ദുബായിയെ സ്മാര്‍ട്ടാക്കാന്‍ ഗ്രീന്‍ ദുബായ് പദ്ധതികളുമായി ദീവ

ദുബായിയെ സ്മാര്‍ട്ടാക്കാന്‍ ഗ്രീന്‍ ദുബായ് പദ്ധതികളുമായി ദീവ

പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്ന വിവിധ പദ്ധതികള്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു

ദുബായ്: ലോകത്തിലെ ഏറ്റവും സുസ്ഥിരമായ നഗരമാക്കി ദുബായിയെ മാറ്റാന്‍ വിവിധ വികസന പദ്ധതികളുമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) രംഗത്ത്. ജനങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായി ജീവിതം നയിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് പദ്ധതികളാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ ഗ്രീന്‍ ദുബായ് പദ്ധതിയില്‍ പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്ന തരത്തില്‍ വിവിധ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

സൗരോര്‍ജ്ജം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള ഷംസ് ദുബായ് പ്രോജക്റ്റാണ് ഗ്രീന്‍ ദുബായിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. കെട്ടിടങ്ങളുടെ മുകളിലായി ഫോട്ടോവോള്‍ട്ടെയ്ക് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് ദീവയുടെ ഗ്രിഡുമായി ബന്ധിപ്പിച്ചാണ് ഇതു നടപ്പാക്കുന്നത്. 1145 കെട്ടിടങ്ങളില്‍ ഇതിനോടകം ബന്ധിപ്പിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. 50 മെഗാവാട്ട് വൈദ്യുതിയാണ് ഇതുവഴി ഉല്‍പ്പാദിപ്പിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനായുള്ള ഗ്രീന്‍ ചാര്‍ജര്‍ പ്രോജക്റ്റാണ് ഗ്രീന്‍ ദുബായില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു പദ്ധതി. നിലവില്‍ നൂറോളം ഗ്രീന്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച ദീവ, ഈ വര്‍ഷം അവസാനത്തോടെ ഇവയുടെ എണ്ണം 200 ല്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഉപഭോക്താക്കളെ പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 2019 അവസാനം വരെ വൈദ്യുതവാഹനങ്ങള്‍ക്ക് ഈ സ്റ്റേഷനുകളില്‍ സൗജന്യ ചാര്‍ജിംഗ് സൗകര്യവും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുന്ന ‘ഹൈ വാട്ടര്‍ യൂസേജ് അലര്‍ട്ട്’ ആണ് ഗ്രീന്‍ ദുബായിലെ മൂന്നാമത്തെ പദ്ധതി. ഇതിന്റെ ഭാഗമായി പൈപ്പുകളില്‍ എവിടെയെങ്കിലും ചോര്‍ച്ചയുണ്ടെങ്കിലോ ഉപഭോഗം കൂടുകയോ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അവ കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം നല്‍കുന്ന മുന്നറിയിപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് പൈപ്പ് റിപ്പയര്‍ ചെയ്യുകയോ ഉപഭോഗം കുറയ്ക്കാനോ ഇതുവഴി കഴിയും. അതിനൊപ്പം വെള്ളത്തിന്റെ ദുരുപയോഗം തടയാനും കഴിയും. 2030 ഓടുകൂടി ജല, വൈദ്യുത ഉപഭോഗം മുപ്പതു ശതമാനം കുറയ്ക്കുകയാണ് ദീവയുടെ ലക്ഷ്യം.

പൗരന്‍മാരില്‍ വൈദ്യുതിയുടേയും ജലത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനൊപ്പം ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഉത്തരവാദിത്തം ശീലിപ്പിക്കാനുമാണ് ഗ്രീന്‍ ദുബായ് ലക്ഷ്യമിടുന്നതെന്ന് ദീവ സിഇഒയും എംഡിയുമായ സയിദ് മുഹമ്മദ് അല്‍ ടെയര്‍ പറഞ്ഞു. വികസന പരിപാടികള്‍ക്കൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഉതകുന്ന പരിപാടികള്‍ ആവിഷ്‌കരിക്കാനും, ഭാവി തലമുറയുടെ അവകാശങ്ങള്‍ സംരക്ഷിച്ച് വൃത്തിയുള്ളതും ആരോഗ്യകരവുമായ ആവാസവ്യവസ്ഥ ഒരുക്കാനും ഈ പദ്ധതി വഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia
Tags: Green dubai

Related Articles