‘ചൈനയേക്കാള്‍ വേഗത്തില്‍ യുഎസ് സമ്പദ്‌വ്യവസ്ഥ വളരും’

‘ചൈനയേക്കാള്‍ വേഗത്തില്‍ യുഎസ് സമ്പദ്‌വ്യവസ്ഥ വളരും’

ചൈന മുന്‍പ് സ്വീകരിച്ച ഒറ്റക്കുട്ടി നയമാണ് വളര്‍ച്ചാ നിരക്കില്‍ തിരിച്ചടിയാകുക

ന്യൂയോര്‍ക്: 2030നു ശേഷം ചൈനയേക്കാള്‍ വേഗത്തിലുള്ള വളര്‍ച്ച യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുമെന്ന് നിരീക്ഷണം. 2060ലേക്കുള്ള ലോകരാഷ്ട്രങ്ങളുടെ വളര്‍ച്ച സംബന്ധിച്ച് ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) തയാറാക്കിയ പേപ്പറിലാണ് ഈ നിഗമനം പങ്കുവെച്ചിട്ടുള്ളത്.
2030ല്‍ ആഗോള ഉല്‍പ്പാദനത്തില്‍ ചൈനയുടെ വിഹിതം ഏറ്റവും ഉയര്‍ന്ന തലത്തിലായിരിക്കും. എന്നാല്‍, ക്രമേണ ഈ വിഹിതം കുറഞ്ഞുവരുന്നതായി കാണുമെന്നും അതേസമയം, ആഗോള ഉല്‍പ്പാദനത്തിലുള്ള ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിച്ചുകൊണ്ടിരിക്കുമെന്നും ഒഇസിഡി പേപ്പറില്‍ പറയുന്നു. ജനസംഖ്യാ വളര്‍ച്ചയ്‌ക്കൊത്ത സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇന്തോനേഷ്യക്ക് സാധിക്കുമെന്നും ഒഇസിഡി വ്യക്തമാക്കി.
സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ യുഎസ് ചൈനയെ മറികടക്കുമെന്ന റിപ്പോര്‍ട്ട് അമേരിക്കയിലെ ഏതെങ്കിലുമൊരു സാമ്പത്തിക അത്ഭുതം സംബന്ധിച്ച പ്രവചനമല്ല, മറിച്ച് ജനസംഖ്യാപരമായി വലിയ തകര്‍ച്ചയ്ക്ക് ചൈന സ്വയം സജ്ജമായി എന്ന വിലയിരുത്തലാണ്. ചൈന മുന്‍പ് സ്വീകരിച്ച ഒറ്റക്കുട്ടി നയ( വണ്‍ ചൈല്‍ഡ് പോളിസി)ത്തിന്റെ ഫലമായി ജനസംഖ്യയിലെ തൊഴിലെടുക്കാനാകുന്ന യുവാക്കളുടെ പ്രാതിനിധ്യം ഗണ്യമായി കുറയുകയും സംരക്ഷിക്കേണ്ട പ്രായമേറിയവരുടെ പ്രാതിനിധ്യം കൂടുതലാകുകയും ചെയ്തു.
2030നും 2060നും ഇടയില്‍ യുഎസിന്റെ ശരാശരി വാര്‍ഷിക ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച രണ്ട് ശതമാനത്തിനടുത്തായിരിക്കുമെന്നാണ് ഒഇസിഡിയുടെ കണക്കുകൂട്ടല്‍. യുഎസിന്റെ ശരാശരി വാര്‍ഷിക ജിഡിപി വളര്‍ച്ചയില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വലിയ അന്തരമൊന്നും ഉണ്ടാകില്ലെന്നും പേപ്പര്‍ ചൂണ്ടിക്കാട്ടി. ഇക്കാലയളവില്‍ ചൈനയുടെ ശരാശരി വാര്‍ഷിക വളര്‍ച്ച 1.8 ശതമാനമായിരിക്കുമെന്നാണ് ഒഇസിഡിയുടെ നിഗമനം. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ചൈന രേഖപ്പെടുത്തിയിട്ടുള്ള വളര്‍ച്ചാ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടെ വാര്‍ഷിക ജിഡിപിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് ഒഇസിഡി പറയുന്നത്.
ലോക സമ്പദ്‌വ്യവസ്ഥയില്‍ വികസ്വര വിപണികളുടെ (പ്രത്യേകിച്ച് ചൈന, ഇന്ത്യ, ഇന്തോനേഷ്യ) പ്രാധാന്യം ഉയര്‍ന്നുവരുന്നതിന്റെ അനന്തരഫലമായി ലോക സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഗുരുത്വാകര്‍ഷണ കേന്ദ്രം വടക്കേ അമേരിക്കയില്‍ നിന്നും ഏഷ്യയിലേക്ക് മാറുമെന്നും ഒഇസിഡി പേപ്പര്‍ വിശദീകരിച്ചിട്ടുണ്ട്.

Comments

comments

Categories: World
Tags: China-US