പത്തിലധികം ശാഖകളുള്ള ബാങ്കുകള്‍ ഓംബുഡ്‌സ്മാനെ നിയമിക്കണം: ആര്‍ബിഐ

പത്തിലധികം ശാഖകളുള്ള ബാങ്കുകള്‍ ഓംബുഡ്‌സ്മാനെ നിയമിക്കണം: ആര്‍ബിഐ

ഉപഭോക്താക്കളുടെ പരാതികള്‍ക്ക് ഫലപ്രദമായി പരിഹാഗം കാണാനാകുമെന്ന് പ്രതീക്ഷ

ന്യൂഡെല്‍ഹി: പത്തില്‍ കൂടുതല്‍ ശാഖകളുള്ള എല്ലാ വാണിജ്യ ബാങ്കുകളും ഒരു ഇന്റേണല്‍ ഓംബുഡ്‌സ്മാനെ (ഐഒ) നിയമിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്ക് (ആര്‍ആര്‍ബി) ഈ നിര്‍ദേശം ബാധകമല്ല.
ബാങ്കിംഗ് സേവനങ്ങളിലെ അപര്യാപ്തതകള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ വിശകലനം ചെയ്യുകയും അവ പരിഹരിക്കുകയുമാണ് ഇന്റേണല്‍ ഓംബുഡ്‌സ്മാന്റെ ചുമതല. ബാങ്കുകളിലെ പരാതി പരിഹാര സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ബാങ്കിനുള്ളില്‍ തന്നെ ഇടപാടുകാരുടെ പരാതികള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ എന്ന തസ്തിക രൂപീകരിച്ചിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ഇന്റേണല്‍ ഓംബുഡ്‌സ്മാന്റെ സഹായത്തോടെ ഇടപാടുകാരുടെ പാരതികള്‍ക്ക് ബാങ്കിന്റെ പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട ഉന്നത അതോറിറ്റി പരിഹാരം കാണും. ഇത് ഉപഭോക്താക്കള്‍ക്ക് സഹായകമാകുമെന്നും ആര്‍ബിഐ പറഞ്ഞു. ഇന്റേണല്‍ ഓംബുഡ്‌സ്മാന്റെ നിയമനം, കാലാവധി, ചുമതല, ഉത്തരവാദിത്തം, നടപടിക്രമങ്ങള്‍ എന്നിവയെല്ലാം് ഐഒ സ്‌കീം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവില്‍ കേന്ദ്ര ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കീമിന്റെ നടത്തിപ്പ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് ബാങ്കുകളുടെ തന്നെ ഓഡിറ്റ് സംവിധാന ആയിരിക്കും. കേന്ദ്ര ബാങ്ക് ഇതുസംബന്ധിച്ച മേല്‍നോട്ടം വഹിക്കും.
2015ല്‍ മേയില്‍ എല്ലാ പൊതുമേഖലാ ബാങ്കുകളോടും ചില സ്വകാര്യ ബാങ്കുകളോടും വിദേശ ബാങ്കുകളോടും ഇന്റേണല്‍ ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ബാങ്ക് ഉത്തരവിറക്കിയിരുന്നു.

Comments

comments

Categories: Banking