നാളികേര ഉല്‍പ്പന്ന കയറ്റുമതി ഇരട്ടിച്ചു

നാളികേര ഉല്‍പ്പന്ന കയറ്റുമതി ഇരട്ടിച്ചു

ന്യൂഡെല്‍ഹി: വെളിച്ചെണ്ണ വിഷത്തിന് തുല്യമാണെന്ന പ്രചാരണം വിദേശ സര്‍വകലാശാലകളിലെ ഗവേഷകരില്‍ ചിലര്‍ നടത്തുന്നതിനിടയിലും ഇന്ത്യയില് നിന്നുള്ള നാളികേര അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശങ്ങളില്‍ വന്‍ ഡിമാന്‍ഡെന്ന് റിപ്പോര്‍ട്ട്. മോദി സര്‍ക്കാര്‍ അധികാരമേറ്റ് നാല് വര്‍ഷത്തിനിടെ രാജ്യത്തു നിന്നുള്ള നാളികേര ഉല്‍പ്പന്ന കയറ്റുമതി ഇരട്ടിച്ചെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം വ്യക്തമാക്കിയത്. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തിനിടെ കയറ്റി അയച്ച നാളികേര ഉല്‍പ്പന്നങ്ങളുടെ ഇരട്ടിയോളമാണ് ഈ നാല് വര്‍ഷത്തിലെ കയറ്റുമതിയും വരുമാനവും. 2014-18 കാലയളവില്‍ 6,448 കോടി രൂപയുടെ നാളികേര ഉല്‍പ്പന്നങ്ങളാണ് രാജ്യം കയറ്റി അയച്ചത്. 2004-14 കാലയളവില്‍ 3,975 കോടി രൂപയുടേത് മാത്രമായിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള നാളികേര അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ തുടര്‍ന്നും വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് കൃഷിമന്ത്രാലയത്തിന്റെ പ്രതീക്ഷ. 2015-20 കാലഘട്ടം ലക്ഷ്യമാക്കി കൊണ്ടുവന്ന പുതിയ കയറ്റുമതി നയത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ശതമാനം ഇന്‍സെന്റീവ് കയറ്റുമതിക്ക് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ശ്രീലങ്ക, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഈ രാജ്യങ്ങളിലേക്ക് വെളിച്ചെണ്ണ കയറ്റുമതി ചെയ്തു. ചരിത്രത്തില്‍ ആദ്യമായി യുഎസിലേക്കും യൂറോപ്പിലേക്കും വന്‍തോതില്‍ വെളിച്ചെണ്ണ കയറ്റുമതി ചെയ്യാനായെന്നും കൃഷിമന്ത്രാലയം വ്യക്തമാക്കുന്നു.

ആഭ്യന്തര വിപണിയിലും നാളികേര ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഹെക്റ്ററിന് 11,616 എന്ന നിലയില്‍ ഉല്‍പ്പാദനം വര്‍ധിച്ചിട്ടുമുണ്ട്. 21 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് നാളികേരം കൃഷി ചെയ്യുന്നത്. ഒരു കോടി ആളുകള്‍ നാളികേര കൃഷിയില്‍ നിന്ന് ഉപജീവനം കഴിക്കുന്നുണ്ട്. ജിഡിപിയിലേക്ക് പ്രതിവര്‍ഷം 34,100 കോടി രൂപയാണ് നാളികേരം സംഭാവന ചെയ്യുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News