റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ഉടന്‍

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എബിഎസ് ഉടന്‍

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍

ന്യൂഡെല്‍ഹി : ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഫീച്ചര്‍ നല്‍കി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഉടന്‍ പരിഷ്‌കരിക്കും. ഹിമാലയന്റെ എബിഎസ് പതിപ്പ് വരുന്നതോടെ നിലവിലെ സ്റ്റാന്‍ഡേഡ് മോഡല്‍ നിര്‍ത്തിയേക്കും. 2019 ഏപ്രില്‍ മാസത്തിനുമുമ്പ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ സ്വന്തം മോഡലുകളില്‍ എബിഎസ് നല്‍കിയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍.

ബിഎസ് 4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി 2017 ല്‍ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് സിസ്റ്റം നല്‍കി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പരിഷ്‌കരിച്ചിരുന്നു. കൂടാതെ ഗുണമേന്‍മയും ഫിനിഷും മെച്ചപ്പെടുത്തുകയും ചെയ്തു. എബിഎസ് നല്‍കുമ്പോഴും റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. 411 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 24 ബിഎച്ച്പി കരുത്തും 4250 ആര്‍പിഎമ്മില്‍ 32 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. എബിഎസ് വേര്‍ഷന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ എബിഎസ് ഇന്‍ഡിക്കേറ്റര്‍ കാണാന്‍ സാധിക്കും. മറ്റ് മാറ്റങ്ങളില്ല. എന്നാല്‍ സ്വിച്ചബിള്‍ എബിഎസ് സിസ്റ്റമാണോ നല്‍കുന്നതെന്ന് ഇതുവരെ വ്യക്തമല്ല.

എബിഎസ് നല്‍കുമ്പോള്‍ ഹിമാലയന്റെ വിലയില്‍ ഏകദേശം 10,000 – 12,000 രൂപയുടെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ മോട്ടോര്‍സൈക്കിളിന്റെ ഓണ്‍ റോഡ് വില രണ്ട് ലക്ഷത്തിനടുത്ത് വരും. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു ജി310 ജിഎസ്, കാവസാക്കി വേഴ്‌സിസ്-എക്‌സ് 300 എന്നിവുമായാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മത്സരിക്കുന്നത്. എന്നാല്‍ ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും കൂടുതല്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നതിനാല്‍ വില കൂടുതലാണ്. ഹിമാലയന്‍ എബിഎസ് വേര്‍ഷന്റെ ബുക്കിംഗ് ഡീലര്‍മാര്‍ സ്വീകരിച്ചുതുടങ്ങി.

Comments

comments

Categories: Auto
Tags: RE Himalaya