പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 132.38 കോടി രൂപ

പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 132.38 കോടി രൂപ

പ്രിന്റ് മീഡിയയില്‍ മാത്രം ജിഎസ്ടി സംബന്ധിച്ച പരസ്യം നല്‍കുന്നതിനായി 1,26,93,91,121 രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി( ജിഎസ്ടി)യുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 132.38 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ഔട്ട്‌റീച്ച് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം പത്രങ്ങളുള്‍പ്പടെ പ്രിന്റ് മീഡിയയില്‍ ജിഎസ്ടി സംബന്ധിച്ച പരസ്യം നല്‍കുന്നതിനായി 1,26,93,97, 121 രൂപയാണ് ചെലവാക്കിയത്. എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള ചെലവുകളില്ലെന്നും ബ്യൂറോ വ്യക്തമാക്കുന്നു.

ബില്‍ ബോര്‍ഡുകളുള്‍പ്പടെയുള്ള ഔട്ട്‌ഡോര്‍ മീഡിയയില്‍ പരസ്യം ചെയ്യുന്നതിനായി 5,44,35,502 രൂപയാണ് ചെലവായതെന്ന് ഓഗസ്റ്റ് 9 ന് നല്‍കിയ മറുപടിയില്‍ ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു. ജിഎസ്ടി സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ നടത്തിയ ബോധവല്‍ക്കരണ പ്രചരണ പരിപാടികള്‍ക്ക് ചെലവാക്കിയ തുകയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.

2017 ജൂലൈയിലാണ് രാജ്യത്തെ പരോക്ഷ നികുതി സംവിധാനത്തെ പൊളിച്ചെഴുതി സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കരണമായ ചരക്ക് സേവന നികുതി( ജിഎസ്ടി) സംവിധാനം നിലവില്‍ വന്നത്. അന്നുമുതല്‍ വിവിധ മാധ്യമങ്ങള്‍ വഴി ജനങ്ങളില്‍ ജിഎസ്ടി സംബന്ധിച്ച് ഉടലെടുത്ത സംശയങ്ങള്‍ തീര്‍ക്കാന്‍ പരസ്യം നല്‍കുവാനും ജിഎസ്ടിയെ കുറിച്ച് ബോധവല്‍ക്കരണം നടത്തുവാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

ജിഎസ്ടി നടപ്പാക്കുന്നതിന്റെ മുന്നോടിയായി രാജ്യത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ജിഎസ്ടിയുടെ നടപടിക്രമങ്ങളെ കുറിച്ചും നടപ്പാക്കുന്നതിന്റെ രീതിയെ കുറിച്ചുമെല്ലാം മുഴുവന്‍ പേജ് പരസ്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. ജിഎസ്ടി പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് ജനങ്ങളെ അറിയിക്കുവാനും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനെയാണ് സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത്. കൂടാതെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്(സിബിഇസി) 50 സെറ്റ് ചോദ്യാവലികളും തയാറാക്കിയിരുന്നു. ബിസിനസ്, കച്ചവട, വാണിജ്യ രംഗത്തുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന തരത്തില്‍ പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു.

Comments

comments

Categories: Business & Economy