സുസുകി വി-സ്‌ട്രോം 650 അടുത്തയാഴ്ച്ച

സുസുകി വി-സ്‌ട്രോം 650 അടുത്തയാഴ്ച്ച

7.5 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില ; അഡ്വഞ്ചര്‍ ടൂററിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി

ന്യൂഡെല്‍ഹി : അഡ്വഞ്ചര്‍ ടൂററായ സുസുകി വി-സ്‌ട്രോം 650 അടുത്തയാഴ്ച്ച ഇന്ത്യയില്‍ അവതരിപ്പിക്കും. 7.5 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നു. സുസുകി ഡീലര്‍മാര്‍ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 50,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്കിംഗ് നടത്താം. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) കിറ്റുകള്‍ ഇറക്കുമതി ചെയ്ത് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യും. 645 സിസി, ലിക്വിഡ് കൂള്‍ഡ്, 4 സ്‌ട്രോക്ക്, വി-ട്വിന്‍ എന്‍ജിനാണ് സുസുകി വി-സ്‌ട്രോം 650 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,800 ആര്‍പിഎമ്മില്‍ ഏകദേശം 70 ബിഎച്ച്പി പവറും 66 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 213 കിലോഗ്രാമാണ് വി-സ്‌ട്രോം 650 മോട്ടോര്‍സൈക്കിളിന്റെ കെര്‍ബ് വെയ്റ്റ്.

ആഗോളതലത്തില്‍ സുസുകി വി-സ്‌ട്രോം 650 രണ്ട് വേരിയന്റുകളില്‍ ലഭിക്കും. സ്റ്റാന്‍ഡേഡ്, എക്‌സ്ടി എന്നിവയാണവ. അലുമിനിയം അലോയ് വീലുകളും ബ്രിഡ്ജ്‌സ്‌റ്റോണ്‍ ബാറ്റില്‍ വിംഗ് ടയറുകളുമാണ് സ്റ്റാന്‍ഡേഡ് വേര്‍ഷനില്‍ നല്‍കിയിരിക്കുന്നത്. സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ വയര്‍ സ്‌പോക്കുകള്‍ സഹിതം അലുമിനിയം വീലുകളും ബ്രിഡ്ജ്‌സ്‌റ്റോണ്‍ ബാറ്റ്‌ലാക്‌സ് അഡ്വഞ്ചര്‍ ട്യൂബ്‌ലെസ് ടയറുകളും എക്‌സ്ടി വേര്‍ഷനില്‍ കാണാം. എക്‌സ്ടി വേരിയന്റിലെ ഫ്രണ്ട് ഹെഡര്‍ പൈപ്പിനും എന്‍ജിന്‍ കേസുകള്‍ക്കും പ്ലാസ്റ്റിക് ആവരണം നല്‍കി. ഹാന്‍ഡ് ഗാര്‍ഡുകള്‍, വൈബ്രേഷന്‍ കുറയ്ക്കുന്നതിന് ഭാരമേറിയ ബാര്‍ എന്‍ഡുകള്‍ എന്നിവയാണ് എക്‌സ്ടി വേരിയന്റ് സംബന്ധിച്ച മറ്റ് ഫീച്ചറുകള്‍. ഇന്ത്യയില്‍ സ്റ്റാന്‍ഡേഡ് വേരിയന്റ് മാത്രമായിരിക്കും സുസുകി അവതരിപ്പിക്കുന്നത്. ബ്ലാക്ക് & യെല്ലോ, ബ്ലാക്ക് & വൈറ്റ് എന്നിവയാണ് രണ്ട് ഡുവല്‍ ടോണ്‍ നിറങ്ങള്‍.

19 ഇഞ്ച് മുന്‍ ചക്രത്തിലും 17 ഇഞ്ച് പിന്‍ ചക്രത്തിലുമാണ് സുസുകി വി-സ്‌ട്രോം 650 വരുന്നത്. സ്റ്റാന്‍ഡേഡായി ഡുവല്‍ ചാനല്‍ എബിഎസ് നല്‍കും. എന്നാല്‍ എബിഎസ് സ്വിച്ച് ഓഫ് ചെയ്യാന്‍ കഴിയില്ല. 2 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റമാണ് മറ്റൊരു ഫീച്ചര്‍. ഇത് സ്വിച്ച് ഓഫ് ചെയ്യാന്‍ സാധിക്കും. കാവസാക്കി വേഴ്‌സിസ് 650 മോട്ടോര്‍സൈക്കിളാണ് (എക്‌സ് ഷോറൂം വില 6.6 ലക്ഷം രൂപ) ഏറ്റവുമടുത്ത എതിരാളി. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന മൂന്നാമത്തെ വലിയ സുസുകി ബൈക്കായിരിക്കും വി-സ്‌ട്രോം 650. സുസുകി ഹയാബുസ, സുസുകി ജിഎസ്എക്‌സ്-എസ്750 എന്നിവയാണ് ആദ്യ രണ്ട് മോട്ടോര്‍സൈക്കിളുകള്‍.

Comments

comments

Categories: Auto