സൗദി എണ്ണ ഉല്‍പ്പാദനം കൂട്ടി; ഓഗസ്റ്റിലെ ഉല്‍പ്പാദനം പ്രതിദിനം 10.424 ദശലക്ഷം ബാരല്‍

സൗദി എണ്ണ ഉല്‍പ്പാദനം കൂട്ടി; ഓഗസ്റ്റിലെ ഉല്‍പ്പാദനം പ്രതിദിനം 10.424 ദശലക്ഷം ബാരല്‍

ജൂലൈയില്‍ ഉല്‍പ്പാദനം ദിനംപ്രതി 10.288 ദശലക്ഷം ബാരല്‍ ആയിരുന്നു

റിയാദ്: സൗദി അറേബ്യയിലെ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിച്ചതായി ഒപെക് വൃത്തങ്ങള്‍. കഴിഞ്ഞ മാസം പ്രതിദിനം 10.424 ദശലക്ഷം ബാരലായിരുന്നു രാജ്യത്തെ പ്രതിദിന എണ്ണ ഉല്‍പ്പാദനം. ജൂലൈയില്‍ ഇത് ദിവസംതോറും 10.288 ദശലക്ഷം ബാരലായിരുന്നു.

രാജ്യത്തെ ദിവസം തോറുമുള്ള എണ്ണ വിതരണത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് ജൂലൈയില്‍ 10.380 ദശലക്ഷം ബാരല്‍ ആയിരുന്നത് കഴിഞ്ഞ മാസം 10.467 ദശലക്ഷം ബാരലായി മാറി. യെമനിലെ ഹൂത്തികള്‍ സൗദി എണ്ണ കപ്പലുകളില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ബാബ് അല്‍ മന്ദേബ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചതാണ് ജൂലൈയില്‍ ഉല്‍പ്പാദനം കുറയാന്‍ കാരണമെന്ന് ഒപെക് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആഗോള എണ്ണ കയറ്റുമതിയുടെ 30 ശതമാനവും ഈ മേഖലയിലൂടെയാണ് കടന്നു പോയിരുന്നത്.

കഴിഞ്ഞ മാസം എണ്ണ ഉല്‍പ്പാദനത്തില്‍ ഏറ്റവും വലിയ വര്‍ധനവ് വരുത്തിയത് ലിബിയയും ഇറാഖുമാണ്. ഒപെക് രാജ്യങ്ങളുടെ എണ്ണ ഉല്‍പ്പാദനം കഴിഞ്ഞ മാസം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിയിരുന്നു. അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി കുറഞ്ഞപ്പോള്‍ ലിബിയയിലെ ഉല്‍പ്പാദനത്തില്‍ വലിയ തോതില്‍ വര്‍ധനവ് രേഖപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങള്‍ 32. 79 ദശലക്ഷം ബാരല്‍ എന്ന തോതിലാണ് ഉല്‍പ്പാദനം നടത്തിയത്. 15 രാജ്യങ്ങളുള്ള ഒപെക്കിന്റെ പ്രതിദിന ഉല്‍പ്പാദനത്തില്‍ ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 2, 20,000 ലക്ഷം ബാരലിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുമ്പ് ആഗോള എണ്ണ വിപണിയില്‍ എണ്ണ വില താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ ഒപെക് എണ്ണ ഉല്‍പ്പാദനം കുറച്ചിരുന്നു. എന്നാല്‍ വില ഉയര്‍ന്നതോടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക്കും സംഘടനയ്ക്കുള്ള പുറത്തുള്ള രാജ്യങ്ങളും ജൂണില്‍ ധാരണയില്‍ എത്തുകയും ചെയ്തിരുന്നു.

ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് എണ്ണയുല്‍പ്പാദനത്തിലുണ്ടാകുന്ന കുറവ് നികത്താല്‍ മറ്റു രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനോട് സൗദി അനുഭാവപൂര്‍വം പ്രതികരിക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Arabia

Related Articles