‘ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബ് ‘ കോറമംഗലയുടെ വളര്‍ച്ചയും താഴ്ചയും

‘ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബ് ‘ കോറമംഗലയുടെ വളര്‍ച്ചയും താഴ്ചയും

സ്റ്റാര്‍ട്ട് അപ്പ് ഹബ്ബ് എന്ന നിലയില്‍ പേരെടുത്ത പ്രദേശമാണ് കോറമംഗല. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കോറമംഗലയില്‍നിന്നും പ്രമുഖ സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രവര്‍ത്തനം മാറ്റിയിരിക്കുകയാണ്. കോറമംഗലയ്ക്കു സമീപമുള്ള എച്ച്എസ്ആറിലാണ് എല്ലാ സ്റ്റാര്‍ട്ട് അപ്പുകളും നോട്ടമിടുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രമുഖ സ്റ്റാര്‍ട്ട് അപ്പുകളായ ഒല, ബിഗ് ബാസ്‌ക്കറ്റ്, സ്വിഗ്ഗി തുടങ്ങിയവര്‍ കോറമംഗല ഉപേക്ഷിച്ച് അവരുടെ പ്രവര്‍ത്തനമേഖല സമീപപ്രദേശങ്ങളിലേക്കു മാറ്റുകയുണ്ടായി. ഈ വര്‍ഷമാദ്യം ഉഡാന്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് എച്ച്എസ്ആറിലേക്ക് പ്രവര്‍ത്തനം മാറ്റിയിരുന്നു.

കോറമംഗലയുടെ വികസനം സുസ്ഥിരമായിരുന്നില്ല. ശുദ്ധജല ദൗര്‍ലഭ്യം, ഗതാഗത കുരുക്ക്, ജനപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങള്‍ കോറമംഗലയിലുണ്ടായി. കോറമംഗല അറിയപ്പെട്ടിരുന്നത് സ്റ്റാര്‍ട്ട് അപ്പ് ഹബ്ബ് എന്നാണെങ്കില്‍ ഇന്ന് അത് അറിയപ്പെടുന്നത് നിരാശയുടെ ഉത്ഭവസ്ഥാനമെന്നാണ്.

