നോട്ട് അസാധുവാക്കല്‍: സാധാരണക്കാരന് പറയാനുള്ളത്

നോട്ട് അസാധുവാക്കല്‍: സാധാരണക്കാരന് പറയാനുള്ളത്

നോട്ട് അസാധുവാക്കലിന്റെ മൂന്നാം വാര്‍ഷികത്തിലേക്ക് ഇനി രണ്ട് മാസത്തെ സമയം മാത്രമാണ് അവശേഷിക്കുന്നത്. പിന്‍വലിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരികെ ബാങ്കുകളിലേക്ക് എത്തിയെന്ന കണക്കുകള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതോടെ വീണ്ടും വാദപ്രതിവാദം കനത്തിരിക്കുന്നു. റെക്കോഡ് ഉയരത്തിലേക്ക് വളര്‍ന്ന ജിഡിപിയും നിയന്ത്രണത്തിലായ പണപ്പെരുപ്പവും വിലക്കയറ്റവും ഉയര്‍ന്ന നികുതി വരുമാനവും സുതാര്യമായ നികുതി സംവിധാനവും ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധനയുമൊക്കെ കാട്ടിയാണ് ഡിമോണിറ്റൈസേഷന്‍ സമ്പൂര്‍ണ പരാജയമാണെന്ന പ്രതിപക്ഷ വാദത്തെ സര്‍ക്കാര്‍ പ്രതിരോധിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ പൂര്‍ണ പ്രതീക്ഷയര്‍പ്പിച്ച് ബാങ്കുകളില്‍ അച്ചടക്കത്തോടെ വരിനിന്ന സാധാരണക്കാരെ വഞ്ചിക്കുന്നതായിരുന്നില്ലേ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയ നടപടി? നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യവും ആദ്യഘട്ടത്തില മാര്‍ഗവും പൂര്‍ണമായും ശരിയാണെന്നത് ഉറപ്പാണ്. എങ്കിലും പിന്നീട് എവിടെയാണ് പിഴച്ചത്? രാജ്യത്തെ സാധാരണക്കാരെ സംബന്ധിച്ച് എത്രമാത്രം തൃപ്തികരമാണ് നടപടികള്‍?

 

ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന കൂലംകഷമായ ചര്‍ച്ച, കേന്ദ്ര സര്‍ക്കാര്‍ 2014 നവംബര്‍ 8ന് പ്രഖ്യാപിച്ച ഡിമോണിറ്റൈസേഷന്‍ അഥവാ നോട്ട് അസാധുവാക്കല്‍ വിജയമോ പരാജയമോ എന്നതാണ്. ചില മതപണ്ഡിതന്മാരും ചില സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരും തമ്മില്‍ വലിയ അന്തരം പ്രകടമാവാഞ്ഞ കാലമായിരുന്നു 1,000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച കാലം. നാലു ചീത്ത നരേന്ദ്ര മോദിക്കെതിരെ പറഞ്ഞില്ലെങ്കില്‍ പുരോഗമനവാദിയാവില്ലെന്ന പേടിയുണ്ടായിരുന്ന വിദഗ്ധര്‍ പലരും കേട്ടപാതി കേള്‍ക്കാത്ത പാതി ചാടിവീണു. വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടില്‍ ലേഖനങ്ങള്‍ അങ്ങു ബ്രിട്ടീഷ് നാട്ടിലെ പത്രമായ ഗാര്‍ഡിയനില്‍ വരെ ചമച്ചു കാശുണ്ടാക്കി കിണ്ണം വാങ്ങി ഫാസിസത്തിന്റെ ആഗമനം കൊട്ടിയറിയിച്ചു. ചിരിക്കാനുള്ള വക, ആ മഹത്തായ ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിനു ശേഷവും ഈ കടുപ്പപ്പെട്ട സാമ്പത്തിക വിദഗ്ധന്‍മാര്‍ക്കൊന്നും ഒരു പോറലുമേറ്റില്ല എന്നതാണ്.

എന്നാലോ പിന്നത്തെ അവസ്ഥയാണ് അതിലും രസം. അന്ന് വിഡ്ഢിത്തം പറഞ്ഞു സൈഡായ സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ ഇന്ന് ആയിരം നാവുള്ള അനന്തന്മാരായി മാറി. പോര, അന്നു കൃത്യമായി ഡിമോണിറ്റൈസേഷനെ അജണ്ടകളില്ലാതെ വിലയിരുത്തിയവര്‍ ഇന്നു മൂകരായി. എന്തായിരിക്കും സംഭവിച്ചത്? കാരണം ഇത്രേയുള്ളൂ. ചില വിപ്ലവകരമായ തീരുമാനങ്ങളുടെ വിത്തില്‍ അതിന്റെ ലക്ഷ്യത്തിന്റെ അന്തകനെ തന്നെ ഒളിച്ചു വെക്കുന്ന ഒരു രീതി നമുക്കുണ്ട്. തേക്കുമരത്തിന്റെ ഇത്തിരിപോന്ന വിത്തില്‍ പ്രകൃതി ഒരു തേക്കിന്‍കാടിനെ തന്നെ ഒളിപ്പിക്കുന്നതുപോലെ. പ്രകൃതിയുടെ ഭാഗമാണെങ്കിലും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വ്യത്യാസം അതാണ്, പ്രകൃതിവിരുദ്ധത.

ഡിമോണിറ്റൈസേഷന്‍ പരാജയപ്പെടുമെന്നു തോന്നിച്ച ആദ്യ സംഭവം രണ്ടായിരം നോട്ടിന്റെ ജനനമായിരുന്നു. പിന്‍വലിച്ച അഞ്ഞൂറിനു പകരം പുതിയ അഞ്ഞൂറും. നോട്ടുപിന്‍വലിച്ചത് ഏതു ലക്ഷ്യത്തിന് വേണ്ടിയായിരുന്നുവോ, ആ ലക്ഷ്യത്തെ ആദ്യം തകര്‍ത്തത് ഈ നടപടികളായിരുന്നു. സാമാന്യബുദ്ധിയില്‍ ആലോചിച്ചാല്‍ വേണ്ടിയിരുന്നത് കൂടുതല്‍ നൂറിന്റെ നോട്ടുകള്‍ ഇറക്കുകയായിരുന്നില്ലേ? നൂറുകൊണ്ടു നടത്താന്‍ പറ്റാവുന്ന ഇടപാടുകള്‍ക്ക് ഒരു പരിധിയുണ്ട്. അതിനു മീതെയുള്ള ഇടപാടുകള്‍ ബാങ്ക് എക്കൗണ്ടുകള്‍ വഴി മാത്രമാവുമായിരുന്ന സാഹചര്യം സ്വാഭാവികമായും ഉണ്ടാവുമായിരുന്നു. പുതിയ രണ്ടായിരവും അഞ്ഞൂറിന്റെ പുത്തനവതാരവും പരാജയപ്പെടുത്തിയത് ആ നല്ല ലക്ഷ്യത്തെയാണ്. പിന്നെയോ, അതിന്റെ ഭാഗമായി വരേണ്ടിയിരുന്ന തുടര്‍നടപടികളും തഥൈവ.

ഇത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും ഡിമോണിറ്റൈസേഷന്‍ മൂലമുണ്ടായ സുതാര്യത, വരുമാന നികുതി അടക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനവ്, ബാങ്ക് എക്കൗണ്ടുകളിലെ വര്‍ധന, നികുതി വരുമാനം, പിന്നെ ക്രമാനുഗതമായി വര്‍ധിച്ച കാഷ്‌ലെസ് ഇടപാടുകള്‍ എല്ലാം ആ തീരുമാനം ശരിയായ ദിശയിലായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു. സമ്പത്ത് സൃഷ്ടിക്കുന്നത് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരല്ല, ചരിത്രം സൃഷ്ടിക്കുന്നത് ചരിത്രകാരന്‍മാരുമല്ല. ഇതു രണ്ടൂം സാധാരണക്കാരുടെ ജന്മദൗത്യങ്ങളാണ്. സാമ്പത്തികമേഖലയിലെ ചരിത്രപരമായ ഒരു നടപടിയായിരുന്നു ഡിമോണിറ്റൈസേഷന്‍. അതു തെറ്റായിരുന്നോ എന്നു ചോദിച്ചാല്‍ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അന്നതു തെറ്റായിരുന്നില്ല. ജനകോടികള്‍ അതിനെ സ്വാഗതം ചെയ്തത് അതു കൊണ്ടുവരാന്‍ പോവുന്ന സുതാര്യത, സര്‍ക്കാരിന്, അതായത് ജനതക്ക് തന്നെ അര്‍ഹമായ നികുതിപ്പണം പിന്നെ കള്ളപ്പണക്കാര്‍ക്കു സ്വാഭാവികമായും അതേല്‍പ്പിക്കുന്ന പ്രഹരം ഒക്കെ കണ്ടിട്ടാണ്.

