ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി സൗദിയില്‍ കൂടുതല്‍ ഹോട്ടലുകള്‍ തുറക്കും

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി സൗദിയില്‍ കൂടുതല്‍ ഹോട്ടലുകള്‍ തുറക്കും

റിയാദിയിലും ജിദ്ദയിലും പ്രവര്‍ത്തനമാരംഭിച്ച് രാജ്യത്തെ പ്രാധാന നഗരങ്ങളിലേക്കെല്ലാം സാന്നിധ്യം വ്യാപിപ്പിക്കുന്ന പദ്ധതിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ആസൂത്രണം ചെയ്യുന്നത്

റിയാദ്: താജ് ഹോട്ടല്‍സ് റിസോര്‍ട്‌സ് ആന്‍ഡ് പാലസസ് ശൃംഖല നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഹോട്ടല്‍സ് ലിമിറ്റഡ് (ഐഎച്ച്‌സിഎല്‍) സൗദി അറേബ്യയില്‍ സജീവമാകാനുള്ള പദ്ധതിയില്‍. സൗദിയിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കെല്ലാം തങ്ങള്‍ സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് ഐഎച്ച്‌സിഎല്‍ സിഇഒ പുനീത് ഛട്ട്വാല്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഐഎച്ച്‌സിഎല്‍ മക്കയില്‍ താജ് ഹോട്ടല്‍ പ്രഖ്യാപിച്ചത്. ഉം അല്‍ ഖുറ ഡെവലപ്‌മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടുള്ളതാണ് ഈ പദ്ധതി. ഏതൊരു ബ്രാന്‍ഡിനെ സംബന്ധിച്ചും പ്രധാനപ്പെട്ട ചില വിപണികള്‍ സൗദിയിലുണ്ടെന്ന് ഐഎച്ച്‌സിഎല്‍ സിഇഒ ഒരു അറേബ്യന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സാധ്യതകളുള്ള ഒരു വിപണി റിയാദാണ്. രണ്ടാമത്തേത് ജിദ്ദയും. അല്‍ ഖൊബാറും മികച്ച വിപണിയാണ്. ഇതുപോലുള്ള നിരവധി വിപണികള്‍ സൗദിയിലുണ്ട്. ഈ നഗരങ്ങളുടെയെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനാണ് ഞങ്ങളുടെ ശ്രമം-പുനീത് പറഞ്ഞു.

റിയാദിലും ജിദ്ദയിലുമായിരിക്കും ഇപ്പോഴത്തെ ശ്രദ്ധ. അതുകഴിഞ്ഞ് മറ്റ് വിപണികളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി.

ഞങ്ങള്‍ ഇപ്പോള്‍ മക്കയിലുണ്ട്. ഇനി മദീനയിലേക്കും എത്തും. അതും മികച്ച ഗുണം ചെയ്യും-പുനീത് വ്യക്തമാക്കി.

ഐഎച്ച്‌സിഎലിന്റെ മക്ക പ്രോപ്പര്‍ട്ടി സ്ഥിതി ചെയ്യുന്നത് കിംഗ് അബ്ദുള്‍ അസീസ് റോഡിലാണ്. പണി പൂര്‍ത്തിയാകുന്നതോടെ ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ നാലാമത്തെ സംരംഭമാകും ഇത്.

ഡൗണ്‍ടൗണ്‍ ദുബായില്‍ താജ് ദുബായ് ഹോട്ടലിനെ മാനേജ് ചെയ്യുന്നത് ഐഎച്ച്‌സിഎല്ലാണ്. രണ്ട് പുതിയ ഹോട്ടലുകള്‍ കൂടി തുറക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ജുമയ്‌റ ലേക്ക് ടവേഴ്‌സില്‍ ഒരു ഹോട്ടല്‍ തുറക്കും. മറ്റൊന്ന് പാം ജുമയ്‌റയിലായിരിക്കും പ്രവര്‍ത്തനമാരംഭിക്കുക. ആദ്യത്തേത് ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. എന്നാല്‍ പാം ജുമയ്‌റയിലെ ഹോട്ടല്‍ 2019ലാണ് പ്രവര്‍ത്തനമാരംഭിക്കുക.

Comments

comments

Categories: Arabia
Tags: Dubai