വിമല്‍ സുംബ്ലി റോയല്‍ എന്‍ഫീല്‍ഡില്‍

വിമല്‍ സുംബ്ലി റോയല്‍ എന്‍ഫീല്‍ഡില്‍

ട്രയംഫ് ഇന്ത്യ മുന്‍ എംഡി വിമല്‍ സുംബ്ലി റോയല്‍ എന്‍ഫീല്‍ഡിന്റെ ഏഷ്യ പസിഫിക് മേധാവി

ന്യൂഡെല്‍ഹി : ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ വിമല്‍ സുംബ്ലി റോയല്‍ എന്‍ഫീല്‍ഡില്‍ ചേര്‍ന്നു. ഏഷ്യ പസിഫിക് മേധാവിയായാണ് നിയമനം. ഗുരുഗ്രാമില്‍ പ്രവര്‍ത്തിച്ചശേഷമായിരിക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ ഏഷ്യ പസിഫിക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി തായ്‌ലാന്‍ഡിലേക്ക് പോകുന്നത്.

2013 ല്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ മാനേജിംഗ് ഡയറക്റ്ററായിരുന്നു വിമല്‍ സുംബ്ലി. ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര വാഹന നിര്‍മ്മാതാക്കളിലൊന്നായി ട്രയംഫിനെ വളര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇതിനുമുമ്പ് ബജാജ് ഓട്ടോയുടെ ഉന്നത മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കവേ കെടിഎം, പ്രോബൈക്കിംഗ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തു.

ആഗോള പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ തലയെടുപ്പുള്ള ബ്രാന്‍ഡായി മാറുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. സ്റ്റാര്‍ട്ട് സ്‌പോര്‍ട്‌സിന്റെ സുധാംശു, ട്രയംഫ് യുകെയുടെ മുന്‍ ഡിസൈന്‍ മേധാവി സൈമണ്‍ വാര്‍ബര്‍ട്ടണ്‍ എന്നിവര്‍ നേരത്തെ റോയല്‍ എന്‍ഫീല്‍ഡില്‍ ചേര്‍ന്നിരുന്നു. സുധാംശു റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്രാന്‍ഡിംഗ് മേധാവിയും സൈമണ്‍ വാര്‍ബര്‍ട്ടണ്‍ ഉല്‍പ്പന്ന വികസന മേധാവിയുമാകും.

ഏഷ്യ പസിഫിക് മേഖലയിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കുക എന്നതായിരിക്കും സുംബ്ലി നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികളിലൊന്ന്. ട്രയംഫ്, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നിവയുമായി മത്സരിക്കാന്‍ പാകത്തില്‍ ബ്രാന്‍ഡ് നാമം വളര്‍ത്തിക്കൊണ്ടുവരികയും വേണം. നിലവില്‍ തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യന്‍ വിപണികളിലാണ് റോയല്‍ എന്‍ഫീല്‍ഡിന് സാന്നിധ്യമുള്ളത്.

തെക്കുകിഴക്കനേഷ്യയില്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡിന്റെ പരിഗണനയിലുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ഇരട്ടകളുടെ (ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി) ആഗോള ലോഞ്ച് ഈ മാസം ഉണ്ടാകും. ഇന്ത്യയില്‍ ഈ വര്‍ഷം നവംബറില്‍ പുറത്തിറക്കും.

Comments

comments

Categories: Auto