ഇന്ത്യയില്‍ അതിവേഗ വികസനം ലക്ഷ്യമിട്ട് യുബര്‍

ഇന്ത്യയില്‍ അതിവേഗ വികസനം ലക്ഷ്യമിട്ട് യുബര്‍

ന്യൂഡെല്‍ഹി: കാബ് സേവനദാതാക്കളായ യുബര്‍ ഇന്ത്യന്‍ വിപണിയില്‍ അതിവേഗത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി രാജ്യത്തെ നിക്ഷേപം ഇരട്ടിയായി വര്‍ധിപ്പിക്കുമെന്നും ഇവിടെ നിന്നും യുവ എന്‍ജിനീയറിംഗ് പ്രൊഫഷണലുകളെ കണ്ടെത്തുമെന്നും കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബാര്‍നി ഹാര്‍ഫോര്‍ഡ് അറിയിച്ചു. ആഗോളതലത്തിലെ പ്രമുഖ ടെക്‌നോളജി കമ്പനിയാകാനുള്ള യുബറിന്റെ പദ്ധതിയിലെ പ്രധാന വിപണിയാണ് ഇന്ത്യയെന്നും രാജ്യത്ത് ദീര്‍ഘകാലത്തേക്കുള്ള വിജയകരമായ ഭാവിയാണ് യുബര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദഹം വ്യക്തമാക്കി. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാര്‍നി ഹാര്‍ഫോര്‍ഡ് ഇക്കാര്യം അറിയിച്ചത്.

തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രാദേശിക കാബ് സേവനദാതാക്കളായ ഗ്രാബിന് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ 27.5 ശതമാനം ഓഹരികള്‍ യുബര്‍ വിറ്റിരുന്നു. ഗ്രാബുമായുള്ള ഇടപാടിലൂടെ ലഭിച്ച മൂലധനം ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാനാണ് യുബറിന്റെ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ റൈഡ് ബിസിനസിലും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസായ യുബര്‍ ഈറ്റ്‌സിലും മികച്ച വളര്‍ച്ച പിന്തുടരുന്ന യുബര്‍ അടുത്തിടെ ഇന്ത്യയില്‍ ഒരു ബില്യണ്‍ ട്രിപ്പുകളെന്ന നേട്ടം കൈവരിച്ചിരുന്നു. ബൈക്ക് ഷെയറിംഗ് സേവനമായ യുബര്‍മോട്ടോ പോലെ നഗരങ്ങളില്‍ ന്യായമായ നിരക്കില്‍ കൂടുതല്‍ ഗതാഗത സേവനമാര്‍ഗങ്ങള്‍ ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഡിജിറ്റല്‍ പേമെന്റ് സേവനമായ യുബര്‍ലൈറ്റ് പോലുള്ള കമ്പനിയുടെ ബിസിനസുകള്‍ക്ക് ഇന്ത്യന്‍ വിപണി ശക്തമായ പിന്തുണയാണ് നല്‍കുന്നത്.

ഇന്ത്യന്‍ നഗരങ്ങളിലെ മലിനീകരണവും ഗതാഗത തിരക്കും കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രൈവറ്റ് റൈഡ് ഷെയറിംഗ് അനുവദിച്ചിട്ടുണ്ട്. ഇത് ഡെല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് 68 ശതമാനം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട ബാര്‍നി ഹാര്‍ഫോര്‍ഡ് ടാക്‌സി പെര്‍മിറ്റ് നിയമങ്ങളിലെ ഉദാരവല്‍ക്കരണം ഉള്‍പ്പെടെ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഗതാഗതമേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കരണങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. അടുത്തിടെ യുബര്‍ തങ്ങളുടെ ഫ്‌ളൈയിംഗ് കാര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്ത അഞ്ചു രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടിയിരുന്നു.

Comments

comments

Categories: FK News
Tags: Uber