സെപ്റ്റംബര്‍ ഏഴിനകം വാള്‍മാര്‍ട്ട് നികുതി അടക്കണം

സെപ്റ്റംബര്‍ ഏഴിനകം വാള്‍മാര്‍ട്ട് നികുതി അടക്കണം

ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് പുറത്ത് പോയ 44 ഓഹരി പങ്കാളികള്‍ക്ക് നല്‍കിയ പേമെന്റിലെ വിത്‌ഹോള്‍ഡിംഗ് ടാക്‌സാണ് കമ്പനി നല്‍കാനുള്ളത്;  ഫ്ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ 16 ബില്യണ്‍ ഡോളറിനാണ് വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്ത ആഗോള റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന് ഇടപാടുമായി ബന്ധപ്പെട്ട നികുതി അടക്കാന്‍ സെപ്റ്റംബര്‍ ഏഴ് വരെയാണ് സമയം നല്‍കിയിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് പുറത്ത് പോയ 44 ഓഹരി പങ്കാളികള്‍ക്ക് നല്‍കിയ പേമെന്റിലെ വിത്‌ഹോള്‍ഡിംഗ് ടാക്‌സാണ് വാള്‍മാര്‍ട്ട് നല്‍കാനുള്ളത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ട്ട, ഓണ്‍ലൈന്‍ വിപണിയിലെ വമ്പനായ ഫഌപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ 16 ബില്യണ്‍ ഡോളറിനാണ് ഏറ്റെടുത്തിരുന്നത്. ഓഗസ്റ്റ് പകുതിയോടെയാണ് ആഗോള ഇ-കൊമേഴ്‌സ് രംഗത്തെ വമ്പന്‍ ഇടപാടുകളിലൊന്നായിരുന്ന ഈ ഏറ്റെടുപ്പ് നടന്നിരുന്നത്.

അതേസമയം വിത്‌ഹോള്‍ഡിംഗ് നികുതി ബാധ്യത നിര്‍ണയിക്കുന്നതിന് വാള്‍മാര്‍ട്ട് ഇതുവരെയും ആദായ നികുതി വകുപ്പിനെ സമീപിച്ചിട്ടില്ല. എന്നാല്‍ ഫഌപ്കാര്‍ട്ടില്‍ നിന്ന് പുറത്തുകടന്ന ചില ഓഹരിയുടമകള്‍ തങ്ങളുടെ നികുതി ബാധ്യതകള്‍ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം തേടിയിട്ടുണ്ടെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഐടി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വില്‍പ്പനക്കാര്‍ക്ക് നല്‍കുന്ന പേമന്റില്‍ വാള്‍മാര്‍ട്ട് വിത്‌ഹോള്‍ഡിംഗ് നികുതി പിരിച്ചെടുക്കുകയും തുടര്‍ന്ന് വരുന്ന മാസത്തിലെ ഏഴാം തിയതിക്കകം ഈ പണം നികുതി സംവിധാനത്തില്‍ നിക്ഷേപിക്കുകയും വേണം. വിത്‌ഹോള്‍ഡിംഗ് ടാക്‌സ് അഥവാ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കല്‍, ഒരു രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഒരു വ്യക്തിക്ക് നല്‍കുന്ന പലിശക്കോ ലാഭവിഹിതത്തിനോ ചില രാജ്യങ്ങള്‍ ചുമത്തുന്ന നികുതിയാണ്.

സെക്ഷന്‍ 197 അനുസരിച്ച് ഇടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയതിന് ശേഷം ഓഹരി നില്‍പ്പന നടത്തിയവര്‍ക്ക് നികുതി വകുപ്പില്‍ നിന്ന് വിത്‌ഹോള്‍ഡിംഗ് നികുതി സര്‍ട്ടിഫിക്കറ്റ് നേടാം. നികുതി കുറക്കാനോ അല്ലെങ്കില്‍ നികുതി പൂര്‍ണമായും ഒഴിവാക്കാനോ വേണ്ടി വാദിക്കാനും സാധിക്കും. വിത്‌ഹോള്‍ഡിംഗ് നികുതി അടച്ചു കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ വാള്‍മാര്‍ട്ട് കൃത്യത പാലിച്ചിട്ടുണ്ടോയെന്ന് നികുതി അതോറിറ്റികള്‍ പരിശോധിക്കും. ശരിയായ നികുതി തുകയല്ല വാള്‍മാര്‍ട്ട് അടച്ചതെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനിക്ക് കത്തയക്കും.

എല്ലാ നികുതി ബാധ്യതകളും തങ്ങള്‍ നിറവേറ്റുമെന്ന് ജൂലൈയില്‍ ആദായ നികുതി വകുപ്പിന് വാള്‍മാര്‍ട്ട് ഉറപ്പ് നല്‍കിയിരുന്നു. നികുതി അതോറിറ്റികളുമായി ഓഹരി വാങ്ങല്‍ കരാര്‍ മേയ് മാസത്തില്‍ ഫഌപ്കാര്‍ട്ട് പങ്കിട്ടിരുന്നു. വാള്‍മാര്‍ട്ടിന് ഓഹരികള്‍ വില്‍ക്കുന്ന ഫ്‌ളിപ്കാര്‍ട്ടിലെ നിക്ഷേപകര്‍ക്ക് ബാധകമായ നികുതിനിരക്ക് ഐടി ഡിപ്പാര്‍ട്ട്‌മെന്റ് വിലയിരുത്തിയിട്ടുണ്ട്. സോഫ്റ്റ് ബാങ്ക്, നാസ്‌പേഴ്‌സ്, ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ്, ഇബേ തുടങ്ങിയവര്‍ ഫ്ലിപ്കാര്‍ട്ടിലെ തങ്ങളുടെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍ക്കാന്‍ സമ്മതിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: Walmart