17,000 കോടി രൂപ മൂല്യം നേടാന്‍ ബൈജൂസ്!

17,000 കോടി രൂപ മൂല്യം നേടാന്‍ ബൈജൂസ്!

മലയാളിയുടെ നേതൃത്വത്തിലുള്ള എജുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് 300 മില്ല്യണ്‍ ഡോളര്‍ കൂടി സമാഹരിക്കാനുള്ള ശ്രമത്തില്‍

ബെംഗളൂരു: വേറിട്ട അധ്യാപന രീതിയിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ബൈജൂസ് ഓണ്‍ലൈന്‍ ലേണിംഗ് സ്റ്റാര്‍ട്ടപ്പ് പുതിയ നിക്ഷേപ സമാഹരണത്തിന് തയാറെടുക്കുന്നു. സ്വകാര്യ ഇക്വിറ്റി സംരംഭമായ ജനറല്‍ അറ്റ്‌ലാന്റിക്, സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെമാസെക്ക് ഹോള്‍ഡിംഗ്‌സ് എന്നിവരുമായി നിക്ഷേപസമാഹരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ട്.

200-300 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം സമാഹരിക്കാനാണ് ബൈജൂസ് ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വിജയിച്ചാല്‍ ബൈജൂസിന്റെ മൂല്യം 2.2 ബില്യണ്‍ ഡോളര്‍ മുതല്‍ 2.4 ബില്യണ്‍ ഡോളര്‍ വരെയായി ഉയരും, ഏകദേശം 17,000 കോടി രൂപ വരുമിത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിക്ഷേപ കരാറില്‍ കമ്പനികള്‍ തമ്മില്‍ ധാരണയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നും ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുടെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നിട്ടുള്ള ഒരു സംരംഭം എന്ന നിലയില്‍ തങ്ങളുടെ സ്ഥാനം ഊട്ടിഉറപ്പിക്കാന്‍ ഈ നിക്ഷേപത്തിലൂടെ ബൈജൂസിന് സാധിക്കും.

കമ്പനിയുടെ നിലവിലുള്ള നിക്ഷേപകരില്‍ നിന്നും പുതിയ നിക്ഷേപകരില്‍ നിന്നുമായി 150 മില്യണ്‍ ഡോളറിലധികം നിക്ഷേപം സമാഹരിക്കുന്നതിന് ബൈജൂസ് ചര്‍ച്ച നടത്തുന്നതായി ജൂലൈയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നിക്ഷേപം സമാഹരിക്കുന്നതിന് കമ്പനിക്ക് കഴിയുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സില്‍ നിന്നും 40 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ബൈജൂസ് സമാഹരിച്ചിരുന്നു. ഇതിനുമുന്‍പ് വേള്‍ഇന്‍വെസ്റ്റില്‍ നിന്നും 30 മില്യണ്‍ ഡോളര്‍ നിക്ഷേപവും ബൈജൂസ് സമാഹരിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനെ പോലും ആകര്‍ഷിച്ച ഓണ്‍ലൈന്‍ എജുക്കേഷന്‍ പ്ലാറ്റ്‌ഫോമാണ് കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്റെ ‘ബൈജൂസ്’ ലേണിംഗ് ആപ്പ്. സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സംരംഭക ആശയമാണിത്. നീറ്റ്, കാറ്റ്, ഐഎഎസ് തുടങ്ങി ഇന്ത്യയിലെ മത്സരപരീക്ഷകള്‍ക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ഒരു മൊബീല്‍ ആപ്ലിക്കേഷനാണ് ബൈജൂസ് ആപ്പ്. പ്രധാനമായും നാല് മുതല്‍ 12-ാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ബൈജൂസ് ആപ്പ് പരിശീലനം നല്‍കുന്നത്.

2008ല്‍ പ്രവര്‍ത്തനമാരംഭിച്ചതുമുതല്‍ ടെന്‍സെന്റ്, വേള്‍ഇന്‍വെസ്റ്റ്, ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്, സെക്വോയ കാപിറ്റല്‍, ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ആരിന്‍ കാപിറ്റല്‍ തുടങ്ങിയ നിക്ഷേപകരില്‍ നിന്നുമായി 240 മില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് ബൈജൂസ് സമാഹരിച്ചിട്ടുള്ളത്. അത്ഭുതകരമായ വേഗത്തില്‍ ബിസിനസ് വളര്‍ച്ച കൈവരിച്ച ടെക് സ്റ്റാര്‍ട്ടപ്പായാണ് ബൈജൂസിനെ വിലയിരുത്തുന്നത്. സ്ഥിരമായി ബ്ലൂ-ചിപ് നിക്ഷേപകരെ ആകര്‍ഷിക്കാനാകുന്നു എന്നതും ഈ മലയാളി സ്റ്റാര്‍ട്ടപ്പിന്റെ നേട്ടമാണ്. അന്താരാഷ്ട്ര വിപണികളില്‍ ശക്തമായ സാന്നിധ്യമായി ബൈജൂസ് മാറുമെന്ന് നേരത്തെ ഫ്യൂച്ചര്‍ കേരളയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബൈജു രവീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy