ശ്രീലങ്കയ്ക്ക് സൗദി 300 കോടി വാഗ്ദാനം ചെയ്തു

ശ്രീലങ്കയ്ക്ക് സൗദി 300 കോടി വാഗ്ദാനം ചെയ്തു

കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികള്‍ക്ക് തുക വിനിയോഗിക്കും

റിയാദ്: ശ്രീലങ്കയില്‍ വിവിധ മേഖലകളുടെ വികസനത്തിനായി സൗദി അറേബ്യ 300 കോടി രൂപ വാഗ്ദാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

വിവിധ ജലവിതരണ പദ്ധതികള്‍ ഉള്‍പ്പെടെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികള്‍ക്കായിരിക്കും ഈ തുക വിനിയോഗിക്കുക. കിഴക്കന്‍ ശ്രീലങ്കയിലെ പടിയത്തലാവയിലുള്ള റോഡ് വികസന പദ്ധതികള്‍ സന്ദര്‍ശിച്ച ശേഷം ശ്രീലങ്കയിലെ സൗദി അംബാസഡറായ അബ്ദുള്‍ നാസര്‍ അല്‍ ഹര്‍ദിയായാണ് വിവിധ പദ്ധതികള്‍ക്കായുള്ള സഹായ വാഗ്ദാനം പ്രഖ്യാപിച്ചത്. ശ്രീലങ്കയ്ക്ക് വിവിധ മേഖലകളിലെ വികസനത്തിനായി സഹായം നല്‍കാന്‍ സൗദി ഭരണകൂടത്തിന് താല്‍പ്പര്യമുണ്ടെന്നും അതുവഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും അബ്ദുള്‍ നാസര്‍ അല്‍ ഹര്‍ദി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, പ്രത്യേകിച്ചും വിനോദ സഞ്ചാര മേഖലയില്‍ സൗദിമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രീലങ്ക ശ്രമിച്ചു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം 50,000ല്‍ അധികം സൗദി പൗരന്‍മാരാണ് ശ്രീലങ്കയില്‍ വിനോദസഞ്ചാരത്തിനായി എത്തിയിരുന്നത്. മാത്രവുമല്ല കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി സൗദിയുടെ വികസന ഫണ്ടില്‍ നിന്നും ശ്രീലങ്കയ്ക്ക് സഹായവും ലഭിക്കുന്നുണ്ട്. അടുത്തിടെ ശ്രീലങ്കയുടെ തലസ്ഥാന നഗരിയായ കൊളെബോയിലെ അപസ്മാര രോഗികള്‍ക്കായുള്ള ആശുപത്രിയിലേക്കും സൗദി ധനസഹായം നല്‍കിയിരുന്നു. ശ്രീലങ്കന്‍ നിവാസികള്‍ ഏറെയുള്ള റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്നും 18 ഓളം റിട്ടേണ്‍ ഫ്‌ളൈറ്റുകളാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നിലവില്‍ നടത്തുന്നത്.

Comments

comments

Categories: Arabia
Tags: Sreelanka

Related Articles