ഇന്ത്യയില്‍ ശക്തമായ ടീമിനെ തയാറാക്കി ഗൂഗിള്‍

ഇന്ത്യയില്‍ ശക്തമായ ടീമിനെ തയാറാക്കി ഗൂഗിള്‍

15 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന നേതൃനിരയില്‍ ഉള്‍പ്പടെ നിരവധി നിയമനങ്ങള്‍ ഗൂഗിള്‍ ഇന്ത്യയില്‍ നടത്തി

ന്യൂഡെല്‍ഹി: പ്രധാനപ്പെട്ട നേതൃ നിയമനങ്ങള്‍ നടത്തി ഇന്ത്യയില്‍ ശക്തമായ ഒരു ടീമിനെ സൃഷ്ടിക്കുകയാണ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. സമൂഹമാധ്യമമായ ഫേസ്ബുക്കും അതിന്റെ മെസ്സേജിംഗ് ആപ്പ് വാട്‌സ്ആപ്പുമെല്ലാം രാജ്യത്ത് മികച്ച ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ തന്നെയാണ് ഗൂഗിളിന്റെ ഈ നീക്കം.

മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളുടെയും വളര്‍ന്നു വരുന്ന വിപണികളുടെയും ചുമതയുള്ള ഗൂഗിള്‍ മാനേജിംഗ് ഡയറക്റ്ററായിരുന്ന സജിത് ശിവാനന്ദന്‍ ഇനി കമ്പനിയുടെ പേമെന്റ് വിഭാഗത്തിന്റെ മേധാവിയായി ബെംഗളൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുക. നേരത്തേ ഗൂഗിളിന്റെ ക്രോംകാസ്റ്റ് സഹസ്ഥാപകനും പ്രൊഡക്റ്റ് മാനേജ്‌മെന്റ് മേധാവിയുമായിരുന്ന അംബാരിഷ് കെന്‍ഗെയെയും കമ്പനി തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേയുടെ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് മേധാവിയായാണ് കെന്‍ഗെ എത്തുക. 2015ല്‍ ഫഌപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മൈന്ത്രയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാകുന്നതിനാണ് കെന്‍ഗെ ഗൂഗിള്‍ വിട്ടത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗൂഗിള്‍ ഇന്ത്യക്കായി പ്രത്യേക ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയിലെ 15 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന നേതൃനിരയില്‍ ഉള്‍പ്പടെ നിരവധി നിയമനങ്ങള്‍ ഗൂഗിള്‍ രാജ്യത്ത് നടത്തുകയുണ്ടായി. ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റസ് അന്തരീക്ഷത്തെ വികസിപ്പിക്കുന്നതിനായി കമ്പനി നിരവധി നിക്ഷേപങ്ങളും നടത്തുന്നുണ്ടെന്ന് പേമെന്റ്‌സ് ജനറല്‍ മാനേജറും നെക്സ്റ്റ് ബില്യണ്‍ യൂസേഴ്‌സ് വൈസ് പ്രസിഡന്റുമായ സീസര്‍ സെന്‍ഗുപ്ത പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഏറ്റെടുത്ത ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഐ സ്റ്റാര്‍ട്ടപ്പ് ഹള്ളി ലാബ്‌സിന്റെ സ്ഥാപകനും സിഇഒയുമായ പങ്കജ് ഗുപ്തയെ ഗൂഗിള്‍ ഇന്ത്യയുടെ എഞ്ചിനിയറിംഗ് ഡയറക്റ്ററായി നിയമിക്കും. ഫേസ്ബുക്കിന്റെ കണക്റ്റിവിറ്റി സൊല്യൂഷന്‍സ്, എക്‌സ്പ്രസ് വൈഫൈ പ്രോഗ്രാം എന്നിവയ് നേതൃത്വം നല്‍കിയ, ഫേസ്ബുക്കിന്റെ ഏഷ്യ പസഫിക് റീജ്യണല്‍ ഹെഡ് ആയിരുന്ന മുനീഷ് സേത്തും ഗൂഗിളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയിഡിന്റെ പുതിയ കണ്‍ട്രി ഡയറക്റ്ററായാണ് മുനീഷ് നിയമിതനാകുക. ഇന്ത്യയിലെ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമായുള്ള പങ്കാളിത്തത്തിന് നേതൃത്വം വഹിക്കുന്നത് മുനീഷ് സേത്ത് ആയിരിക്കും.
പുതിയ സേവനങ്ങള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ പേ ആപ്പിലൂടെ നാല് സ്വകാര്യ ബാങ്കുകളുമായി ചേര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വായ്പ ലഭ്യമാക്കുന്ന സംവിധാനം അവതരിപ്പിച്ചു കഴിഞ്ഞു. ഗൂഗിള്‍ ആന്‍ഡ്രോയിഡിന്റെ ഒന്‍പതാമത്തെ പതിപ്പായ ആന്‍ഡ്രോയിഡ് പൈയും ഗൂഗിള്‍ ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുണ്ട്.

Comments

comments

Categories: Tech
Tags: Google