ഓഗസ്റ്റില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 300 മില്യണ്‍ കടന്നു

ഓഗസ്റ്റില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 300 മില്യണ്‍ കടന്നു

ഇതാദ്യമായാണ് യുപിഐ ഇടപാടുകള്‍ 300 മില്യണ്‍ കടക്കുന്നതെന്ന് എന്‍പിസിഐ

ന്യൂഡെല്‍ഹി: യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം ഉപയോഗിച്ച് നടത്തുന്ന പ്രതിമാസ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം ഓഗസ്റ്റില്‍ 300 മില്യണ്‍ കടന്നതായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഇതാദ്യമായാണ് യുപിഐ ഇടപാടുകള്‍ 300 മില്യണ്‍ കടക്കുന്നതെന്നും എന്‍പിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

മൊത്തം 54,212.26 കോടി രൂപ മൂല്യം വരുന്ന 312.02 മില്യണ്‍ യുപിഐ ഇടപാടുകളാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിട്ടുള്ളത്. ഇടപാടുകളുടെ മൂല്യത്തില്‍ ഇക്കാലയളവില്‍ 14 ശതമാനം വര്‍ധനയുണ്ടായി. ജൂലൈയില്‍ മൊത്തം 51,843.14 കോടി രൂപ മൂല്യം വരുന്ന 273.75 മില്യണ്‍ യുപിഐ ഇടപാടുകള്‍ നടന്ന സ്ഥാനത്താണിത്. ഒരേ എക്കൗണ്ടില്‍ നിന്നും നടന്നിട്ടുള്ള ഡെബിറ്റ്, ക്രെഡിറ്റ് ഇടപാടുകള്‍ ഉള്‍പ്പെടുത്താതെയുള്ള കണക്കുകളാണ് ഓഗസ്റ്റിലേതെന്നും എന്‍പിസിഐ തങ്ങളുടെ വൈബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ യുപിഐ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഒരേ എക്കൗണ്ടില്‍ നിന്നും നടത്തുന്ന ഡെബിറ്റ്/ക്രെഡിറ്റ് ഇടപാടുകള്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ നിരോധനമേര്‍പ്പെടുത്തണമെന്ന് എന്‍പിസിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. വ്യാജ ഇടപാടുകള്‍ തടയുന്നതിനും ഫിന്‍ടെക് കമ്പനികളെ നിയന്ത്രിക്കുന്നതിനുമായാണ് എന്‍പിസിഐ ഇത്തരം ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഭീം, ഗൂഗിള്‍ പേ പോലുള്ള വിവിധ യുപിഐ പേമന്റെ് ആപ്ലിക്കേഷനുകള്‍ നല്‍കുന്ന കാഷ് ബാക്ക് ഓഫറുകള്‍ക്കായി ഉപയോക്താക്കള്‍ ഒരേ എക്കൗണ്ടില്‍ നിന്നുതന്നെ ഡെബിറ്റ്/ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.

ഓഗസ്റ്റ് ആദ്യം യുപിഐയുടെ അപ്‌ഗ്രേഡഡ് പതിപ്പും എന്‍പിസിഐ അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ ഒഡി (ഓവര്‍ ഡ്രാഫ്റ്റ്) എക്കൗണ്ടുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നതിനടക്കമുള്ള സൗകര്യങ്ങള്‍ പുതിയ യുപിഐ പതിപ്പായ യുപിഐ 2.0യില്‍ ഉണ്ട്. ഭീം യുപിഐ ഉപയോക്താക്കളുടെ എണ്ണം പ്രതിമാസം വര്‍ധിച്ചുവരുന്നതായി ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ഓഗസ്റ്റ് കണക്ക് പ്രകാരം ജൂലൈ മാസത്തെ അപേക്ഷിച്ച് ഭീം യുപിഐ ഇടപാടുകളുടെ മൂല്യത്തില്‍ 18 ശതമാനത്തിന്റെയും ഭീം യുപിഐ ഇടപാടുകളുടെ 32.7 ശതമാനത്തിന്റെയും വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊത്തം 6,872.57 കോടി രൂപയുടെ 16.5 മില്യണ്‍ ഭീം യുപിഐ ഇടപാടുകളാണ് ഓഗസ്റ്റില്‍ നടന്നത്. 2016 ഡിസംബര്‍ 30ന് ഭീം ആപ്പ് അവതരിപ്പിച്ചതോടെയാണ് യുപിഐ സംവിധാനം ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന കണ്ടുതുടങ്ങിയതെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രതിമാസ യുപിഐ ഇടപാടുകളുടെ എണ്ണം ഏകദേശം 2000 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും എന്‍പിസിഐ കണക്കുകള്‍ പറയുന്നു. 2016 ഓഗസ്റ്റില്‍ 21 ബാങ്കുകളുമായി സഹകരിച്ചാണ് രാജ്യത്ത് യുപിഐ സംവിധാനം ആരംഭിച്ചത്. നിലവില്‍ 114 ബാങ്കുള്‍ യുപിഐയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy