ഇന്ത്യ-യുഎസ് ദ്വിതല ചര്‍ച്ച നാളെ

ഇന്ത്യ-യുഎസ് ദ്വിതല ചര്‍ച്ച നാളെ

ന്യൂഡെല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ദ്വിതല ചര്‍ച്ച നാളെ ന്യൂഡെല്‍ഹിയില്‍ നടക്കും. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് യുഎസ് ഉപരോധമേര്‍പ്പെടുത്തിയതും ഇന്തോ-പസഫിക് മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതും ഉള്‍പ്പടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാകും. എന്‍ക്രിപ്റ്റഡ് പ്രതിരോധ സാങ്കേതികവിദ്യകള്‍ സംബന്ധിച്ച കരാറില്‍ അന്തിമ തീരുമാനമെടുക്കുന്നതിനുള്ള ചര്‍ച്ചകളും ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടക്കുമെന്നാണ് സൂചന.
എസ് 400 എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനങ്ങള്‍ സംഭരിക്കുന്നതിന് റഷ്യയുമായി 40,000 കോടി രൂപയുടെ കരാര്‍ ഉറപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കവും ദ്വിതല ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വ്യാപാരം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളില്‍ രാഷ്ട്ര നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തും. എച്ച് വണ്‍ ബി വിസാ പ്രോഗ്രാമില്‍ മാറ്റം വരുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം സംബന്ധിച്ച ആശങ്കകളും ഇന്ത്യ യുഎസുമായി പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസുമായും ചര്‍ച്ച നടത്തുന്നത്. പോംപെയോ ഇന്ന് ഇസ്ലാമാബാദില്‍ നിന്നും ഇന്ത്യയിലെത്തും. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ പാക് സര്‍ക്കാരിനോടുള്ള യുഎസ് നിലപാട് സംബന്ധിച്ച് അദ്ദേഹത്തില്‍ നിന്നും അറിയാനുള്ള ശ്രമവും ഇന്ത്യ നടത്തിയേക്കും.
ഇരു രാഷ്ട്ര പ്രതിനിധികളും തമ്മിലുള്ള ദ്വിതല ചര്‍ച്ചയ്ക്ക് മുന്‍പായി നാളെ രാവിലെ സുഷമ സ്വരാജ് പോപെയോയുമായി പ്രത്യേക ചര്‍ച്ച നടത്തും. നിര്‍മല സീതരാമന്‍ മാറ്റിസുമായും പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുടെയും 12 പ്രതിനിധികള്‍ വീതം ദ്വിതല ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഉച്ചയോടെ സുഷമ സ്വരാജും നിര്‍മല സീതാരമാനും പോപെയോയും മാറ്റിസും ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.

Comments

comments

Categories: FK News
Tags: India- Us