വല്‍ ഗിയര്‍ബോക്‌സില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. ഫുള്ളി ലോഡഡ് വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുന്നത് തല്‍ക്കാലം ഉണ്ടായേക്കില്ല.

എക്സ്റ്റീരിയര്‍ ഡിസൈന്‍ കണക്കിലെടുക്കുമ്പോള്‍ ടൊയോട്ട ഇന്നോവയുമായി സാമ്യമുള്ളതാണ് പുതിയ എര്‍ട്ടിഗ. എന്നാല്‍ വലുപ്പത്തിന്റെ കാര്യത്തില്‍ അല്‍പ്പം ചെറുതാണെന്ന് മാത്രം. ഷാര്‍പ്പ് ഹെഡ്‌ലാംപുകളും ഗ്രില്ലും വോള്‍വോ എക്‌സ്‌സി60 യിലേതുപോലെ ടെയ്ല്‍ലാംപുകളും പുതിയ എര്‍ട്ടിഗയില്‍ കാണാം. ആഗോളതലത്തില്‍ പുതിയ എര്‍ട്ടിഗയില്‍ 15 ഇഞ്ച് വീലുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇത് 16 ഇഞ്ചായി മാറിയേക്കാം. മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ ഉള്‍ഭാഗം ഫുള്ളി ലോഡഡ് ആണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം ടച്ച്‌സ്‌ക്രീന്‍ കാണും.

ഈ ഉത്സവ സീസണില്‍ ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹന സെഗ്‌മെന്റില്‍ തലയെടുപ്പുള്ള കൊമ്പന്‍മാരാണ് അണിനിരക്കുന്നത്. ഈയിടെ പുറത്തിറക്കിയ മഹീന്ദ്ര മറാസോ എംപിവി തിടമ്പേറ്റും. 9.99 ലക്ഷം മുതല്‍ 13.90 ലക്ഷം രൂപ വരെ ഇന്ത്യ എക്‌സ് ഷോറൂം പ്രാരംഭ വിലയാണ് വാഹനത്തെ ആകര്‍ഷകമാക്കുന്നത്. നാല് വേരിയന്റുകളില്‍ ലഭിക്കും പുതിയ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്നു. സ്രാവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് മഹീന്ദ്ര മറാസോയുടെ സ്റ്റൈലിംഗ്. 7 സീറ്റ്, 8 സീറ്റ് ലേഔട്ടുകളില്‍ ലഭിക്കും.

പുതിയ ഭീഷണികള്‍ മനസ്സിലാക്കിയ ടൊയോട്ട, ഇന്നോവ ക്രിസ്റ്റയില്‍ ഈയിടെ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയിരുന്നു. എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍, റിയര്‍ ഫോഗ് ലാംപുകള്‍, ഫ്രണ്ട് എല്‍ഇഡി ഫോഗ് ലാംപുകള്‍, ഗ്ലാസ് ബ്രേക്ക് ആന്‍ഡ് അള്‍ട്രാസോണിക് സെന്‍സര്‍ സഹിതം ആന്റി തെഫ്റ്റ് അലാം ഫീച്ചറുകള്‍ ഇപ്പോള്‍ ഇന്നോവ ക്രിസ്റ്റയുടെ എല്ലാ വേരിയന്റുകളിലും ലഭിക്കും. കൂടാതെ ഇന്നോവ ക്രിസ്റ്റ ജിഎക്‌സ് വേരിയന്റുകളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍, പഡില്‍ ലാംപുകള്‍ സഹിതം പവര്‍ ഫോള്‍ഡിംഗ് വിംഗ് മിററുകള്‍, സ്പീഡ് ആന്‍ഡ് ഇംപാക്റ്റ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക് / അണ്‍ലോക്ക് എന്നീ ഫീച്ചറുകളും നല്‍കി. വില വര്‍ധിപ്പിക്കുകയും ചെയ്തു. 2018 ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ 2.7 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് 14.65 ലക്ഷം രൂപയാണ് വില. 2.8 ലിറ്റര്‍ ഇസഡ്എക്‌സ് ഡീസല്‍ ഓട്ടോമാറ്റിക് എന്ന ടോപ് സ്‌പെക് വേരിയന്റിന് 22.06 ലക്ഷം രൂപ വില വരും.

Comments

comments

Categories: Auto
Tags: Ertiga