ഓണ്‍ലൈന്‍ ഉള്ളടക്ക പ്ലാറ്റ്‌ഫോമുകള്‍ക്ക് സെന്‍സര്‍ഷിപ്പ്

ഓണ്‍ലൈന്‍ ഉള്ളടക്ക പ്ലാറ്റ്‌ഫോമുകള്‍ക്ക് സെന്‍സര്‍ഷിപ്പ്

മുംബൈ: നെറ്റ്ഫ്ലിക്സ് , ആമസോണ്‍, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഉള്ളടക്ക പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ സ്വന്തമായി സെന്‍സര്‍ഷിപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. രാജ്യത്ത് പരമ്പരാഗത ടെലിവിഷന്‍ പ്രേക്ഷകര്‍ വലിയ തോതില്‍ ഓണ്‍ലൈന്‍ മേഖലയിലേക്ക് മാറിക്കഴിഞ്ഞു. അതേ സമയം ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങള്‍ മതവികാരം വ്രണപ്പെടുത്തല്‍, ആക്രമണതിന് പ്രോല്‍സാഹനം നല്‍കല്‍, വ്യക്തിഹത്യ, സംസ്‌കാരത്തിനു യോജിക്കാത്തവ, സ്ത്രീ വിരുദ്ധത തുടങ്ങിയ ആരോപണങ്ങളാല്‍ പലപ്പോഴും കോടതി കേസുകള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഇപ്പോഴും ഈ മേഖലയില്‍ സ്വീകാര്യമായ ഒരു പൊതു നിയന്ത്രണ സംവിധാനമില്ല. ഈ അവസരത്തിലാണ് സ്വന്തമായി ഉള്ളടക്ക സെന്‍സര്‍ഷിപ്പ് നടപ്പിലാക്കാനുള്ള പ്ലാറ്റ്‌ഫോമുകളുടെ നീക്കം.

ഒബ്‌സെര്‍വ് റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിഡിയോ ഓണ്‍ ഡിമാന്‍ഡ് ബിസിനസ് മേഖലയിലെ മുന്‍നിര കമ്പനികള്‍ ന്യൂഡെല്‍ഹിയില്‍ യോഗം ചേരുകയും സെന്‍സര്‍ഷിപ്പ് ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സാധ്യതകളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇന്ത്യയിലെ നിയന്ത്രണ സംവിധാനത്തിലെ അനിശ്ചിതാവസ്ഥയും സെന്‍സര്‍ഷിപ്പിനെ സംബന്ധിച്ച് അഭിപ്രായമാറ്റവും കോടതി ഉത്തരവുകളും ഇന്ത്യയിലെ തങ്ങളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബിസിനസ് സാധ്യതയില്‍ സ്വാധീനം ചെലുത്തുമെന്ന ആശങ്ക ചര്‍ച്ചയില്‍ പങ്കുവെക്കപ്പെട്ടു.

പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങള്‍ വിദ്വേഷജനകമായ സംസാരം, കുറ്റകൃത്യങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കങ്ങള്‍ തുടങ്ങിയ പ്രവണതകളില്‍ നിന്ന് വിമുക്തമാണെന്ന് ഉറപ്പ വരുത്താന്‍ കഴിയുന്നതായിരിക്കണം ചട്ടമെന്നും ഉപഭോക്താക്കളുടെ പരാതികളില്‍ പരിഹാരം കാണാനും ഇത് സഹായിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. ഇന്റര്‍നെറ്റ് കമ്പനികള്‍ നേരിടുന്ന വെല്ലുവിളികളിലൊന്നായ പൈറസി നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങളും ടെലിവിഷന്‍ സ്‌ക്രീനുകളിലും ഡിജിറ്റല്‍ പ്രക്ഷേപണത്തിലും വരുന്ന ഉള്ളടക്കങ്ങളെ വേര്‍തിരിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ വിഷയങ്ങളായതാണ് അറിയുന്നത്. സ്വന്തമായി സെന്‍ഷര്‍ഷിപ്പ് നടപ്പിലാക്കാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ നീക്കം പ്രേക്ഷകരില്‍ നിന്നും കലാകാരന്‍മാരില്‍ നിന്നും അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്നവരില്‍നിന്നും എതിര്‍പ്പിനിടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ത്ത സംബന്ധിച്ച് കമ്പനികള്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ഓണ്‍ലൈന്‍ മാധ്യത്തിലുള്ള സിനിമകള്‍ക്കും ഷോകള്‍ക്കും നിലവില്‍ രാജ്യത്ത് സെന്‍സര്‍ഷിപ്പില്ല. എന്നാല്‍ ഈ മേഖലയില്‍ പ്രമുഖ സേവനദാതാക്കളായ ഗൂഗിള്‍ പ്ലേ, ഐട്യൂണ്‍സ് ഉള്‍പ്പെടയുള്ളവര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ അംഗീകാരമുള്ള ചലച്ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് 2016 ല്‍ കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വ്യക്തമാക്കിയയിരുന്നു. അതേ സമയം കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റിലെ വാര്‍ത്താ, വിനോദ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നെങ്കിലും വിവിധ മാധ്യമ, ബിസിനസ് മേഖലകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Comments

comments

Categories: Tech
Tags: Censor