വിമാനക്കമ്പനികള്‍ ഈ വര്‍ഷം 1.9 ബില്യണ്‍ ഡോളര്‍ നഷ്ടം കുറിക്കും: സിഎപിഎ ഇന്ത്യ

വിമാനക്കമ്പനികള്‍ ഈ വര്‍ഷം 1.9 ബില്യണ്‍ ഡോളര്‍ നഷ്ടം കുറിക്കും: സിഎപിഎ ഇന്ത്യ

ഇന്‍ഡിഗോ ഒഴികെ രാജ്യത്തെ എല്ലാ വിമാനക്കമ്പനികളുടെയും സാമ്പത്തികാരോഗ്യം മോശം നിലയിലാണ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 1.9 ബില്യണ്‍ ഡോളര്‍ വരെ സംയോജിത നഷ്ടം രേഖപ്പെടുത്തിയേക്കുമെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടിംഗ് സംരംഭമായ സിഎപിഎ ഇന്ത്യ. വിപണിയില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും ആയിരിക്കും ഈ സാമ്പത്തിക വര്‍ഷത്തെ നഷ്ടത്തില്‍ മുന്നിലുണ്ടാകുകയെന്നാണ് സിഎപിഎയുടെ വിലയിരുത്തല്‍.
വിമാനക്കമ്പനികളുടെ ഉയര്‍ന്ന പ്രവര്‍ത്തന ചെലവും കുറഞ്ഞ യാത്രാ നിരക്കുമാണ് കമ്പനികള്‍ നഷ്ടത്തിലേക്ക് പോകുന്നതിന്റെ പ്രധാന കാരണങ്ങളായി സിഎപിഎ ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന പ്രവര്‍ത്തന ചെലവ് മൂലമുണ്ടാകാനിടയുള്ള നഷ്ടം നികത്തുന്ന തരത്തിലേക്ക് വിമാന ടിക്കറ്റ് വില വര്‍ധിച്ചിട്ടില്ലെന്നും സിഎപിഎ പറയുന്നു. രൂപയുടെ മൂല്യ തകര്‍ച്ചയും ക്രൂഡ് ഓയില്‍ വില വര്‍ധനയും സൃഷ്ടിക്കുന്ന വെല്ലുവിളികളുടെ ഫലമായി ആഭ്യന്തര വിമാനക്കമ്പനികള്‍ ഈ സാമ്പത്തിക വര്‍ഷം 430 മില്യണ്‍ ഡോളര്‍ മുതല്‍ 460 മില്യണ്‍ ഡോളര്‍ വരെ നഷ്ടം രേഖപ്പെടുത്തുമെന്നാണ് ജനുവരിയില്‍ സിഎപിഎ കണക്കാക്കിയിരുന്നത്. എന്നാല്‍ നഷ്ടം .9 ബില്യണ്‍ ഡോളര്‍ വരെ ഉയരാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഇന്‍ഡിഗോ ഒഴികെ രാജ്യത്തെ എല്ലാ വിമാനക്കമ്പനികളുടെയും സാമ്പത്തികാരോഗ്യം മോശം നിലയിലാണ്. ഉയര്‍ന്ന ചെലവ് വഹിക്കുന്നതിന് പര്യാപ്തമായ സാമ്പത്തിക ഭദ്രത അവകാശപ്പെടാനുള്ളത് ഇന്‍ഡിഗോയ്ക്ക് മാത്രമാണ്. വിപണിയിലെ തിരിച്ചടികളെ അതിജീവിക്കാനുള്ള ശേഷി മിക്ക വിമാനക്കമ്പനികള്‍ക്കും ഇല്ല. എയര്‍ലൈനുകളുടെ വില നിര്‍ണയ ശേഷി പൂര്‍ണമായി നഷ്ടപ്പെട്ടതായും സിഎപിഎ വ്യക്തമാക്കി.
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന വിപണിയാണ് ഇന്ത്യ. മാറ്റത്തിനൊപ്പം മുന്നേറുന്നതിന് നൂറുകണക്കിന് പുതിയ എയര്‍ബസ് എസ്ഇകള്‍ക്കും ബോയിംഗ് കോ ജെറ്റുകള്‍ക്കും വിമാനക്കമ്പനികള്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതോടൊപ്പം 90 ശതമാനത്തോളം സീറ്റിംഗ് ശേഷിയും ഉപയോഗപ്പെടുത്തികൊണ്ട് സര്‍വീസ് നടത്താനും വിമാനക്കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, ലാഭക്ഷമത നിലനിര്‍ത്തുന്നതില്‍ കമ്പനികള്‍ പ്രതിസന്ധി നേരിടുന്നതായാണ് കാണുന്നത്.
കടബാധ്യതയും നഷ്ടവും മൂലം പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വാങ്ങാനാളില്ലാതെ പരാജയപ്പെട്ടിരുന്നു. 13.23 ബില്യണ്‍ രൂപയുടെ നഷ്ടമാണ് ജെറ്റ് എയര്‍വേസ് ആദ്യ പാദത്തില്‍ കുറിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭമാണ് ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Comments

comments

Categories: FK News