ദുബായ് ഫിറ്റ്‌നസ് ചലഞ്ച് രണ്ടാമത് എഡിഷന്‍ ഒക്ടോബര്‍ 19ന് തുടങ്ങും

ദുബായ് ഫിറ്റ്‌നസ് ചലഞ്ച് രണ്ടാമത് എഡിഷന്‍ ഒക്ടോബര്‍ 19ന് തുടങ്ങും

30 ദിവസം നീളുന്ന പരിപാടിയില്‍ ഇത്തവണ പത്തു ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് സൂചന

ദുബായ്: വ്യായാമത്തിന്റെ പ്രാധാന്യം വിളിച്ചോതി നടക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) രണ്ടാമത് എഡിഷന്‍ ഒക്ടോബര്‍ 19 ന് തുടങ്ങും. മുപ്പതു ദിവസം നീളുന്ന പരിപാടിയില്‍ ഈ വര്‍ഷം പത്തു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ ഷേഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഡിഎഫ്‌സി പുറത്തിറക്കിയത്. ഈ പദ്ധതിയുടെ വന്‍ വിജയത്തോടനുബന്ധിച്ച് ഈ വര്‍ഷവും ഡിഎഫ്‌സി നടത്താന്‍ തീരുമാനിക്കുന്നതായി കഴിഞ്ഞ ദിവസം ദുബായ് ടൂറിസം വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

നഗരത്തിന്റെ പല ഭാഗങ്ങളിലായി വിവിധ കായിക-വ്യായാമ പരിപാടികളാണ് ഡിഎഫ്‌സിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും 30 മിനിട്ട് വ്യായാമം ചെയ്യുന്നതോടൊപ്പം വ്യായാമം ദിനചര്യയുടെ ഭാഗമാക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ പ്രധാന ലക്ഷ്യം.

യോഗ, നടത്തം, ഫിറ്റ്‌നസ് ക്ലാസുകള്‍, സൈക്ലിംഗ്, ഫുട്‌ബോള്‍ തുടങ്ങിയവയില്‍ വിവിധ മല്‍സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഫിറ്റ്‌നസ് ചലഞ്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വിവിധ സ്ഥാപനങ്ങളിലും വീടുകളിലും സൗജന്യ വ്യായാമ പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ പാസുകളും ഒരു മാസത്തോളം നീളുന്ന പരിശീലന ക്ലാസുകളും സജ്ജമാക്കിയിരിക്കും. വാരാന്ത്യ ഫിറ്റ്‌നസ് കാര്‍ണിവല്‍ ആണ് ഡിഎഫ്‌സിയിലെ മറ്റൊരു പ്രധാന പരിപാടി. ഇതിന്റെ ഭാഗമായി കായിക താരങ്ങള്‍, ആരോഗ്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി അവതരിപ്പിക്കും.

കഴിഞ്ഞ വര്‍ഷം ദുബായിലെ സ്ഥിര താമസക്കാരും സന്ദര്‍ശകരും അടക്കം 786,000 ആളുകളാണ് ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുത്തത്. ഈ വര്‍ഷം ചലഞ്ചില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഡിഎഫ്‌സിയുടെ ആപ്പ് വഴി അടുത്ത മാസം മുതല്‍ രജിസ്റ്റര്‍ ചെയ്യാം.

Comments

comments

Categories: Top Stories

Related Articles