അബുദാബിയിലെ മൂന്ന് ബാങ്കുകള്‍ ലയിക്കുന്നു; പുതിയ ബാങ്കിംഗ് ഭീമന്റെ ഉദയം

അബുദാബിയിലെ മൂന്ന് ബാങ്കുകള്‍ ലയിക്കുന്നു; പുതിയ ബാങ്കിംഗ് ഭീമന്റെ ഉദയം

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കും യൂണിയന്‍ നാഷണല്‍ ബാങ്കും അല്‍ ഹിലാല്‍ ബാങ്കുമാണ് ലയിക്കുന്നത്

അബുദാബി: മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് വമ്പന്‍ ബാങ്കിംഗ് കമ്പനി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അബുദാബി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്ക് എന്നീ ലിസ്റ്റഡ് സ്ഥാപനങ്ങള്‍ സ്വകാര്യ സംരംഭമായ അല്‍ ഹിലാല്‍ ബാങ്കുമായാണ് ലയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മാസം തന്നെ ലയനപ്രഖ്യാപനങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലയനത്തിലൂടെ 110 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള വമ്പന്‍ ബാങ്കിംഗ് കമ്പനി സൃഷ്ടിക്കാനാണ് അബുദാബിയുടെ പദ്ധതി. എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള വൈവിധ്യവല്‍ക്കരണത്തിനും ഇത് ശക്തി പകരുമെന്ന് കരുതപ്പെടുന്നു.

ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി പുതിയ സംരംഭം മാറും. കുറഞ്ഞ സര്‍ക്കാര്‍ ചെലവിടല്‍, സാമ്പത്തിക വളര്‍ച്ചയിലെ മന്ദത തുടങ്ങിയ കാരണങ്ങളാല്‍ ബാങ്കിംഗ് രംഗത്ത് പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് ഇത്തരത്തിലൊരു നീക്കമെന്നത് ശ്രദ്ധേയമാണ്.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് ഏകദേശം 10 ബില്ല്യണ്‍ ഡോളറിന്റെ വിപണിമൂല്യമുണ്ട്. യുണൈറ്റഡ് നാഷണല്‍ ബാങ്കിന്റെ വിപണി മൂല്യം 2.9 ബില്ല്യണ്‍ ഡോളറോളം വരും.

എമിറേറ്റിലെ രണ്ട് വലിയ ബാങ്കുകളായ നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയും ഫസ്റ്റ് ഗള്‍ഫ് ബാങ്കും കഴിഞ്ഞ വര്‍ഷം ലയിച്ച് ഫസ്റ്റ് അബുദാബി ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ധനകാര്യസേവന സ്ഥാപനങ്ങളുടെ ഏീകകരണത്തിനാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി അബുദാബി സാക്ഷ്യം വഹിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുബാദല ഇന്‍വെസ് കമ്പനിയും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സിലും സഹകരണത്തിലേര്‍പ്പെട്ട് പുതിയ സോവറിന്‍ വെല്‍ത്ത് ഫണ്ടിനും രൂപം കൊടുത്തിരുന്നു. ഏകദേശം 220 ബില്ല്യണ്‍ ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ടാണത്.

ഫസ്റ്റ് അബുദാബി ബാങ്കിന്റെ ലയനം വിജയിച്ചതോടെ മേഖലയിലെ ചെറുകിട ബാങ്കുകളാണ് മല്‍സരത്തിന്റെ കാഠിന്യം അനുഭവിക്കുന്നത്. ഏകീകരണത്തിലൂടെ പിടിച്ചുനില്‍ക്കാനാണ് ഇപ്പോള്‍ അവരും ശ്രമിക്കുന്നത്-മസ്‌ക്കറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സെക്യൂരിറ്റീസിലെ ഇക്വിറ്റി റീസര്‍ച്ച് മേധാവി ജോയിസ് മാത്യു പറയുന്നു.

ഏകദേശം 9 ദശലക്ഷം ജനങ്ങളും 50ഓളം ബാങ്കുകളുമാണ് യുഎഇയിലുള്ളത്. സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി തുടങ്ങിയവയുടെ ആഭ്യന്തര ഘടകങ്ങളും ഇതില്‍ പെടും. ലയനവാര്‍ത്ത വന്നതോടെ യൂണിയന്‍ നാഷണല്‍ ബാങ്കിന്റെ ഓഹരിവിലയില്‍ 4.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ ഓഹരിവിലയില്‍ .6 ശതമാനവും വര്‍ധനയുണ്ടായി. 13 ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനികളെ ട്രാക്ക് ചെയ്യുന്ന അബുദാബി സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ബാങ്ക്‌സ് സൂചിക ഈ വര്‍ഷം 26 ശതമാനം വര്‍ധനയാണ് നേടിയത്.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ 62.5 ശതമാനം ഓഹരിയും യൂണിയന്‍ നാഷണല്‍ ബാങ്കിന്റെ 50 ശതമാനം ഓഹരിയും കൈവശം വച്ചിരിക്കുന്നത് മുബാദലയാണ്.

Comments

comments

Categories: Arabia