ഓഗസ്റ്റില്‍ സുസുക്കി വളര്‍ന്നത് 31%

ഓഗസ്റ്റില്‍ സുസുക്കി വളര്‍ന്നത് 31%

62,446 മോട്ടോര്‍സൈക്കിളുകള്‍ കമ്പനി കഴിഞ്ഞ മാസം ഇന്ത്യയില്‍ വിറ്റു; സുസുക്കി ആക്‌സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എന്നിവ നായകരായി

 

ന്യൂഡെല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ മികച്ച വില്‍പ്പന വളര്‍ച്ചയുമായി സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ.ജപ്പാനിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ഇന്ത്യന്‍ ഉപകമ്പനി 31 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 62,446 മോട്ടോര്‍സൈക്കിളുകളാണ് കഴിഞ്ഞ മാസം കമ്പനി ഇന്ത്യയില്‍ വിറ്റത്. 2017 ഓഗസ്റ്റില്‍ ആഭ്യന്തര വിപണിയില്‍ 47,745 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരുന്നതെന്ന് സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന വളര്‍ച്ച 41 ശതമാനം വര്‍ധിച്ച് 2,67,888 യൂണിറ്റുകളായി. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 1.90 ലക്ഷം യൂണിറ്റുകളായിരുന്നു.

ഈ വില്‍പ്പന വളര്‍ച്ചയിലേക്ക് മികച്ച സംഭാവന നല്‍കിയത് തങ്ങളുടെ ഫഌഗ്ഷിപ്പ് ബ്രാന്‍ഡായ സുസുക്കി ആക്‌സസ് 125, പുതുതായി അരങ്ങേറ്റം കുറിച്ച ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എന്നിവയാണെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സജീവ് രാജശേഖരന്‍ പറഞ്ഞു. ഓഗസ്റ്റിലെ വില്‍പ്പനയില്‍ 55,000 ത്തില്‍ അധികം യൂണിറ്റുകളാണ് ഇവ രണ്ടും സംഭാവന ചെയ്തത്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മൊത്തത്തിലുള്ള വില്‍പ്പന (ആഭ്യന്തരം,കയറ്റുമതി) 34 ശതമാനം വളര്‍ന്ന് 2,98,975 യൂണിറ്റുകളിലെത്തി. മുന്‍വര്‍ഷം സമാന കാലയളവിലിത് 2,23,552 യൂണിറ്റുകളായിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 7,00,000 യൂണിറ്റുകളുടെ വാര്‍ഷിക വില്‍പ്പനയാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy
Tags: Suzuki