ബെംഗളുരു നഗരത്തിന്റെ തെക്ക്-കിഴക്കന്‍ പ്രദേശമാണു കോറമംഗല. ചോല മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന നിരത്തുകളും, ആഡംബര അപ്പാര്‍ട്ട്‌മെന്റുകളും, ആരും താമസിക്കാനിഷ്ടപ്പെടുന്ന, വിശാലമായ റെസിഡന്‍ഷ്യല്‍ ഏരിയയും, മോഡിയുള്ള രമ്യഹര്‍മ്മ്യങ്ങളും, വാണിജ്യ-വ്യാപാര കേന്ദ്രങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്നയിടമാണു കോറമംഗല.
ബെംഗളുരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരാമെന്നതാണു കോറമംഗലയുടെ ഒരു പ്രത്യേകത. സൗകര്യപ്രദമായ പൊതുഗതാഗത സംവിധാനവും ഇവിടെ ലഭ്യമാണ്. യുവ എന്‍ജിനീയര്‍മാരുടെ ഒരു വലിയ താമസകേന്ദ്രമായിരുന്നു ഒരു കാലത്ത് കോറമംഗല. ബെംഗളുരു, ഇലക്‌ട്രോണിക് സിറ്റി എന്നിവയ്ക്കിടയിലാണു കോറമംഗല സ്ഥിതി ചെയ്യുന്നത്. 1990-കളിലുണ്ടായ ‘ടെക് ബൂം’ രാജ്യത്തെ നിരവധി മൈഗ്രന്റ്‌സിനെ ഇവിടേയ്ക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇതോടെ 1990-കളിലും, 2000-ത്തിന്റെ ആരംഭത്തിലും ഒരു ടെക് ഹബ് എന്ന നിലയില്‍ കോറമംഗല പ്രശസ്തിയാര്‍ജ്ജിച്ചു. ഓഫീസ് സ്‌പേസുകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിങ്ങനെയായി സാമൂഹിക തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കോറമംഗല വാഗ്ദാനം ചെയ്തു. എന്നാല്‍ ട്രാഫിക് കുരുക്ക്, ജനത്തിരക്ക്, ചപ്പുചവറു സാധനങ്ങള്‍ നിരത്തുകളിലും പൊതുസ്ഥലങ്ങളും നിക്ഷേപിച്ചു അലങ്കോലമാക്കല്‍, മോശം ഡ്രെയ്‌നേജ് തുടങ്ങിയ ഘടകങ്ങള്‍ കോറമംഗലയുടെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചു. ഇന്ന് കോറമംഗലയ്ക്കു പഴയ പ്രതാപമില്ല. സമീപമുള്ള HSR Layout (ഹൊസൂര്‍-സര്‍ജാപൂര്‍ റോഡ്) ആണ് പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ ഓഫീസ് ആരംഭിക്കുന്നതിനായി എല്ലാവരും തെരഞ്ഞെടുക്കുന്നത്. 1990-കളില്‍ കോറമംഗലയിലുണ്ടായ അതേ വളര്‍ച്ചയാണ് ഇപ്പോള്‍ എച്ച്എസ്ആര്‍ ലേഔട്ടിലും സംഭവിക്കുന്നത്. 2016-ല്‍ തേഡ് വേവ് കോഫി റോസ്റ്റര്‍ എന്ന പേരിലുള്ള ഹിപ് കോഫി ഷോപ്പ് കോറമംഗലയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇവര്‍ ഈ വര്‍ഷമാദ്യം എച്ച്എസ്ആറില്‍ ഒരു ഷോപ്പിന് തുടക്കമിട്ടു. ഈ ഷോപ്പിലാണ് ഇന്നു സംരംഭകരും നിക്ഷേപകരും പ്രധാനമായി ഒത്തുകൂടുന്നത്. ഇത്തരത്തില്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം എച്ച്എസ്ആറിലേക്ക് വ്യാപിപ്പിച്ചതോടെ ഈ പ്രദേശവും പ്രശസ്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണ്. ‘ സ്വാഭാവികമായൊരു തെരഞ്ഞെടുപ്പാണ് എച്ച്എസ്ആര്‍.
നിങ്ങള്‍ അവിടെ (എച്ച്എസ്ആര്‍ പ്രദേശത്ത്) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ എന്‍ജിനീയര്‍മാരെ നിയമിക്കുന്നത് വളരെ എളുപ്പമാണ്’ ക്യുയര്‍ഫിറ്റ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ സഹസ്ഥാപകന്‍ അങ്കിത് നഗോരി പറയുന്നു. 2016-ല്‍ ഈ സ്റ്റാര്‍ട്ട് അപ്പ് എച്ച്എസ്ആറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എച്ച്എസ്ആര്‍ തീര്‍ച്ചയായും പുതിയ സ്റ്റാര്‍ട്ട് അപ്പ് ഹബ് ആണെന്ന് പറയാനാകുമെന്ന് നഗോരി പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രമുഖ സ്റ്റാര്‍ട്ട് അപ്പുകളായ ഒല, ബിഗ് ബാസ്‌ക്കറ്റ്, സ്വിഗ്ഗി തുടങ്ങിയവര്‍ കോറമംഗല ഉപേക്ഷിച്ച് അവരുടെ പ്രവര്‍ത്തനമേഖല സമീപപ്രദേശങ്ങളിലേക്കു മാറ്റുകയുണ്ടായി. ഈ വര്‍ഷമാദ്യം ഉഡാന്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് എച്ച്എസ്ആറിലേക്ക് പ്രവര്‍ത്തനം മാറ്റിയിരുന്നു. ‘ കോറമംഗലയിലെ ട്രാഫിക് വലിയ പ്രശ്‌നം തന്നെയാണ്. അതേസമയം, എച്ച്എസ്ആറില്‍ മികച്ച ഇന്‍ഫ്രാസ്ട്രക്ചറാണുള്ളത്. കോറമംഗലയിലേതിനേക്കാള്‍ എച്ച്എസ്ആറില്‍ വാടക 20 ശതമാനം വരെ കുറവാണെന്ന് ‘ ഉഡാന്‍ സഹസ്ഥാപകന്‍ സുജിത് കുമാര്‍ പറയുന്നു. 