വിപ്രോയ്ക്ക് 10,500 കോടിയുടെ വമ്പന്‍ കരാര്‍

വിപ്രോയ്ക്ക് 10,500 കോടിയുടെ വമ്പന്‍ കരാര്‍

ഐടി ഭീമന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കയറ്റുമതി കമ്പനിയായ വിപ്രോയ്ക്ക് 10,500 കോടി രൂപയുടെ ഭീമന്‍ കരാര്‍ ലഭിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അലൈറ്റ് സൊലൂഷന്‍സ് എല്‍എല്‍സിയില്‍ നിന്നാണ് ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള കരാര്‍ ലഭിച്ചതെന്ന് വിപ്രോ ഞായറാഴ്ച്ച വ്യക്തമാക്കി.

കരാര്‍ പൂര്‍ത്തിയാകുന്നതോടു കൂടി തങ്ങള്‍ക്ക് 1.5-1.6 ബില്ല്യണ്‍ ഡോളറിന്റെ വരുമാനം ലഭിക്കുമെന്ന് വിപ്രോ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിപ്രോ അലൈറ്റ് സൊലൂഷന്‍സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. 117 മില്ല്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്.

ഐടി കമ്പനികള്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരത്തില്‍ വലിയ ഓര്‍ഡര്‍ നേടാന്‍ സാധിച്ചത് വിപ്രോയുടെ ആത്മവിശ്വാസം ഉയര്‍ത്തും. ടിസിഎസിനെ പോലെ വലിയ ഇടപാടുകള്‍ നേടുന്നതിന് വിപ്രോയ്ക്കും ശേഷിയുണ്ടെന്നതിന് ഉദാഹരണമായി പുതിയ കരാറിനെ പലരും വിലയിരുത്തുന്നുണ്ട്. 2017 ഡിസംബറിന് ശേഷം മൊത്തത്തില്‍ 5 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന മൂന്ന് വലിയ കരാറുകളാണ് ടിസിഎസ് നേടിയത്. 2016ല്‍ വിപ്രോയുടെ സാരഥ്യം ഏറ്റെടുത്ത ആബിദ് അലി നീമുച്‌വാലയെ സംബന്ധിച്ചും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ ഡീല്‍. പുതിയ തരത്തിലുള്ള ഡിജിറ്റല്‍ അനുഭവങ്ങള്‍ ആഗോളതലത്തിലുള്ള കമ്പനികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് അലൈറ്റുമായുള്ള പങ്കാളിത്തമെന്ന് വിപ്രോ ചീഫ് എക്‌സിക്യൂട്ടിവായ ആബിദലി വ്യക്തമാക്കി.

സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തില്‍ 2.01-2.05 ബില്ല്യണ്‍ ഡോളര്‍ വരുമാനം നേടാന്‍ സാധിക്കുമെന്നാണ് വിപ്രോ പ്രതീക്ഷിക്കുന്നത്. വിപ്രോയുടെ ഓഹരിവിലയില്‍ ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണ് വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയത്.

Comments

comments

Categories: Business & Economy
Tags: Wipro