ഉഡാന്‍ 225 ദശലക്ഷം ഡോളര്‍ സമാഹരിക്കും

ഉഡാന്‍ 225 ദശലക്ഷം ഡോളര്‍ സമാഹരിക്കും

ഏറ്റവും വേഗത്തില്‍ യുണികോണ്‍ ക്ലബ്ബില്‍ അംഗമാകുന്ന ഇന്ത്യന്‍ കമ്പനിയാകാനൊരുങ്ങി ഉഡാന്‍

ബെംഗളൂരു: ഏറ്റവും വേഗതയില്‍ യുണികോണ്‍ ക്ലബ്ബില്‍ അംഗമാകുന്ന ഇന്ത്യന്‍ കമ്പനിയെന്ന പ്രശസ്തി കരസ്ഥമാക്കാനൊരുങ്ങുകയാണ് ബിസിനസ് ടു ബിസിനസ് ഓണ്‍ലൈന്‍ വിപണിയായ ഉഡാന്‍. 2016 ല്‍ ഫ്ലിപ്കാർട്  മുന്‍ ഉദ്യോഗസ്ഥരായ വൈഭവ് ഗുപ്ത, അമോദ് മാല്‍വിയ, കുമാര്‍ എന്നിവര്‍ ചേര്‍ന്നാരംഭിച്ച ഉഡാന്‍ രജിസ്റ്റര്‍ ചെയ്ത് 26 മാസത്തിനകമാണ് ഒരു ബില്യണ്‍ ഡോളര്‍ വിപണി മൂല്യത്തിനടുത്തെത്തിയിരിക്കുന്നത്. ഹൈവ്‌ലൂപ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 225 ദശലക്ഷം ഡോളര്‍ സമാഹരിക്കുന്നതിനായി മുന്‍ നിക്ഷേപകരായ ഡിഎസ്ടി ഗ്ലോബല്‍, ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് ഗ്ലോബല്‍ ഫണ്ട് തുടങ്ങിയവരുമായി ചര്‍ച്ച നടത്തി വരികയാണ്.

നിക്ഷേപ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉഡാനിന്റെ വിപണി മൂല്യം ഒരു ബില്യണ്‍ ഡോളറിലധികമാകും. രണ്ടു വര്‍ഷം മുമ്പ് ഡിഎസ്ടി ഗ്ലോബലിന്റെ സ്ഥാപകനായ യൂറി മില്‍നെറില്‍ നിന്ന് പത്ത് ദശലക്ഷം ഡോളര്‍ സമാഹരിച്ച് ഉഡാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ലൈറ്റ്‌സ്പീഡ്, അപോലെറ്റോ ഏഷ്യ എന്നിവരില്‍ നിന്ന് 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിരുന്നു. ഈ നിക്ഷേപ സമാഹരണത്തിലൂടെ നേടിയ വിപണി മൂല്യത്തില്‍ നിന്ന് അഞ്ചിരട്ടി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഉല്‍പ്പാദകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കച്ചവടക്കാര്‍ക്കും കടയുടമകള്‍ക്കും വില്‍ക്കുന്നതിന് അവസരമൊരുക്കുന്ന ബി2ബി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഉഡാന്‍ പ്രദാനം ചെയ്യുന്നത്. 13,000-150,000 വില്‍പ്പനക്കാരും ബയേഴ്‌സുമുള്ള ഉഡാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൊത്ത വ്യാപാര മൂല്യത്തില്‍ 12 ഇരട്ടിയിലേറെ വര്‍ധനവാണ് നേടിയത്. പ്രതിമാസം 300-400 കോടി രൂപയുടെ വില്‍പ്പനയാണ് പ്ലാറ്റ്‌ഫോം നേടുന്നത്.
തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ്, എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോം ഹോം, കിച്ചണ്‍, ഓഫീസ്, വ്യാവസായിക ഉല്‍പ്പന്നങ്ങളും, ഫ്രഷായ പച്ചക്കറികളും ഫലവര്‍ഗങ്ങളും കൂടി ഉല്‍പ്പന്ന വിഭാഗത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനും ഷിപ്പ്‌മെന്റിന്റെ കാര്യക്ഷമത ഉയര്‍ത്തികൊണ്ട് സ്വന്തമായി വിതരണ ശൃംഖലയും വെയര്‍ഹൗസ് സൗകര്യവും യാഥാര്‍ത്ഥ്യമാക്കാനും ഉഡാന്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ ഏകദേശം 100 ഓളം നഗരങ്ങളില്‍ നിന്നുള്ള വില്‍പ്പനക്കാരും ഉല്‍പ്പാദകരുമായി സഹകരിക്കുന്ന ഉഡാന്‍ 800 നഗരങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യുന്നുണ്ട്. പ്ലാറ്റ്‌ഫോമില്‍ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കള്‍ക്കായി വായ്പയായി പ്രവര്‍ത്തന മൂലധനം നല്‍കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ആമസോണ്‍ ബിസിനസ്, മെട്രോ കാഷ് & കാരി, വാള്‍മാര്‍ട്ട്, ആലിബാബ എന്നിവരാണ് ഉഡാന്റെ വിപണിയിലെ എതിരാളികള്‍. കൂടാതെ ഈ മേഖലയിലെ മത്സരം കൂടുതല്‍ വര്‍ധിപ്പിച്ചുകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബി2ബി ഇ-കൊമേഴ്‌സ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നുമുണ്ട്. 2020 ആകുന്നതോടെ ഉപഭോക്താക്കളോട് നേരിട്ട് ഇടപെഴകുന്ന ഓണ്‍ലൈന്‍ റീട്ടെയ്ല്‍ 50-100 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഇന്ത്യന്‍ ബി2ബി ഇ-കൊമേഴ്‌സ് വിപണി 700 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് അനുമാനം.

Comments

comments

Categories: Business & Economy
Tags: Udaan