സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാനൊരുങ്ങി റേസര്‍പേ

സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാനൊരുങ്ങി റേസര്‍പേ

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പേമെന്റ് സേവനദാതാക്കളായ റേസര്‍പേ സംരംഭങ്ങള്‍ക്ക് വായ്പ സേവനം നല്‍കാനൊരുങ്ങുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി സമ്പൂര്‍ണമായ സാമ്പത്തിക സേവന സ്ഥാപനമാകുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 2.0 സ്ട്രാറ്റജിയുടെ വികസനത്തിന്റെ ഭാഗമായാണ് പുതിയ സേവനം ആരംഭിക്കുന്നത്. ഒരു ബിസിനസ് സംരംഭത്തിന്റെ പേമെന്റ് യാത്രയെ മുഴുവനായും പിന്തുണയ്ക്കാന്‍ കഴിയുന്ന സമ്പൂര്‍ണമായ സാമ്പത്തിക സേവനങ്ങളാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിക്കുന്നതെന്ന് സിഇഒ ഹര്‍ഷീല്‍ മാത്തൂര്‍ പറഞ്ഞു. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലിരിക്കുന്ന പ്രസ്തുത വായ്പാ സേവന പ്ലാറ്റ്‌ഫോം ഇപ്പോള്‍ തന്നെ 100 കച്ചവടക്കാര്‍ക്ക് സേവനം നല്‍കുന്നുണ്ട്. റേസര്‍പേയുടെ പ്രൈമറി പേമെന്റ് പ്ലാറ്റ്‌ഫോമുമായി ഏകീകരിച്ചാകും വായ്പ സേവനവും ലഭ്യമാക്കുന്നത്.

രണ്ടു മാസത്തിനുള്ളില്‍ 1,000 കച്ചവടക്കാരിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നവംബറിലാകും സേവനം ഔദ്യോഗിമായി ആരംഭിക്കുക. പദ്ധതിക്കായി നിലവില്‍ രണ്ട് സാമ്പത്തിക സേവന സ്ഥാപനങ്ങളുമായി റേസര്‍പേ സഹകരിക്കുന്നുണ്ട്. ഏതു തരത്തിലുള്ള വായ്പകളും ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോം രൂപീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെങ്കിലും അടിസ്ഥാന പ്രവര്‍ത്തന മൂലധനം വായ്പയായി നല്‍കികൊണ്ടായിരിക്കും സേവനം ആരംഭിക്കുകയെന്ന് ഹര്‍ഷീല്‍ മാത്തൂര്‍ വ്യക്തമാക്കി. വായ്പാ വിപണിയില്‍ ഇന്ത്യ ലെന്‍ഡ്‌സ്, ഇന്‍ഡിഫ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വലിയ മത്സരമായിരിക്കും കമ്പനിക്ക് നേരിടേണ്ടി വരിക.

കച്ചവടക്കാര്‍ക്കായി പേമെന്റ് സേവനം ആരംഭിച്ചിട്ടുള്ള റേസര്‍പേ ഒരു ലക്ഷത്തോളം ഉപഭോക്താക്കളെ അവരുടെ പണക്കൈമാറ്റം നടത്തേണ്ടതായ എക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നുണ്ട്. ഇത് ചെറുകിട ഇടത്തരം സംരംഭകരെ സംബന്ധിച്ച് അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഏറെ ഉപകാരപ്രദമാണ്. മാസ്റ്റര്‍കാര്‍ഡ്, ടൈഗര്‍ ഗ്ലോബല്‍, മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് ഇന്ത്യ തുടങ്ങിയവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേസര്‍പേയുടെ നിക്ഷേപകര്‍.

Comments

comments

Categories: FK News
Tags: loan, Razerpay