കള്ളപ്പണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല എന്നു ചിലര്‍ വാദത്തിനുവേണ്ടി വാദിച്ചേക്കാം. ഈ കേരളത്തില്‍ ഡിമോണിറ്റൈസേഷനു മുന്നെയുണ്ടായ ഭൂമിവില്‍പ്പനയുടെ കണക്കും പിന്നീടുണ്ടായതും നോക്കുക. അതുപോലെ സ്വര്‍ണ ഇടപാടുകളും, സര്‍ക്കാരിലേക്കു കിട്ടിയ നികുതിയും. എന്നാല്‍ പിന്നെ എവിടെ വെച്ചു പാളി? നോട്ടുകള്‍ പിന്‍വലിച്ചതിന്റെ മൊത്തം അനന്തരഫലത്തെ സാമാന്യബുദ്ധിയുടെ അരിപ്പയിലിട്ട് ഒന്നു അരിച്ചെടുക്കാന്‍ ഇമ്മിണി ബല്യ സാമ്പത്തിക ശാസ്ത്രമൊന്നും പഠിക്കേണ്ടതില്ല. അന്നു പറഞ്ഞുവന്ന സ്ഥായിയായ ചില ലക്ഷ്യങ്ങള്‍ക്കായുള്ള തുടര്‍നടപടികളാണെങ്കില്‍ പിന്നീട് കണ്ടതുമില്ല. രണ്ടും കൂട്ടിവായിച്ചാല്‍ ഇപ്പോള്‍ തോന്നുക കഷ്ടപ്പെട്ട് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിത ലക്ഷ്യത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാണ്.

ഡിമോണിറ്റൈസേഷന്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍, അതിന്റെ ലാഭവും നഷ്ടവും തൂക്കിനോക്കിയാല്‍, നഷ്ടത്തിന്റെ തട്ട് താഴ്ന്ന് നില്‍ക്കും. നടപ്പാക്കിയ കാലത്ത് അതിനെ അന്ധമായി എതിര്‍ത്തവര്‍ നിരത്തിയ വാദങ്ങളിലെ ശരികൊണ്ടല്ല അത്. നടത്തിപ്പിലെ പിടിപ്പുകേട് കൊണ്ടുമല്ല. നടത്തിപ്പുകാര്‍ തന്നെ ബോധപൂര്‍വ്വമായി ദൗത്യത്തിനു പാര പണിതതാവണം. എന്നാല്‍ വിപ്ലവകരമായ ഈ ദൗത്യത്തിന്റെ പരാജയത്തിന്റെ ഏറ്റവും വലിയ ഗുണം കിട്ടിയത് അന്നു ഡിമോണിറ്റൈസേഷനെ നേരിടാന്‍ പുറപ്പെട്ട ശിക്കാരിശംഭുമാര്‍ക്കാണ്. ചക്കവീണതുകാരണം ശംഭുമാര്‍ വിദഗ്ധന്‍മാരായി വീണ്ടും വിലസുന്നു. ഏറ്റവും വലിയ ദോഷം വന്നുപതിച്ചത് കൃത്യമായി ഡിമോണിറ്റൈസേഷനെ വിലയിരുത്തിയ സാമ്പത്തിക വിദഗ്ധന്‍മാരുടെ തലയിലാണ്. അവര്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമായ തുടര്‍നടപടികളൊന്നും എവിടെയുമെത്താതെ പോയി. സ്വാഭാവികമായും രാഷ്ട്രീയ ലക്ഷ്യങ്ങളോ മറ്റു അജണ്ടകളോ ഇല്ലാത്ത അവര്‍ക്കു മൗനികളാകേണ്ടിയും വന്നു.

സാമ്പത്തിക പരാജയം പല മുഴക്കോലുകളും വെച്ച് പലരും അളക്കുന്നുണ്ട്. സാമൂഹിക പരാജയം ആരെങ്കിലും അളക്കുന്നുണ്ടോ എന്നു നിശ്ചയമില്ല. സാധ്യമാവുമായിരുന്ന ലക്ഷ്യത്തിലേക്കുള്ള തുടര്‍ നടപടികളില്ലാതെ ദൗത്യത്തെ പരാജയപ്പെടുത്തുക വഴി, സര്‍ക്കാരിന്‍ മേലുള്ള ഒരു ജനതയുടെ വിശ്വാസമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഒപ്പം സര്‍ക്കാര്‍ നടപടിയെ കൃത്യമായി വിലയിരുത്തിയ സാമ്പത്തിക വിദഗ്ധന്‍മാര്‍ക്ക് മുഖം നഷ്ടപ്പെട്ടു എന്ന തോന്നലും. ഭാവിയില്‍ സമാനമായ സര്‍ക്കാര്‍ നീക്കങ്ങളെ പിന്തുണയ്ക്കുന്നതിന് മുന്നേ നിഷ്പക്ഷരായി നില്‍ക്കുന്നവര്‍ക്ക് രണ്ടാമതൊന്നാലോചിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ തന്നെ ഉത്സാഹിച്ച് ഉണ്ടാക്കിയിരിക്കുന്നത്.

Comments

comments

Categories: FK Special, Slider

Related Articles