1980-കളില്‍ ബെംഗളുരു ഡവലപ്‌മെന്റ് അതോറിറ്റിയാണ് എച്ച്എസ്ആറിനെ വികസിപ്പിച്ചെടുത്തത്. ഈ പ്രദേശത്തിന്റെ സ്ഥാനവും സ്വഭാവവും പരിഗണിക്കുകയാണെങ്കില്‍, കോറമംഗലയുടെ സ്വാഭാവിക പിന്തുടര്‍ച്ച അല്ലെങ്കില്‍ കൂട്ടിച്ചേര്‍ത്ത ഭാഗമാണ് എച്ച്എസ്ആറെന്നു മനസിലാക്കുവാന്‍ സാധിക്കും. ഇന്‍ഫോസിസിന് ഓഫീസുകള്‍ ഉണ്ടായിരുന്ന 1990-കള്‍ വരെ കോറമംഗല ഒരു അവികസിത നഗരപരിസരമായിരുന്നു. ഏതാനും വ്യവസായ യൂണിറ്റുകളും, ചുരുക്കം ചില വീടുകളുമായിരുന്നു കോറമംഗലയിലുണ്ടായിരുന്നത്. എന്നാല്‍ 90-കളോടെ കോറമംഗല പുനര്‍നിര്‍മിക്കപ്പെട്ടു. ഇന്‍ഫോസിസ് അവരുടെ ഓഫീസുകള്‍ തുറന്നു. ഉന്നത ശ്രേണിയില്‍പ്പെട്ട ഐടി എക്‌സിക്യൂട്ടീവുകളായ നന്ദന്‍ നിലേകാനിയും, അശോക് സൂതും കോറമംഗലയില്‍ താമസം തുടങ്ങി. നാഷണല്‍ ഗെയിംസ് ഹൗസിംഗ് കോംപ്ലെക്‌സിന്റെ നിര്‍മാണവും, ഫോറം മാളിന്റെ ലോഞ്ചിംഗും കോറമംഗലയെ പരിവര്‍ത്തനപ്പെടുത്തി. കോറമംഗലയുടെ വളര്‍ച്ചയുടെ പിന്നീടുള്ള ഘട്ടം 2000-ത്തില്‍ രണ്ട് എന്‍ജിനീയര്‍മാരായ സച്ചിന്‍ ബന്‍സാലും, ബിന്നി ബന്‍സാലും ചേര്‍ന്ന് ഇ-കോമേഴ്‌സ് സ്ഥാപനമായ ഫഌപ്കാര്‍ട്ട് രൂപീകരിച്ചപ്പോഴായിരുന്നു. ആമസോണിലെ ജോലി ഉപേക്ഷിച്ച് രണ്ട് പേരും ചേര്‍ന്ന് കോറമംഗലയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ 2007-ല്‍ ഫഌപ്കാര്‍ട്ടിനു തുടക്കമിട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയിലെ മുന്‍നിര ഇന്റര്‍നെറ്റ് കമ്പനിയായി ഫഌപ്കാര്‍ട്ട് ഉയര്‍ന്നതോടെ, ടെക് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒരു ജൈവവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കാന്‍ കോറമംഗലയ്ക്കു സാധിച്ചു. ഫഌപ്കാര്‍ട്ടിലെ ആദ്യ നിക്ഷേപകരായ ആക്‌സല്‍ പാര്‍ട്ട്‌ണേഴ്‌സ് കോറമംഗലയില്‍ ഓഫീസ് ആരംഭിച്ചിരുന്നു. 2011-12 ഓടെ നിരവധി ടെക് സ്റ്റാര്‍ട്ട് അപ്പുകള്‍ കോറമംഗലയിലേക്ക് കൂട്ടമായെത്തി. ഇത്തരത്തില്‍ നിരവധി ടെക് സ്റ്റാര്‍ട്ട് അപ്പുകള്‍ കോറമംഗലയില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ഫുഡ് ഡെലിവറി, ഗ്രോസറി ഡെലിവറി സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് തുടക്കമിടാനും കാരണമായി. അതോടൊപ്പം മാളുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍, വഴി വാണിഭക്കാര്‍ തുടങ്ങിയവര്‍ പ്രദേശത്തെ ഉപഭോഗ ആവശ്യം നിറവേറ്റുന്നതിനായി പ്രവര്‍ത്തനം തുടങ്ങി. ഇതോടെ കോറമംഗല വികസിച്ചു. പക്ഷേ, വികസനം സുസ്ഥിരമായിരുന്നില്ല. ശുദ്ധജല ദൗര്‍ലഭ്യം, ഗതാഗത കുരുക്ക്, ജനപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങള്‍ കോറമംഗലയിലുമുണ്ടായി. കോറമംഗല അറിയപ്പെട്ടിരുന്നത് സ്റ്റാര്‍ട്ട് അപ്പ് ഹബ്ബ് എന്നാണെങ്കില്‍ ഇന്ന് അത് അറിയപ്പെടുന്നത് നിരാശയുടെ ഉത്ഭവസ്ഥാനമെന്നാണ് (hotbed of frustration). കോറമംഗല ഇന്ന് നേരിടുന്ന ബുദ്ധിമുട്ടുകള്‍, സ്റ്റാര്‍ട്ട് അപ്പ് ഹബ്ബായി പേരെടുത്തു കൊണ്ടിരിക്കുന്ന എച്ച്എസ്ആറിന് നല്‍കുന്നത് വലിയൊരു പാഠം കൂടിയാണ്.

Comments

comments

Categories: FK Special, Slider
Tags: Startup